Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരവിളക്കിനായി ശബരിമല നട തുറന്നു; അയ്യനെ തൊഴാൻ ഭക്തജന പ്രവാഹം

sabarimala-reopens മകരവിളക്ക് ഉത്സവത്തിനായി മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശബരിമല ക്ഷേത്രനട തുറക്കുന്നു.

ശബരിമല ∙ മകരവിളക്കു തീർഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണു നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാൻ അനുവദിച്ചു. വൻ തിരക്കിനെത്തുടർന്ന് പമ്പയിൽ തീർഥാടകരെ തടഞ്ഞു പതിയെയാണു കയറ്റിവിടുന്നത്. അതേസമയം, ശബരിമലയിൽ നിരോധനാജ്ഞ ജനുവരി അഞ്ചു വരെ നീട്ടി.

നിലയ്ക്കലിലും പമ്പയിലും തടഞ്ഞിട്ടുള്ള തീർഥാടകരെ ഇന്ന് 12 മുതൽ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടുതുടങ്ങി. മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ആരംഭിക്കും. എരുമേലി പേട്ടതുള്ളൽ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. 13നു പമ്പ വിളക്കും പമ്പാസദ്യയും നടക്കും. 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്നു മകരജ്യോതി ദർശനവും.

18നു രാവിലെ 10 വരെയാണു തീർഥാടന കാലത്തെ നെയ്യഭിഷേകം. തുടർന്നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം. 19ന് വൈകിട്ട് ദീപാരാധന വരെ മാത്രമേ തീർഥാടകർക്കു ദർശനം നടത്താനാകൂ. അന്നു രാത്രിയിൽ മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 7ന് തീർഥാടനത്തിനു സമാപനം കുറിച്ച് നട അടയ്ക്കും.

മകരവിളക്ക് തീർഥാടനത്തിനു വിപുലമായ ഒരുക്കങ്ങൾ

മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങളാണ് സന്നിധാനത്ത് എവിടെയും. മണ്ഡലകാലത്ത് എത്തിയതിനേക്കാൾ കൂടുതൽ തീർഥാടകർ മകരവിളക്കു കാലത്ത് എത്തുന്നതിനാൽ ഒരുക്കങ്ങളിൽ വീഴ്ചയുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും. നട തുറന്ന ശേഷം ട്രാക്ടറുകൾക്ക് നിയന്ത്രണം ഉണ്ട്. അതിനാൽ അപ്പവും അരവണയും തയാറാക്കാനുള്ള ശർക്കര, അരി, അന്നദാനത്തിനുളള സാധനങ്ങൾ എന്നിവ നട തുറക്കുന്നതിനു മുമ്പ് എത്തിക്കാനുളള തിരക്കിലാണ് ദേവസ്വം ബോർഡ്. അതുപോലെ ഹോട്ടലുകളിലും മറ്റു സ്റ്റാളുകളിലും വിൽപനയ്ക്കുള്ള സാധനങ്ങൾ എത്തിക്കാൻ കച്ചവടക്കാരും തിരക്കിലാണ്.

വലിയ നടപ്പന്തലിലെ ജലവിതരണ പൈപ്പിന്റെ ചോർച്ച പരിഹരിച്ചു. വിവിധ ഭാഗങ്ങളിലെ ജലവിതരണ സംവിധാനങ്ങളും പരിശോധിച്ചു. കെഎസ്ഇബി യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണത്തിലെ ന്യൂനതകൾ പരിഹരിച്ചു. ദേവസ്വം മരാമത്ത് വിഭാഗം വലിയ നടപ്പന്തലിലെ ഫാനുകൾ അഴിച്ച് തകരാറുകൾ പരിഹരിച്ചു. കേടായ ലൈറ്റുകൾ മാറ്റിസ്ഥാപിച്ചു. സന്നിധാനം വലിയ നടപ്പന്തലിൽ അറിയിപ്പ് നൽകാൻ ഡിജിറ്റൽ ഡിസ്‌പ്ലേയും സ്ഥാപിച്ചിട്ടുണ്ട്. അരവണ, അപ്പം എന്നിവ തയാറാക്കി ഡപ്പികളിൽ നിറച്ച് കരുതൽ ശേഖരം വർധിപ്പിച്ചു. കൊപ്രാക്കളത്തിന്റെ പ്രവർത്തനവും പൂർണ സജ്ജമാണ്.

300 വിശുദ്ധി സേനാംഗങ്ങൾ സന്നിധാനവും പരിസരവും ശുചിയാക്കി. തുടർച്ചയായ രണ്ടാം ദിവസവും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശുചീകരണ യജ്ഞം നടന്നു. വിശുദ്ധി സേനയ്ക്കു പുറമേ പൊലീസ്, കേന്ദ്ര സേനാംഗങ്ങൾ എന്നിവരും ഇതിൽ പങ്കാളികളായി. തൂത്തുവാരിയ മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ എത്തിച്ച് കത്തിക്കുന്ന തിരക്കാണിപ്പോൾ. കെട്ടിക്കിടന്ന മലിനജലം ഒഴുക്കിക്കളഞ്ഞ് ഓടകൾ വൃത്തിയാക്കി. കൊതുകു നിവാരണ പ്രവർത്തനങ്ങളും നടന്നു.