Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം നിര്‍മാണ അഴിമതി: റിപ്പോര്‍ട്ട് ഇന്ന്; നിഗമനങ്ങൾ തൽക്കാലം പുറത്തുവിട്ടേക്കില്ല

Vizhinjam Port

കൊച്ചി∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഇന്നു സർക്കാരിനു റിപ്പോർട്ട് നൽകും. വൈകിട്ട് 4ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിക്കും. മുൻ തുറമുഖ വകുപ്പ് സെക്രട്ടറി കെ. മോഹൻദാസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽനിന്നു വിരമിച്ച പി.ജെ. മാത്യു എന്നിവരാണു കമ്മിഷൻ അംഗങ്ങൾ.

വിഴിഞ്ഞം തുറമുഖ നിർമാണ കരാർ സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി വച്ചതായുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടാണു കമ്മിഷൻ പ്രധാനമായും പരിശോധിച്ചത്. കരാറിനെതിരെ ലേഖനങ്ങളെഴുതിയ അംഗം സിഎജി പരിശോധന സമിതിയിൽ ഉൾപ്പെട്ടതിനെ കമ്മിഷൻ നേരത്തെ വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ഉള്ള അന്തിമ നിരീക്ഷണവും നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണു സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വർഗീസ്, വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതർ, പിസി ജോർജ് എംഎൽഎ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ എന്നിവരും കമ്മിഷനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

സിഎജി റിപ്പോർട്ട് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്നതിനാൽ ജുഡീഷ്യൽ കമ്മിഷൻ നിഗമനങ്ങൾ സർക്കാർ തൽക്കാലം പുറത്തുവിടാൻ സാധ്യതയില്ല. എന്നാൽ ജുഡീഷ്യൽ കമ്മിഷൻ തന്നെ പിരിച്ചുവിട്ടു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചിട്ടുള്ളതു സർക്കാരിനു തലവേദനയാകും. കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ചശേഷം ഹർജി പരിഗണിക്കാനാണു ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. അതിനാൽ കമ്മിഷൻ നിഗമനങ്ങൾ ഹൈക്കോടതിയിൽ എങ്കിലും സർക്കാരിനു വ്യക്തമാക്കേണ്ടിവരും.