Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്‍ല: മസ്ക് ചെയർമാൻ സ്ഥാനം ഒഴിയും

elon-musk1

സാൻഫ്രാ‍സിസ്കോ∙ നിക്ഷേപകരെ തെറ്റിധരിപ്പിച്ചതു സംബന്ധിച്ച കേസ് ഒത്തുതീർപ്പാക്കുന്നതിന് 4 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയും ഉടമ ഇലോൺ മസ്കും. കമ്പനിയുടെ ചെയർമാനും സിഇഒയുമായ മസ്കിന് ഒത്തുതീർപ്പനുസരിച്ച് 3 വർഷത്തോളം ചെയർമാൻ സ്ഥാനം ഒഴിയേണ്ടിവരും. എന്നാൽ, സിഇഒ ആയി തുടരാം. ഇക്കാലയളവിൽ ടെസ്‍ല സ്വതന്ത്ര ചെയർമാനെ നിയോഗിക്കണം.

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) ആണ് ഒത്തുതീർപ്പു നടപടികൾ പ്രഖ്യാപിച്ചത്. 2 കോടി ഡോളർ ടെസ്‍ലയും 2 കോടി മസ്ക് സ്വന്തം നിലയ്ക്കും നൽകണം. കമ്പനിക്കെതിരെ എസ്ഇസി കേസ് ഫയൽ ചെയ്ത വെള്ളിയാഴ്ച ടെസ്‍ലയുടെ ഓഹരിമൂല്യം 14 % ഇ‍ടിഞ്ഞിരുന്നു. ഈ തകർച്ചയാണ് ഒത്തുതീർപ്പിലേക്ക് മസ്കിനെ നയിച്ചത്. നേരത്തെ തയാറല്ലെന്നായിരുന്നു നിലപാട്.

ടെസ്‍ലയെ ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി നേടിയെന്ന ഓഗസ്റ്റ് ഏഴിലെ ട്വീറ്റാണ് മസ്കിനെ കുടുക്കിയത്. ഇതുണ്ടാക്കിയ ആശയക്കുഴപ്പം ഓഹരിയുടമകൾക്ക് വൻ നഷ്ടമുണ്ടാക്കി. ഏറ്റെടുക്കാനാവശ്യമായ തുക സമാഹരിക്കാൻ മസ്കിനു കഴിഞ്ഞിട്ടില്ലെന്നും ട്വീറ്റ് നിക്ഷേപകരെ കബളിപ്പിക്കുന്നതാണെന്നുമായിരുന്നു എസ്ഇസിയുടെ കേസ്.