Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കിൾ’ ചുഴലിക്കാറ്റ്: ഫ്ലോറിഡയിൽ വൻനാശം

hurricane-michael മൈക്കിൾ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ ആഞ്ഞടിച്ചപ്പോൾ തകർന്ന വീട്.

പാനമ സിറ്റി (യുഎസ്) ∙ ‘മൈക്കിൾ’ ചുഴലിക്കൊടുങ്കാറ്റിൽ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറൻ തീരത്തു വ്യാപക നാശം. 2 മരണം. മണിക്കൂറിൽ 250 കിലോമീറ്ററിലേറെ വേഗമുള്ള ‘കാറ്റഗറി 4 വിഭാഗം’ അതിതീവ്ര ചുഴലിക്കാറ്റായാണു മൈക്കിൾ ഫ്ലോറിഡ തീരത്തെത്തിയത്. പിന്നീടു ജോർജിയയിലേക്കും തെക്കൻ അലബാമയിലേക്കും നീങ്ങിയെങ്കിലും ശക്തി കുറഞ്ഞു കാറ്റഗറി ഒന്നിലെത്തിയിട്ടുണ്ട്. ഫ്ലോറിഡയിൽ 80 വർഷത്തിനിടെ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണിത്. കഴിഞ്ഞ ദിവസം 3 തീര സംസ്ഥാനങ്ങളിൽ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിച്ചിരുന്നു.

ഇന്നലെ പുലർച്ചെയോടെ പാനമ സിറ്റിയിൽനിന്നു 32 കിലോമീറ്റർ അകലെ മെക്സിക്കോ ബീച്ചിലായിരുന്നു മൈക്കിളിന്റെ കരപ്രവേശം. ശക്തമായ മഴയും കൊടുങ്കാറ്റും 3 മണിക്കൂറോളം ഫ്ലോറിഡ തീരത്തെ വിറപ്പിച്ചു. മരം വീണും വീടു തകർന്നുമാണു 2 പേർ മരിച്ചത്. കാറ്റിൽ ഒട്ടേറെ വീടുകളും മരങ്ങളും നിലംപൊത്തി. തെരുവുകളും വീടുകളും പ്രളയത്തിൽ മുങ്ങി. വൈദ്യുതി ലൈനുകൾ തകർന്നതോടെ 7 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു.