Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖറോവ് പുരസ്കാരം റഷ്യ തടവിലാക്കിയ എലഗ് സെൻസോവിന്

Oleg-Sentsov എലഗ് സെൻസോവ്

ബ്രസൽസ്∙ സ്വതന്ത്രചിന്തയ്ക്കുള്ള യൂറോപ്യൻ യൂണിയന്റെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം (43 ലക്ഷം രൂപ) റഷ്യ ജയിലിലടച്ച യുക്രെയ്ൻ സിനിമാസംവിധായകൻ എലഗ് സെൻസോവിന്. യുക്രെയ്നിലെ ക്രീമിയ റഷ്യ കയ്യടക്കിയതിനെതിരെ കലാപം ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണ് സെൻസോവിനെ (42) 20 വർഷത്തേക്ക് ജയിലിലടച്ചത്. പുരസ്കാരത്തിനു പിന്നിൽ രാഷ്ട്രീയമാണെന്നു റഷ്യ ആരോപിച്ചു. എന്തു സംഭാവനയാണ് മനുഷ്യാവകാശത്തിനു ഇദ്ദേഹം നൽകിയതെന്നു മനസ്സിലാകുന്നില്ലെന്ന് റഷ്യയുടെ വക്താവ് പറഞ്ഞു.

യുക്രെയ്ൻ തടവുകാരുടെ മോചനം ആവശ്യപ്പെട്ടു 145 ദിവസം സെൻസോവ് ജയിലിൽ നിരാഹാരം കിടന്നിരുന്നു. സെൻസോവിനെ പോലെ 20 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന മൊറോക്കോയിലെ പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ നാസർ സെഫ്സാഫി, മെഡിറ്ററേനിയൻ അഭയാർഥികളെ രക്ഷിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ട 11 സന്നദ്ധസംഘടനകൾ എന്നിവ പുരസ്കാരത്തിന്റെ അവസാനറൗണ്ടിലെത്തി.

സഖറോവ് പുരസ്കാരം

മനുഷ്യാവകാശങ്ങൾക്കും ചിന്താസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കാനായി സോവിയറ്റ് വിമതനും ശാസ്ത്രജ്‌ഞനുമായ ആന്ദ്രേ സഖറോവിന്റെ പേരിൽ യൂറോപ്യൻ പാർലമെന്റ് 1988ൽ ആരംഭിച്ചതാണ് സഖറോവ് പുരസ്കാരം. അസഹിഷ്ണുതയ്ക്കും മതതീവ്രവാദത്തിനുമെതിരെ പോരാടുന്ന വ്യക്തികൾക്ക് നൽകുന്നു.