Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോ മതിലിൽ തട്ടി യുഎസിൽ ഭാഗിക ഭരണസ്തംഭനം

Germany Campaign 2016 Trump

വാഷിങ്ടൻ∙ യുഎസ് ഫെഡറൽ സർക്കാരിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കി ഭാഗികമായ ഭരണസ്തംഭനം. മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാനാവശ്യമായ 500 കോടി ഡോളർ യുഎസ് പാർലമെന്റിൽ പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണിത്. ഈ വർഷം ഇതു 3–ാം വട്ടമാണു വിവിധ വകുപ്പുകളിൽ പ്രവർത്തനച്ചെലവിനുള്ള പണം അനുവദിക്കാതെ ഭരണസ്തംഭനം.

ഒരു വർഷത്തിനിടെ 2 വട്ടം ഭരണസ്തംഭനം കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമാണെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാർക്കു ശമ്പളം ഉറപ്പാക്കി ഭരണസ്തംഭനം ഒഴിവാക്കാനുള്ള ബിൽ സെനറ്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധി സഭയിൽ പ്രതിപക്ഷം ഒത്തുതീർപ്പിനു വഴങ്ങാൻ വിസമ്മതിച്ചതോടെ പ്രതിസന്ധിയായി. ആഭ്യന്തര സുരക്ഷ, നീതിന്യായം, ഭവന–നഗര വികസനം തുടങ്ങിയ വകുപ്പുകളാണ് ഫണ്ടില്ലാതെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുക. യുഎസ് ബഹികാരാശ ഏജൻസിയായ നാസയിലെ ജീവനക്കാർക്കും ശമ്പളം വൈകും.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറെദ് കഷ്നർ, ബജറ്റ് ഡയറക്ടർ മിക് മൾവനി എന്നിവർ മുൻകയ്യെടുത്തു ഭരണകേന്ദ്രമായ കാപ്പിറ്റോൾ ഹില്ലിൽ മാരത്തോൺ ചർച്ചകൾ നടത്തിയതിന്റെ ഫലമായിട്ടായിരുന്നു സെനറ്റ് നിലപാട് അയഞ്ഞത്. മെക്സിക്കോ മതിൽ ഫണ്ടായ 500 കോടി ഡോളർ ഒഴിച്ച് ബാക്കിയുള്ള ചെലവുകൾക്കാണു സെനറ്റ് അംഗീകാരം നൽകിയത്.