Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കലും കടംവീട്ടാനാവാത്ത സ്നേഹം പകർന്നു തന്നവർ

Niju Ann Philip പ്രസവമുറിയിൽ വേദനകൊണ്ടു പുളയുമ്പോൾ മണിക്കൂറുകളോളം കൂട്ടിരുന്ന്, ഞെരിക്കാൻ കൈ നീട്ടി തന്നവൾ -സുമി. പതിരാത്രിക്കുപോലും വിളിച്ചാൽ ഉണർന്ന് ഒപ്പം കൂട്ടിരിക്കുന്നവൾ...

ആരൊക്കെയാണ് എന്നെ ഞാനാക്കിയത്? ആരാണ് മനസിന്റെ ഇരുളകറ്റിയത്? ആരാണ് കരയാൻ ചുമലു ചായ്ച്ചു തരുന്നത്? ആരാണ് കണ്ണീരൊപ്പാൻ കൈലേസ് നീട്ടുന്നത്?ആരാണ് ചേർത്തു നിർത്തി തോളിൽ തട്ടുന്നത്?ആരാണ് ചിരി പങ്കിടുന്നത്?ആരാണ് "ഒറ്റയ്ക്കല്ല ഞാനുണ്ട് കൂടെയെന്ന്" എപ്പോഴും കാതിൽ മൊഴിയുന്നത്?സ്നേഹിച്ചു സ്‌നേഹിച്ചെന്നെ വിസ്മയിപ്പിക്കുന്നത്?

കുട്ടിക്കാല കൂതൂഹലങ്ങളിൽ ഏറെ പ്രിയപ്പെട്ട പതിനാലുപേർ. ഒറ്റക്കെട്ടായി നാലാം തരം വരെ ഒന്നിച്ചു പഠിച്ചവർ. അവരിൽ പലരും വല്ലപ്പോഴുമെങ്കിലും ഓടി വന്ന് ഇൻബോക്സിൽ കുശലം ചോദിക്കുന്നു. കല്യാണം വിളിക്കുന്നു. സങ്കടം പറയുന്നു. സന്തോഷം പങ്കിടുന്നു. സ്കൂളിലും കോളജിലുമായി ഓരോ കാലഘട്ടത്തിലും കൂട്ടുകാരുടെ എണ്ണം കൂടി വന്നു.

ഇരുട്ടുതളം കെട്ടിയ ഹോസ്റ്റൽ മുറിയിൽ കരഞ്ഞു തളർന്ന്, സകലതും നഷ്ടപ്പെട്ട് സ്ഥിര ബുദ്ധി പോലും നഷ്ടപ്പെട്ട സമയത്തു താങ്ങി എഴുന്നേൽപ്പിച്ച പ്രിയപ്പെട്ടവർ. ഏറ്റവും തകർന്ന നേരത്ത് ഏറ്റവും വലിയ സാന്ത്വനം അവരുടേതായിരുന്നു. വീട്ടിൽ നിന്നും ഒരുപാടുദൂരെ,തുറന്നു പറയുന്നത് കേൾക്കാൻ അന്ന് ഒരു കാതില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ജീവിതം തന്നെ തകർന്നു പോയേനെ.

ഉച്ചയ്ക്ക് പൊതിപ്പാത്രത്തിലേക്ക് നീളുന്ന ഒരു കൂട്ടം കൈകൾ പഠിപ്പിച്ചു തന്ന പങ്കു വെയ്ക്കലിന്റെ പാഠങ്ങൾ ഏതേതു പാഠപുസ്തകങ്ങൾ പഠിപ്പിക്കാനാണ്! വെള്ളപ്പൊക്കത്തിൽ നമ്മൾ കെട്ടിയിറക്കിയ ചങ്ങാടങ്ങളിൽ,മീനച്ചൂടിൽ എരിയുന്ന വെയിലിൽ നമ്മൾ തേടിയിറങ്ങിയ മാങ്ങാമധുരങ്ങളിൽ നാം എത്ര വട്ടം നമ്മെ കണ്ടെത്തി. നടന്നും ഓടിയും നാം കണ്ടു തീർത്ത എത്രയെത്ര സ്ഥലങ്ങൾ, കേറി മറിഞ്ഞ കാടും മേടും പാഞ്ഞു കയറിയ കുന്നുമ്പുറങ്ങൾ, നെറുകയിൽ ഏറ്റുവാങ്ങിയ മഴകൾ എല്ലാം സൗഹൃദങ്ങളുടെ ആഘോഷമായിരുന്നു.

ഒന്നിച്ചു പള്ളിയിൽ പോയ കുട്ടിക്കൂട്ടങ്ങൾ,ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കഥ പറഞ്ഞു വയൽവരമ്പുകളിലൂടെ തുള്ളി നടക്കാൻ വന്ന സണ്‍ഡേസ്കൂൾ കൂട്ടുകാർ, കിലോ മീറ്ററുകൾ താണ്ടി സ്കൂളിലേക്ക് നടക്കുമ്പോൾ പാണനില പിടിച്ചു കെട്ടിയും കണ്ണിൽ തുള്ളി ഒഴിച്ചും ഒറ്റ മൈനയെ കാണുമ്പോൾ കണ്ണു പൊത്തിയും, ഇരട്ട മൈനയെ കാട്ടിതന്നും കൂട്ടു വന്ന നല്ല കൂട്ടുകാർ.

ഇവരെല്ലാം എന്റെ പ്രിയപ്പെട്ടവർ, എന്നാൽ എന്റെ പ്രാണന്റെ പാതിയായവൾ. നിരന്തരം എന്റെ കൂടെ നിന്ന്‌ എന്നെ പ്രചോദിപ്പിക്കുന്ന, എന്റെ കല്യാണത്തിന് ദിവസങ്ങളോളം ലീവെടുത്തു ഒപ്പം നിന്ന സ്നേഹം. പ്രസവമുറിയിൽ വേദനകൊണ്ടു പുളയുമ്പോൾ മണിക്കൂറുകളോളം കൂട്ടിരുന്ന്, ഞെരിക്കാൻ കൈ നീട്ടി തന്നവൾ -സുമി. പതിരാത്രിക്കുപോലും വിളിച്ചാൽ ഉണർന്ന് ഒപ്പം കൂട്ടിരിക്കുന്നവൾ, ഒരു വ്യാഴവട്ടക്കാലത്തെ സൗഹൃദം

ഒപ്പം എന്നെ വിസ്മയിപ്പിക്കുന്ന മറ്റൊരു കൂട്ടുകാരിയുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിനു വരുന്ന ഒരു മിടുക്കി. കനലെരിയുന്ന വഴികളാണ് അവൾക്കു മുന്നിലുള്ളത്. സ്വന്തം വീടിനുള്ളിൽ പോലും മിണ്ടാൻ ആരും തയാറാവാത്ത സാഹചര്യത്തിൽ നിന്നും ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസിനു വിധേയയാകേണ്ടതുണ്ട്. നിറഞ്ഞ ചിരിയോടെ കയറി വന്ന് ബെഡിൽ കിടന്നു ഡയാലിസിസിനു ശേഷം ഫിസ്റ്റുല ബാൻഡേജിന് മുകളിലേക്ക് കുർത്ത വലിച്ചിട്ട് കൂസലില്ലാതെ ജോലിക്കായി ഇറങ്ങിപ്പോകുന്നവൾ. പരിചയപ്പെടുന്നവരുടെ ചുണ്ടിൽ ഒരു ചിരി പകർന്നു കൊടുക്കുന്ന പൂമ്പാറ്റ, ആത്മവിശ്വാസത്തിന്റെ പ്രതിരൂപം.

                                               

ഇനിയൊന്നുകൂടി, മുഖപുസ്തകത്തിൽ നിന്നു കിട്ടിയ കുറച്ചു ചങ്ക് പെണ്ണുങ്ങളുണ്ട്. അവരോടു പറയാത്ത രഹസ്യങ്ങളില്ല, അവിടെ ഞങ്ങൾ ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല, ഒരേ മനസുഉള്ളവർ, ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ.

പരസ്പരം  ചേർത്തുപിടിക്കുന്ന സൗഹൃദങ്ങൾ കൊണ്ടു സമ്പന്നയാണ് ഞാൻ. ഓർക്കാപ്പുറത്തു വന്നു ചേരുന്നവ, ജനിച്ചപ്പോൾ മുതൽ കൂടെയുള്ളവ, ഒരു ചിരി കൊണ്ടോ നോട്ടം കൊണ്ടോ ജീവിതത്തെ തന്നെ മാറ്റിമറിച്ചവർ എന്നിങ്ങനെ പ്രാണനോളം തുരന്നുവന്ന്, ആത്മാവിൽ ഒട്ടിയവർ വരെ. ജീവിതത്തിൽ വ്യക്തമായ കയ്യൊപ്പ് ചാർത്തിയ അനേകം പേർ. ഇവരെയൊക്കെ ഓർക്കാൻ ഒരു ദിനം പോര. ഒരായുഷ്ക്കാലം കൊണ്ടുപോലും കടം വീട്ടാൻ ആവാത്തത്ര സ്നേഹം പകരം തന്നവർ. എങ്കിലും ഈ സൗഹൃദദിനത്തിൽ നിങ്ങളെ ചേർത്തു പിടിച്ചു പറയാതെ വയ്യ...Happy friendshipday

Read more: Malayalam Lifestyle Magazine