Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ദൈവമായി, ലോകാവസാനം പ്രവചിച്ചു; അസഹാരയുടേത് ദുരൂഹജീവിതം

shoko asahara ചിത്രത്തിന് കടപ്പാട് - സമൂഹമാധ്യമം

ജപ്പാന്റെ തലസ്ഥാനം ടോക്കോയിവിലെ ഭൂഗർഭ പാതയിൽ 13 പേരുടെ മരണത്തിനിടയാക്കിയ വിഷവാതക പ്രയോഗത്തിന്റെ പേരിൽ കുപ്രസിദ്ധനായ ഷോക്കോ അസഹാരയെയും ആറു ശിഷ്യന്മാരെയും ജപ്പാനിൽ തൂക്കിക്കൊന്നു. ഓം ഷിന്റിക്യ എന്ന കുപ്രസിദ്ധ കൂട്ടായ്മയുടെ ബലത്തിലായിരുന്നു അസഹാരയുടെ പ്രവർത്തനം. കൂട്ടക്കൊലയ്ക്കു പിന്നാലെ സർക്കാർ ഈ മത പ്രസ്ഥാനത്തെ നിരോധിച്ചെങ്കിലും ഇപ്പോഴും ഓം ഷിന്റിക്യ മതപാഠങ്ങളുമായി ജീവിക്കുന്ന ഒട്ടേറെ പേരുണ്ടെന്നാണു രഹസ്യാന്വേഷണ സംഘടനകളുടെ കണ്ടെത്തൽ. 

അസഹാര കൊലപാതകിയാണെന്നു തെളിഞ്ഞിട്ടും പതിനായിരത്തോളം പേർ ഇയാളുടെ ശിഷ്യന്മാരായിട്ടുണ്ടായിരുന്നു. അതിലേറെയും ഉന്നത വിദ്യാഭ്യാസം നേടിയ സർവകലാശാല വിദ്യാർഥികൾ. 1984ലാണ് അസഹാര ഓം ഷിന്റിക്യയ്ക്കു തുടക്കമിടുന്നത്. മൂന്നു വർഷം കഴിഞ്ഞപ്പോൾ അതു മതപ്രസ്ഥാനമായി റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സർക്കാരിനു നൽകി. 1989ൽ സംഘടനയ്ക്ക് അംഗീകാരം ലഭിച്ചു. അതോടെയാണ് അസഹാര താരമാകുന്നത്. ജപ്പാനിലെ ടിവി ഷോകളിലും മാഗസിനുകളുടെ കവർപേജുകളിലുമെല്ലാം ഇയാൾ നിറഞ്ഞു. 

ഓം ഷിന്റിക്യ മതപ്രഭാഷണങ്ങളിലും ഒട്ടേറെ പേർ ആകൃഷ്ടരായി. സര്‍വകലാശാലകളിൽ വരെ പ്രഭാഷണങ്ങൾ നടത്താൻ ക്ഷണം ലഭിച്ചു. ബിയോണ്ട് ലൈഫ് ആൻഡ് ഡെത്ത്, മഹായാന സൂത്ര തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും വിറ്റഴിഞ്ഞത് ചൂടപ്പം പോലെയായിരുന്നു. ബുദ്ധമതത്തിലെ വജ്രയാന സൂക്തങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഓം ഷിൻറിക്യയുടെ പ്രവർത്തനം. ‘ഓം’ എന്ന വാക്ക് സ്വന്തമാക്കിയതാകട്ടെ ഹിന്ദുമതത്തിൽ നിന്നും. ബൈബിളിൽ നിന്നും പല കാര്യങ്ങളും അസഹാര തന്റെ ‘മത’ത്തിലേക്കു കടംകൊണ്ടു. 1992ൽ സ്വയം ക്രിസ്തുവായിപ്പോലും ഇയാൾ അവരോധിച്ചു. ‘ദൈവത്തിന്റെ വിളക്ക്’ എന്നായിരുന്നു സ്വയം വിശേഷിപ്പിച്ചിരുന്നത്. ശരീരത്തിൽ പീഡനമേൽപിച്ച് ആത്മസംതൃപ്‌തി കണ്ടെത്തുന്ന രീതിയിലുള്ള ചിന്തകളും അസ്‌ഹാര പ്രയോഗത്തിൽ വരുത്തി. 

മറ്റുള്ളവരുടെ പാപങ്ങൾ താൻ ഏറ്റെടുക്കുമെന്നും അതുവഴി അവരെ പാപമുക്തരാക്കുമെന്നുമായിരുന്നു അസഹാര വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അതുവഴി തന്റെ ആധ്യാത്മിക കഴിവുകളെ വിശ്വാസികളിലേക്ക് പകർന്നു നൽകുമെന്നും. ജപ്പാനിലെ എതിർ മതങ്ങളിൽ മാത്രമല്ല ബ്രിട്ടിഷ് രാജകുടുംബത്തിലെ വരെ ‘ഗൂഢാലോചനകൾ’ ഇക്കാലത്ത് താന്‍ കണ്ടെത്തിയെന്നും ഇയാൾ ശിഷ്യരോടു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ലോകാവസാന പ്രവചനം. ലോകാവസാനം വരികയാണെന്നും അത് ആണവ യുദ്ധമായിരിക്കുമെന്നും അസഹാര വ്യക്തമാക്കി. ആണവാക്രമണത്തിൽ ഒരിക്കൽ തകർന്നടിഞ്ഞ ജപ്പാന്റെ ഭീതിയെ ആളിക്കത്തിക്കാൻ അതു ധാരാളമായിരുന്നു. 

വജ്രയാന സൂക്തങ്ങൾ ചൊല്ലണമെന്നും അതുവഴി ലോകാവസാനത്തിൽ നിന്നും രക്ഷ നേടാമെന്നും ഇയാൾ അണികളോടു പറഞ്ഞു കൊണ്ടിരുന്നു. ഒരിക്കൽ 2006ലേക്ക് ‘ഭാവിയാത്ര’ നടത്തി താൻ മൂന്നാം ലോകമഹായുദ്ധം നേരിട്ട് അനുഭവിച്ചു എന്നു വരെ പറഞ്ഞുകളഞ്ഞു. 1994ലായിരുന്നു അത്. അതിനിടെ അസഹാരയ്ക്കെതിരെ സർക്കാർ നീക്കവും തുടങ്ങി. എന്നാൽ പൊലീസിലെ ഇയാളുടെ ശിഷ്യന്മാർ ആ വിവരങ്ങളും ചോർത്തി നൽകി. ലോകം അവസാനിപ്പിച്ച് എല്ലാവർക്കും ‘മോക്ഷം’ നൽകാനായി വിഷവാതകങ്ങളും മൗണ്ട് ഫ്യൂജിയിലെ തന്റെ ആശ്രമത്തിൽ ഇയാൾ സ്വരുക്കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. അതിനിടെ ഓം ഷിന്റിക്യ മതത്തെ പ്രകീർത്തിച്ചു കൊണ്ട് വിദഗ്ധ പഠനങ്ങൾ ഉൾപ്പെടെയെത്തി. ആർക്കും തൊടാനാകാത്ത വിധം ‘പ്രഭാവ’മായതോടെ അസഹാരയുമായി ബന്ധപ്പെട്ട പല കേസുകളുടെയും അന്വേഷണം എവിടെയുമെത്തിയില്ല. ഒടുവിൽ 1995ലെ വിഷവാതക ആക്രമണത്തോടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.