Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഷ്ടമിരോഹിണി ദിനത്തിൽ ഇവ ചെയ്തോളൂ, നാലിരട്ടി ഫലം!

ശ്രീകൃഷ്ണ ജയന്തി

ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം. അഷ്ടമിയും രോഹിണിയും അർദ്ധരാത്രിയിൽ വരുന്ന ദിനമാണ് കേരളീയർ പൊതുവെ ജന്മാഷ്ടമിയായി കണക്കാക്കുന്നത് അതനുസരിച്ചു ഇത്തവണ ശ്രീകൃഷ്ണജയന്തി  സെപ്റ്റംബർ 02 ഞായറാഴ്ചയാണ്. ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നൽകും. അന്നേ ദിവസം ഭഗവൽ നാമങ്ങൾ കഴിയാവുന്നത്രയും തവണ ചൊല്ലുന്നത് അത്യുത്തമം. 

ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരമന്ത്രവും (ഓം നമോ നാരായണായ) ദ്വാദശാക്ഷരമന്ത്രവും (ഓം നമോ ഭഗവതേ വാസുദേവായ)  കഴിയുന്ന അത്ര തവണ  ജന്മാഷ്ടമി ദിനത്തിൽ ജപിക്കുക. അന്നേ ദിവസം രാവിലെയും വൈകുന്നേരവും ക്ഷേത്ര ദര്‍ശനം നടത്തുന്നതും കൃഷ്ണപ്രീതിക്ക് ഉത്തമമാണ്. 

സന്താനഗോപാല മന്ത്രം

ദീർഘ നാളുകളായി സന്താന ഭാഗ്യമില്ലാത്തവർ ജന്മാഷ്ടമിയുടെ അന്ന് സന്താനഗോപാല മന്ത്രം 41 തവണ ജപിച്ചാൽ  ഇഷ്ട സന്താനപ്രാപ്തി ഉണ്ടാവുമെന്നാണ് വിശ്വാസം.

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/ 

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://  

അർഥം- ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും

വിദ്യാഗോപാലമന്ത്രം

കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഗോപാലമന്ത്ര അർച്ചന നടത്താറുണ്ട്. അതിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾ ഭവനത്തിലിരുന്ന് ശുദ്ധിയോടെയും ഭക്തിയോടെയും വിദ്യാഗോപാലമന്ത്രം 41 തവണ ജപിക്കാവുന്നതാണ് . കുട്ടികളുടെ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവ ശുദ്ധിയും വർദ്ധിപ്പിക്കാൻ ഈ മന്ത്രജപം നല്ലതാണ്. 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ/ 

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ// 

അർഥം - പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. 

ആയൂർ ഗോപാലമന്ത്രം

ദശാകാല ദോഷങ്ങൾ അനുഭവിക്കുന്നവരും ജാതകപ്രകാരം ആയുസ്സിനു ദോഷമുളളവരും ജന്മാഷ്ടമി ദിനത്തിൽ ആയൂർ ഗോപാലമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/

ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://

അർഥം - ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.

രാജഗോപാല മന്ത്രം

സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാവുന്നതിന് ഭഗവാനെ ധ്യാനിച്ചു കൊണ്ട് രാജഗോപാല മന്ത്രം ജപിക്കണം. അർത്ഥം മനഃസ്സിലാക്കി വേണം ഓരോ മന്ത്രങ്ങളും ജപിക്കുവാന്‍‌.

കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താനാം അഭയംകര 

ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ. 

അർഥം -മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.