ദേഷ്യം നിയന്ത്രിക്കാനുള്ള വഴികൾ

ഹൈവേ സൈഡിലുള്ള ഹോട്ടലിലെ പാർക്കിങ് ഏരിയയിൽനിന്നു മെയിൻ റോഡിലേക്ക് വണ്ടിയെടുത്തതായിരുന്നു. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ പാഞ്ഞുവന്നുകൊണ്ടിരിക്കുന്നു. ഫസ്റ്റ്ഗിയറിലാക്കിയശേഷം ആക്സലറേറ്ററിൽ കാൽ ആഞ്ഞമർത്തി. ഇരപ്പിച്ചുകൊണ്ട് അതിവേഗത്തിൽ കാർ റോഡിലേക്കിറക്കാൻ പ്രശാന്ത് ശ്രമിച്ചതും ഭയന്നുപോയ ഭാര്യ പെട്ടെന്ന് കാറിന്റെ ഹാൻഡ് ബ്രേക്കുയർത്തിയതിനാൽ കാർ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ റോഡിനു തോട്ടുമുമ്പായി പൊടിപറത്തിക്കൊണ്ട് നിന്നു. വലിഞ്ഞു മുറുക‍ിയ മുഖത്തോടെ പ്രശാന്ത് ദൂരേക്ക് തന്റെ ദൃഷ്ടി പതിപ്പിച്ചു. 

പോകാം ഒരു യാത്ര
പ്രണയ വിവാഹിതരാണ് പ്രശാന്തും രമ്യയും. രണ്ടുപേരും ഇരുമതവിഭാഗങ്ങളിൽപ്പെട്ടവർ. പക്ഷേ, ഒടുവിൽ ഇരുകുടുംബത്തിന്റെയും സമ്മതത്തോടെ വിവാഹം നടത്തി. വീട്ടിലെ ഒറ്റ മോനാണ് പ്രശ‍ാന്ത്. മാതാപിതാക്കൾ സർക്ക‍ാർ ഉദ്യേ‍ാഗസ്ഥർ. രമ്യയുടെ പിതാവ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്നു.

കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു വീട്ടിൽനിന്ന് അധികം ദൂരെയല്ലാത്ത അതിരപ്പിള്ളിലേക്ക് അവർ ഒരു യാത്ര പ്ലാൻ ചെയ്തത്. ഭർതൃ മാതാപിതാക്കളെക്കൂടി ഒപ്പം കൂട്ടാമെന്നു രമ്യ പറഞ്ഞു. പക്ഷേ പ്രശാന്ത് അതിനോട് യോജിച്ചില്ല. അച്ഛന്റെ സ്വഭാവമറിയാവുന്നതായിരുന്നു കാരണം. എന്നാൽ രമ്യയുടെ നിർബന്ധത്തിനു വഴങ്ങി തന്റെ അച്ഛനമ്മമാരെക്കൂടി വിളിച്ചു. പക്ഷേ നടുവുവേദനയായതിനാൽ താൻ വരുന്നില്ലെന്ന് ഭർതൃപിതാവായ രാജശേഖരൻ പറഞ്ഞു. ഒടുവിൽ നിർബന്ധിച്ചപ്പോൾ ഒപ്പം യാത്രതിരിച്ചു. 

പക്ഷേ യാത്ര തുടങ്ങിക്കഴിഞ്ഞതു മുതൽ നടുവുവേദനയുടെ പ്രശ്നങ്ങൾ പറഞ്ഞ് രാജശേഖരൻ മകനെയും തന്റെ ഭാര്യയെയും കുറ്റപ്പെടുത്താൻ തുടങ്ങി. 

കല്യാണം കഴിഞ്ഞുള്ള തങ്ങളുടെ ആദ്യയാത്രയിൽ ഒപ്പം കൂടിയ ഭർതൃപിതാവിന്റെ കുറ്റപ്പെടുത്തുന്ന വാക്കുകൾ രമ്യക്കും അസഹ്യമായി തോന്നി. തന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എല്ലാ ആഘോഷങ്ങളും യാത്രകളും ശീലിച്ചതിനാലാണ് ഭർതൃമാതാപിതാക്കളെക്കൂടി വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ യാത്രയിൽതന്നെ ഒപ്പം കൂട്ടാമെന്ന് രമ്യ പറഞ്ഞത്. ‘ഞാനപ്പോഴേ പറഞ്ഞതാ വരുന്നിെല്ലന്ന്’ – ഭർതൃപിതാവ് പിൻസീറ്റിലിരുന്ന് പറ‍ഞ്ഞുകൊണ്ടിരുന്നു. വണ്ടി ഒാടിക്കുന്ന മകന് ഇടയ്ക്കിടെ ഡ്രൈവിങ്ങിൽ നിർദ്ദേശം കൊടുക്കാനും തുടങ്ങി. 

രാജശേഖരന്റെ വാക്കുകളോട് ആരും പ്രതികരിച്ചില്ല. ഒടുവിൽ സഹികെട്ട്, എന്നാൽ അച്ഛൻ വന്നിരുന്ന് ഒാടിക്കാൻ പ്രശാന്ത് പറഞ്ഞു. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ ഒരു റസ്ന്ററന്റിൽ കയറി. എന്നാൽ നോൺ വെജിന്റെ ഗന്ധമുണ്ടെന്നും വെജിറ്റേറിയനായതിനാൽ താൻ അവിടെനിന്നു കഴിക്കുന്നില്ലെന്നുമായി രാജശേഖരൻ. ഒടുവിൽ മറ്റുള്ളവർ അവിടെ നിന്നു കഴിച്ചു. പിന്നീട് ഒരു വെജിറ്റേറിയൻ ഹോട്ടലിന്റെ മുമ്പിൽ വണ്ടി നിർത്തി. ഇവിടെനിന്നു കഴിക്കാമെന്നായി മകൻ. ഞാൻ ഇനി കഴിക്കുന്നില്ല എന്നായി രാജശേഖരൻ . നിർബന്ധിച്ചിട്ടും നിലപാടിൽ മാറ്റമുണ്ടായില്ല. അതോടെയാണ് അതുവരെ മനസ്സിൽ അടക്കിവച്ചിരുന്ന ദേഷ്യമെല്ലാം ഒരു നിമിഷം മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, വണ്ടിയിൽ തീർത്തത്. താനുൾപ്പെടെ മുഴുവൻ കുടുംബങ്ങൾക്കും സംഭവിക്കാമായിരുന്ന വലിയ ദുരന്തം പോലും ശ്രദ്ധിക്കാതെ ഒരു നിമിഷത്തെ പ്രവൃത്തി കൊണ്ട് കാർ, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്കിറക്കി. ഭാര്യയുടെ അവസരോചിതമായ ഇടപെടൽകൊണ്ട് ഹാൻഡ് ബ്രേക്കമർത്തി വാഹനം നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഇവിടെ ഒാരോ വ്യക്തിയുടെയും മാനസികനില വിശകലനം ചെയ്താൽ മനസ്സിലാക്കാവുന്ന ചില യാഥാർഥ്യങ്ങളുണ്ട്. പ്രശാന്തിനെ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കു നയിച്ചത് അതുവരെയുള്ള പിതാവിന്റെ പ്രതികരണങ്ങളാണ്. വിവാഹശേഷമുള്ള ആദ്യയാത്ര ഭാര്യയുടെയും ഭർത്താവിന്റെ സ്വകാര്യ നിമിഷങ്ങളാണ്. ആ യാത്രയുടെ സന്തോഷം കൂട്ടാനാണു ഭാര്യയുടെ നിർദേശപ്രകാരം തന്റെ മാതാപിതാക്കളെക്കൂടി പ്രശാന്ത് ഒപ്പം കൂട്ടിയത്. എന്നാൽ, ആദ്യം മുതലേ രാജശേഖരൻ പുതുതായി കുടുംബത്തിലേക്കു വന്ന മകന്റെ ഭാര്യയുടെ മുമ്പിൽ വച്ചു മകനെയും സ്വന്തം ഭാര്യയെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഡ്രൈവിങ്ങിൽ അനാവശ്യമായി ഇടപെട്ട് യാത്രയുടെ സന്തോഷം കെടുത്താനും ശ്രമിച്ചു.

ഇവിടെ രാജഖരന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ അനിഷ്ടകരമായ പെരുമാറ്റാമുണ്ടാവാനും അന്തരീക്ഷം മോശമാകാനും കാരണമായത് അദ്ദേഹത്തിന്റെ നടുവേദനയാണ്. എന്നാൽ, തന്നെ സ്നേഹത്തോടെ ഒപ്പം കൂട്ടിയ മകന്റെയും ഭാര്യയുടെയും ആദ്യയാത്രയിലുടനീളം വാക്കുകൾ കൊണ്ട് അശാന്തി നിറച്ചത് അദ്ദേഹത്തിന്റെ ഭാഗത്തെ തെറ്റാണ്.

ഭർത്യപിതാവുമൊത്തുള്ള ആദ്യ യാത്ര തന്നെ രമ്യക്ക് മോശം അനുഭവമായി. അതേസമയം പ്രശാന്താവട്ടെ, പിതാവിന്റെ പെരുമാറ്റം മൂലമുള്ള ദേഷ്യം മനസ്സിൽ അടക്കിവെച്ചുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദുർബല നിമിഷത്തിൽ അതു പൊട്ടിത്തെറിച്ചപ്പോഴാണ്, മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിന്റെയാകെ ജീവൻ നഷ്ടപ്പെടാമായിരുന്ന പ്രവൃത്തിയിലേക്ക് അതു നയിച്ചത്. 

ദേഷ്യം അടക്കിവെയ്ക്കുന്നതല്ല ക്ഷമ. അടക്കിവെയ്ക്കുന്ന ദേഷ്യം ഉരുൾപൊട്ടൽ പോലെയാണ്. പാറകൾക്കിടയിൽ വെള്ളം നിറഞ്ഞ്, ഒടുവിൽ വലിയ ഉരുൾപൊട്ടലായി പ്രദേശത്തെ അനേകം ജീവനുകളെയും വീടുകളെയും കവർന്നെടുക്കുന്നതുപോലെ അടക്കിവെയ്ക്കുന്ന ദേഷ്യവും വലിയ ദുരന്തങ്ങൾക്കും നിഷേധാത്മക ഫലങ്ങൾക്കും കാരണമാകും. അതിനാൽ മറ്റൊരാൾ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ അവരെ മനസ്സിലാക്കി പ്രതികരിക്കുക. എന്തുകൊണ്ട് അവർ ഇങ്ങനെ പെരുമാറുന്നുവെന്ന് ചിന്തിക്കുക. ഇവിടെ പിതാവിന്റെ നടുവേദനയാണ് അദ്ദേഹത്തിന്റെ മോശം വാക്കുകൾക്കും ദേഷ്യത്തിനും കാരണം. അത് മനസിലാക്കി ക്ഷമിക്കാൻ തയാറാവുക. അപ്പോൾ നമ്മുടെ മനസ്സിൽ ദേഷ്യം പുകയില്ല. 

ദേഷ്യം വരുമ്പോൾ പ്രാർഥനാനാമന്ത്രങ്ങൾ ഉരുവിടുക, പല തവണ ദീർഘനിശ്വാസം ചെയ്യുക, മെലഡികൾ കേൾക്കുക, കോമഡി പ്രോഗ്രാമുകൾ കാണുക, ഒരിടത്ത് ശാന്തമായിരിക്കുക, അല്പസമയം കിടക്കുക, ഏതെങ്കിലും നല്ല ആത്മീയ, പ്രചോദനാത്മക പുസ്തകങ്ങൾ വായിക്കുക. മുഖം തണുത്ത വെള്ളത്തിൽ കഴുകുക, ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക, ആരോടാണോ ദേഷ്യം അവരുടെ നന്മകൾ ആലോചിക്കുക, പ്രാർഥിക്കുക, ബിപിയുണ്ടെങ്കിൽ ഗുളിക കഴിക്കുക, അല്പം ദൂരം നടക്കുക.... ഇതെല്ലാം ദേഷ്യം കുറച്ച് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. 

അതിനാൽ നമുക്കും കൈപ്പിടിയിലൊതുക്കാം ദേഷ്യത്തെ; ജീവിതം സന്തോഷകരമാക്കാം. 

More Motivational Stories>>