Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്തം ‘ജീവശ്വാസം’; കാവ്യ തോൽക്കാനില്ല!

kavya-shaji-t കാവ്യയും അമ്മ ഷീബയും

ഒരു ശ്വാസത്തിനപ്പുറം അമ്മയുണ്ടെന്നു കാവ്യയ്ക്ക് ഉറപ്പായിരുന്നു. തിരശീല താണതും ഒരു പൂമൊട്ടു കൊഴിയും പോലെ അവൾ വേദിയിൽ വീണു. ശ്വാസം കിട്ടാതെ പിടഞ്ഞു. ഓടിയെത്തിയ അമ്മ ഷീബയുടെ മുഖം കണ്ടതിനു ശേഷമാണ് അത്രനേരം വേദന കടിച്ചമർത്തി നൃത്തം ചെയ്ത അവൾ ഒന്നു ചുമച്ചതു പോലും. 

എച്ച്എസ് വിഭാഗം സംഘനൃത്തത്തിൽ പങ്കെടുക്കാനെത്തിയ കാവ്യ ഷാജി ആലപ്പുഴയിലെത്തിയശേഷം ആശുപത്രി കയറിയതു മൂന്നു തവണ. ജനിച്ചതു മുതൽ  വേട്ടയാടുന്ന ആസ്ത്മ കുറേ നാളായി മാറിനിന്നെങ്കിലും അടുത്തിടെ വന്ന കഫക്കെട്ടാണ് അവളുടെ ശ്വസനത്തെ പിടിച്ചുകെട്ടിയത്. സംഘനൃത്തത്തിന്റെ ടീം ലീഡറായതിനാൽ മാറിനിൽക്കാനാവില്ല. നൃത്തത്തിൽ എങ്ങനെയും വിജയിക്കണമെന്നുള്ള നിശ്ചയദാർഢ്യം.  പിഴവില്ലാതെ ചുവടുകൾ പൂർത്തിയാക്കുമ്പോൾ സദസ്സറിഞ്ഞില്ല, അവൾ  കടുത്ത ചുമ അടക്കിപ്പിടിച്ചും ശ്വാസം കിട്ടാതെ വലഞ്ഞും ആടുകയായിരുന്നുവെന്ന്.  

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

വേദിയിൽ ജീവശ്വാസം കിട്ടാതെ പിടഞ്ഞ മകളെ നെഞ്ചോടടക്കിയ ഷീബയുടെ കരവലയത്തിൽ കിടന്നും അവൾ  ചുമച്ചുകൊണ്ടിരുന്നു. ശ്വാസഗതി ശരിയായി ഒരു പുഞ്ചിരി വിടരാൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. അതുവരെ അരികിൽ നിന്നു മാറിയില്ല അമ്മ.  തന്റെ ടീമിന് എ ഗ്രേഡ് ലഭിച്ചെന്ന അറിയിപ്പു കേട്ടു കൂടുകാരോടൊപ്പം അവൾ തുള്ളിച്ചാടി. പൊന്നാനി എവിഎച്ച്എസ്എസ് വിദ്യാർഥിനിയാണു കാവ്യ ഷാജി. മൂന്നര വയസിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. വയ്യാത്ത കുട്ടിയെ നൃത്തം കളിപ്പിക്കണോ എന്ന് അന്നു പലരും അമ്മയോടു ചോദിച്ചു; ഇന്നു ജീവശ്വാസമാണവൾക്കു നൃത്തം.

സ്കൂൾ കലോത്സവ ചിത്രങ്ങൾ കാണാം