Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനിവിടെ ലോ‘ക്കപ്പി’ലാ...

gold-cup

ഇക്കുറി സമാപന സമ്മേളനമില്ല,  വിജയികൾക്കു സ്വർണക്കപ്പില്ല. കോഴിക്കോട് ജില്ലാ ട്രഷറിയിലെ ഇരുട്ടറയിൽ ഒറ്റയ്ക്കിരിക്കുന്ന കപ്പ് കഥപറയുന്നു...

വർഷത്തിലൊരിക്കൽ കിട്ടുമായിരുന്ന പരോളില്ല. കലോത്സവ വിജയികളായ നിങ്ങളുടെ പൊൻമുത്തമില്ല. പൊലീസ് എസ്കോർട്ടോടെയുള്ള ആ എഴുന്നള്ളത്തില്ല... ഞാനിവിടെ ഇരുട്ടിലാണ്. കോഴിക്കോട് ജില്ലാ ട്രഷറിക്കുള്ളിലെ ഇരുട്ടറയിൽ. എന്നെ നിങ്ങളറിയും. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കിരീടം ചൂടുന്ന ജില്ലാ ടീം സ്വന്തമാക്കിയിരുന്ന സ്വർണക്കപ്പ്. 117 പവൻ തനിത്തങ്കം! ഏതു ജില്ല എന്നെ മുത്തമിടും എന്ന പതിവു ചോദ്യം ഇത്തവണ ആരും ചോദിക്കുന്നില്ല. ഇക്കലോത്സവത്തിനു സമാപന സമ്മേളമില്ല; ഞാനും.

എന്റെ കഥ നിങ്ങൾക്കറിയാമല്ലോ. മടക്കിവച്ച പുസ്‌തകത്തിനു മീതെ, വളയിട്ട കയ്യിൽ ഉയർന്നുനിൽക്കുന്ന വലംപിരിശംഖ്. അതാണെന്റെ രൂപം. ‘മാമ്പഴ’മധുരമുള്ള കവി വൈലോപ്പിള്ളിയാണ് എന്റെ പിറവിക്കു കാരണം.  നെഹ്റു ട്രോഫി ഫുട്ബോളിനു നൽകുന്ന സ്വർണക്കപ്പ് കണ്ടപ്പോൾ വൈലോപ്പിള്ളി പറഞ്ഞു: സംസ്ഥാന സ്കൂൾ കലോൽസവത്തിനും വേണം ഇതുപോലൊന്ന്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഫിലിപ്പോസ് തോമസും മുന്നിട്ടിറങ്ങി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥനായ ശ്രീകണ്‌ഠൻ നായരാണ് എന്നെ വരച്ചത്. തൃശൂരിലെ സ്വർണപ്പണിക്കാരാണ് എനിക്കു രൂപം നൽകിയത്. 

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

അന്നുമുതൽ ഞാൻ മിന്നിത്തുടങ്ങി. വർഷം തോറും പൊലീസ് എസ്കോർട്ടിൽ ഓരോ ജില്ലയിലേക്കും വിനോദയാത്ര നടത്തി ഞാൻ.  കലോത്സവം നടക്കുന്ന ജില്ലയുടെ അതിർത്തിയെത്തുമ്പോൾ ഘോഷയാത്രയായി വന്ന് എന്നെ ഏറ്റുവാങ്ങും. വേദിയിൽ ഞാൻ ഞെളിഞ്ഞിരിക്കും. കുട്ടികളേ, ഇവിടെ ഈ ഇരുട്ടത്തിരുന്നു ഞാൻ നിങ്ങളുടെ പുഞ്ചിരിച്ച മുഖങ്ങൾ കാണുന്നു. എനിക്കു ചിറകുകളുണ്ടായിരുന്നെങ്കിൽ ആലപ്പുഴയ്ക്കു പറന്നെത്തിയേനെ. സാരമില്ല. പ്രളയത്തിൽ നിന്നു കേരളം കയറട്ടെ. ആഘോഷങ്ങൾ തിരിച്ചുവരട്ടെ. നവകേരളം പിറക്കട്ടെ. അടുത്ത കലോൽത്സത്തിനു ഞാനുമുണ്ടാകും. വർഷം തോറും നിങ്ങൾ എനിക്കു തരുന്നതു ഞാൻ ഇത്തവണ തിരിച്ചു തരുന്നു; നിങ്ങൾക്ക് എന്റെ ആയിരം പൊന്നുമ്മകൾ.