Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലിറങ്ങിയ ആനയെ കാട്ടിലേക്ക യയ്ക്കാൻ കഴിയാതെ വനം വകുപ്പ് !

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ ജനവാസമേഖലയിൽ ഭീതിപരത്തുന്ന ആനയെ  കാട്ടിലേക്കു കയറ്റാൻ വനം വകുപ്പ് നടത്തുന്ന ശ്രമം രണ്ടാം ദിവസത്തിലും രാത്രി വൈകിയും വിജയിച്ചിട്ടില്ല.  മയക്കുവെടിവയ്ക്കാൻ എത്തിയ ഡോക്ടർമാരുടെ സംഘം ആന നല്ല ആരോഗ്യവാനാണെന്നു കണ്ടെത്തി. അതുകൊണ്ടു തന്നെ വെടിവയ്ക്കാതെ കാട്ടിലേക്കു തന്നെ കയറ്റാനാണു തീരുമാനം.

രണ്ടാഴ്ചയിലേറെയായി അക്രമം കാട്ടുന്ന ആനയെ ഞായറാഴ്ച ചെന്നില്ലിമൂട് ചതുപ്പു മേഖലയിൽ നാട്ടുകാർ മണിക്കൂറുകളോളം വളഞ്ഞുവച്ചുവെങ്കിലും  മറ്റൊരു വഴിയിൽ കൂടി കോളച്ചൽ ഭാഗത്തേക്കു നീങ്ങിയ ആന  രാത്രിയിൽ സെന്റ് മേരീസ്, ബനാന ഫാം, പന്നിയോട്ടു കടവ് ഭാഗങ്ങളിൽ വലിയ നഷ്ടം വരുത്തി.

സെന്റ് മേരീസിലെ റോണിച്ചൻ, സാബു, ബാലമ്മ, പന്നിയോട്ടുകടവിലെ പുഷ്പൻ, പേത്തലകരിക്കകം രവീന്ദ്രൻ എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ച ശേഷം കോളച്ചലിനു സമീപം നിലയുറപ്പിച്ചു.  രാവിലെ മുതൽ കാടുകേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി വനപാലകർ  വൈകിട്ടോടെ  വെങ്കലകോണിൽ ആനയെ  എത്തിച്ചു. എന്നാൽ ആന പലപ്പോഴും തിരിഞ്ഞു ആക്രമിക്കാൻ വന്നതായി വനപാലകർ പറയുന്നു. ഇടിഞ്ഞാർ, കോളച്ചൽ, ചെന്നല്ലിമൂട് പ്രദേശമാകെ ജനം ഭീതിയിലാണ്.