Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കല്‍ അന്നം നല്‍കിയ ആ കുഞ്ഞന്‍ മീനിനെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ചെയ്തത്

trout

കാഴ്ചയില്‍ ദേഹത്തു നിറയെ പുള്ളിക്കുത്തുകളുമായി നീന്തിത്തുടിക്കുന്ന, ഒരു കുഞ്ഞന്‍ മീന്‍. പക്ഷേ മത്സ്യത്തൊഴിലാളികളുടെ പ്രിയപ്പെട്ടവനാണ് ഇവന്‍. ഒരു കാലത്ത് ഇതിനെ പിടികൂടി വില്‍ക്കാനായിരുന്നു അവര്‍ക്ക് ഉത്സാഹം. എന്നാല്‍ ഇന്നു കാര്യങ്ങളെല്ലാം മാറി. ഏതുവിധേനയും ഈ മത്സ്യത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണവര്‍. ഓര്‍ഹിഡ് എന്നാണ് ഈ മത്സ്യത്തിന്റെ പേര്. സൂപ്പു വയ്ക്കാനും കറി വയ്ക്കാനും ഉഗ്രന്‍. ഇവയുടെ രുചിപിടിച്ച് ഒട്ടേറെപ്പേര്‍ വന്‍തോതില്‍ വാങ്ങുകയും ചെയ്തു. അതാണു തിരിച്ചടിയായതും. 

മാസിഡോണിയയിലെയും അല്‍ബേനിയയിലെയും ചില നദികളില്‍ മാത്രമേ ഇവയെ കാണാറുള്ളൂ. കൃത്യമായി പറഞ്ഞാല്‍ മാസിഡോണിയയിലെ ഓര്‍ഹിഡ് തടാകമാണ് ഇവയുടെ പ്രധാന ആവാസസ്ഥാനം. തടാകത്തിന്റെ കൈവഴികളായ നദികളിലും ഇവയെ കാണാം. ഓര്‍ഹിഡില്‍ മാത്രം കാണുന്നതു കൊണ്ടാണ് അത്തരമൊരു പേരു നല്‍കിയതും. ഒരുകാലത്ത് ഏറെ സുലഭമായിരുന്ന ഇവ ഇന്നു വംശനാശത്തിന്റെ വക്കിലാണ്. സംരക്ഷിച്ചില്ലെങ്കില്‍ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥ. 

trouts

14 വര്‍ഷം മുന്‍പു തന്നെ മാസിഡോണിയയും അല്‍ബേനിയയും ഇക്കാര്യം തിരിച്ചറിഞ്ഞതുമാണ്. അങ്ങനെയാണ് 2004 മുതല്‍ 10 വര്‍ഷത്തേക്ക് ഓര്‍ഹിഡുകളെ പിടികൂടരുതെന്നു കാണിച്ച് മാസിഡോണിയൻ സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയത്. വലയില്‍ കുടുങ്ങിയാല്‍ത്തന്നെ തിരികെ തടാകത്തിലേക്കെറിയണമെന്നായിരുന്നു നിർദേശം. എന്നാല്‍ അല്‍ബേനിയയാകട്ടെ നിരോധനത്തില്‍ അല്‍പം മയം വരുത്തി. പ്രജനനകാലത്തൊഴികെ ഓര്‍ഹിഡുകളെ പിടികൂടാമെന്നായി. പക്ഷേ ആര്‍ക്കും ഇതിന്റെ ഗൗരവം മനസ്സിലായില്ല എന്നതായിരുന്നു സത്യം. 

10 വര്‍ഷത്തോളം പിടികൂടാതിരുന്നിട്ടും ഓര്‍ഹിഡുകളുടെ എണ്ണംകുറഞ്ഞു. പ്രജനന കാലത്തും അവയെ പിടികൂടിയെന്ന് അല്‍ബേനിയന്‍ സര്‍ക്കാരിനും മനസ്സിലായി. അങ്ങനെയാണ് രണ്ടും കല്‍പിച്ച് ഓര്‍ഹിഡ് മത്സ്യങ്ങളെ സംരക്ഷിക്കാന്‍ ഗവേഷകരും മത്സ്യത്തൊഴിലാളികളും തീരുമാനിച്ചത്. കണ്ണികള്‍ക്കു വലുപ്പം കുറഞ്ഞ വലകളാണ് ഓര്‍ഹിഡ് മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുന്നതെന്നു തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ അത്തരം വലകള്‍ ഉപയോഗിക്കുന്നതു നിര്‍ത്താന്‍ തീരുമാനിച്ചു. ഒരു കാലത്തു തങ്ങള്‍ക്ക് വന്‍തോതില്‍ പണം നേടിത്തന്ന മത്സ്യത്തിന്റെ യഥാര്‍ത്ഥ ‘വില’ അവര്‍ തിരിച്ചറിഞ്ഞ നാളുകളും കൂടിയായിരുന്നു അത്. മാസിഡോണിയന്‍ ഗവേഷകര്‍ക്കൊപ്പം അവരും ചേര്‍ന്നു. തടാകത്തില്‍ നിന്ന് ഒരു പ്രത്യേകതരം വല ഉപയോഗിച്ച് അവശേഷിക്കുന്ന ഓര്‍ഹിഡ് മത്സ്യങ്ങളെ പിടികൂടി. പ്രജനനത്തിനൊരുങ്ങിയ മത്സ്യങ്ങളെയാണ് ഇത്തരത്തില്‍ പിടികൂടിയത്. ഇവയെ പ്രത്യേക കണ്ടെയ്‌നറുകളിലേക്കും മാറ്റി. 

trout

പ്രദേശത്തെ ഹൈഡ്രോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ബാക്കി പ്രവര്‍ത്തനങ്ങള്‍. സുരക്ഷിതമായി ഈ മീനുകളില്‍ നിന്നു ശേഖരിച്ച മുട്ടകള്‍ ഗവേഷകരും മത്സ്യത്തൊഴിലാളികളും തടാകത്തില്‍ നിക്ഷേപിച്ചു. അവ വിരിഞ്ഞിറങ്ങും വരെ ശല്യപ്പെടുത്തില്ലെന്നും തീരുമാനിച്ചു. അങ്ങനെ വന്‍തോതില്‍ ഓര്‍ഹിഡ് മത്സ്യത്തിന്റെ മുട്ടകള്‍ തടാകത്തില്‍ നിക്ഷേപിച്ചിരിക്കുകയാണിപ്പോള്‍. മുട്ടയുള്ളയിടങ്ങളിലൊന്നും വലയെറിഞ്ഞു പോലും ശല്യം ചെയ്യില്ല മത്സ്യത്തൊഴിലാളികള്‍. കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ തന്നെ തടാകത്തില്‍ ഓര്‍ഹിഡ് മത്സ്യങ്ങളുടെ സുവര്‍ണകാലം തിരികെയെത്തുമെന്നാണു ഗവേഷകരുടെ വിശ്വാസം. 

related stories