Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം; ദൃശ്യങ്ങൾ കൗതുകമാകുന്നു

Enormous whale circles small boat

കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ നിന്നാണ് ചെറിയ ബോട്ടിനെ വലം വയ്ക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ പകര്‍ത്തിയത്. സ്രാവുകള്‍ ഇത്തരത്തില്‍ ബോട്ടിനു വലം വയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ തിമിംഗലങ്ങൾ ഇങ്ങനെ ചെയ്യുന്നത് അപൂര്‍വ്വ കാഴ്ചയാണ്. അതുകൊണ്ടു തന്നെ തിമിംഗലത്തെ കണ്ട അവേശത്തിലും അതേ പോലെ തന്നെ തിമിംഗലം ആക്രമിക്കുമോ എന്ന ഭയത്തിലും ആയിരുന്നു ബോട്ടിലെ യാത്രക്കാര്‍.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന കാഴ്ചയെന്നാണ് ബോട്ടിന്റെ ക്യാപ്റ്റന്‍ റ്യാന്‍ റോവ്ലര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. റ്യാന്‍ തന്നെയാണ് ബോട്ടിലുണ്ടായിരുന്ന ഡ്രോണ്‍ ഉപയോഗിച്ച് കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. ഏതാണ്ട് 60 അടി നീളമുണ്ടാകും ഈ തിമിംഗലത്തിനെന്നാണ് കണക്കാക്കുന്നത്. ഫിന്‍ വെയില്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു ബോട്ടിനെ വലം വച്ച തിമിംഗലം.

വലിപ്പത്തില്‍ തിമിംഗലങ്ങള്‍ക്കിടയില്‍  രണ്ടാം സ്ഥാനമാണ് ഫിന്‍ വെയിലുകള്‍ക്കുള്ളത്. 80 അടി വരെയാണ് നീളമുണ്ടാകും ഇവയ്ക്ക്. വേനല്‍ക്കാലത്ത് കലിഫോര്‍ണിയ മേഖലയില്‍ ധാരാളമായി എത്തുന്ന ക്രില്‍ എന്ന കൊഞ്ച് വിഭാഗത്തില്‍ പെട്ട ചെറിയ ജീവികളെ ഭക്ഷിക്കാനാണ് തിമിംഗലമെത്തിയതെന്നാണ് കരുതുന്നത്. ഏതായാലും കൂറ്റൻ തിമിംഗലത്തെ അടുത്തുകണ്ട ആവേശത്തിലാണ് യാത്രക്കാർ.