Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടല്‍ വേർപെട്ട പാമ്പ് ആഞ്ഞു കൊത്തി; പിന്നീട് സംഭവിച്ചത്?

Rattlesnake

തലയും ഉടലും വേർപെട്ട പാമ്പിന്‍റെ കടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമേരിക്കയിലെ ടെക്സസിലാണ്  ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിനു സമീപമുള്ള പൂന്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഗൃഹനാഥയായ ജെന്നിഫർ നാലടിയോളം നീളമുള്ള റാറ്റിൽ സ്നേക്കിനെ കണ്ടത്. പേടിച്ചരണ്ട ജെന്നിഫറിന്റെ  കരച്ചിൽ കേട്ടെത്തിയ ഭർത്താവ് ജെർമി കയ്യിലിരുന്ന ആയുധമുപയോഗിച്ച് പാമ്പിനെ രണ്ട് കഷണമാക്കി.അല്പസമയത്തിനു ശേഷം ചത്ത പാമ്പിനെ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ വേർപെട്ടു കിടന്ന തലഭാഗം കയ്യിലേക്ക് ആഞ്ഞു കടിക്കുകയായിരുന്നു. അതീവ അപകടകാരിയായ വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്കായിരുന്നു ജെർമിയെ ആക്രമിച്ചത്. ശരീരത്തിൽ നിന്നും വേർപെട്ടു കിടന്നിരുന്ന തലഭാഗം തിരിഞ്ഞു വന്ന് ജെർമിയെ കടിക്കുകയായിരുന്നുവെന്ന് ജെന്നിഫർ വ്യക്തമാക്കി.

കടിയേറ്റ ഉടൻതന്നെ ജെർമിയെ കാറിൽ കയറ്റി ജെന്നിഫർ ആശുപത്രിയില്ക്ക് കൊണ്ടുപോയെങ്കിലും പ്രതിവിഷമുള്ള ആശുപത്രിയിലെത്തിക്കാൻ ഒരുമണിക്കൂറോളം താമസം വരുമെന്ന് മനസ്സിലാക്കി.  വീട്ടിൽ നിന്നും പുറപ്പെട്ട് രണ്ട് മൈൽ പിന്നിട്ടപ്പോഴേക്കും ജെർമി അബോധാവസ്ഥയിലെത്തിയിരുന്നു. കാഴ്ചശക്തിയും അപ്പോഴേക്കും മങ്ങിത്തുടങ്ങിയിരുന്നു. വിവരങ്ങൾ അറിഞ്ഞ മെഡിക്കൽ സംഘം പെട്ടെന്നുതന്നെ ജെർമിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും ജെർമിയുടെ ആന്തരിക രക്തസ്രാവവും ആന്തരികാവയവങ്ങളുടെ പ്രവർത്തനവും തകരാറിലായിരുന്നു. പെട്ടെന്നു തന്നെ കോമയിലായ ജെർമിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തി നാല് ദിവസങ്ങൾക്ക് ശേഷമാണ് കോമ അവസ്ഥയിൽ നിന്ന് ഉണർന്നത്.ജെർമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇതുവരെ അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. പാമ്പുകടിയിൽ ആഴത്തിലുള്ള മുറിവാണേറ്റിരിക്കുന്നത്. പാമ്പിന്റെ ശരീരത്തിലുണ്ടായിരുന്ന മുഴുവൻ വിഷവും ആ കടിയിൽ ജെർമിയുടെ ശരീരത്തിലെത്തിയിരുന്നു. 26 ഡോസ് പ്രതിവിഷമാണ് ജെർമിയുടെ ശരീരത്തിൽ കുത്തിവച്ചത്. സാധാരണ ഗതിയിൽ പാമ്പുകടിച്ചാൽ രണ്ടോ മൂന്നോ ഡോസ് പ്രതിവിഷം മാത്രം നൽകിയാൽ മതി രോഗിയെ രക്ഷിക്കാൻ.എന്നാൽ ഇവിടെ വിഷത്തിന്റെ അളവ് കൂടുതലായതിനാലാണ് 26 ഡോസ് നൽകേണ്ടി വന്നതെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.

Rattlesnakes

രണ്ടായി മുറിഞ്ഞു കിടന്ന പാമ്പിൽ നിന്നും ഇത്തരമൊരു ആക്രമണം ജെർമി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മരണം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞാലും പാമ്പിന്റെ വേർപെട്ട് കിടക്കുന്ന തല കടിക്കുമെന്നും അതൊരു റിഫ്ലക്സ് ആക്ഷനാണെന്നും നാഷണൽ ജ്യോഗ്രഫികിലെ സ്റ്റീഫൻ ലീഹൈ പറഞ്ഞു.

പാമ്പുകളെപ്പോലെ ശീതരക്തമുള്ള ജീവികൾക്ക് ഉടലും തലയും വേർപെട്ടാലും മണിക്കൂറുകളോളം ഓക്സിജൻ കൂടാതെ ജീവിക്കാനാകും. ജെർമിയുടെ കാര്യത്തിൽ വേർപെട്ട ശരീരം പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പാമ്പ് തിരിഞ്ഞ് കടിച്ചത്. ഇത്തരം അപകടകാരികളായ പാമ്പുകളെ കണ്ടെത്തിയാൽ സ്വയം കൈകാര്യം ചെയ്യാതെ പാമ്പുപിടിത്ത വിദഗ്ധരെ അറിയിക്കുകയാണ് സുരക്ഷിതമായ മാർഗമെന്നും അതുവഴി ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്നും അധികൃതർ വ്ക്തമാക്കി.

ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്

ത്രികോണാകൃതിയിലുള്ള തലയോടു കൂടിയ വലിയ ശരീരമുള്ള പാമ്പുകളാണ് വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക്. ഇവയുടെ തലയ്ക്കിരുവശമായി വായയോട് ചേർന്ന് വരകൾ കാണും. ശരീരത്തിൽ നിറയെ ഡയമണ്ട് ആകൃതിയിലുള്ള  വരകളും ഇവയുടെ പ്രത്യേകതയാണ്. 

തെക്കുപടിഞ്ഞാറൻ അമേരിക്കയിലും മെക്സിക്കോയിലും ഇവ ധാരാളമായി കാണപ്പെടാറുണ്ട്.  ഇവിടങ്ങളിലുള്ളവർക്ക് ഏറ്റവും കൂടുതൽ കടിയേൽക്കുന്നതും ഈ വിഭാഗത്തിൽ പെട്ട പാമ്പുകളിൽ നിന്നാണ്. ഈ വിഭാഗത്തിൽ പെട്ട പൂർണ വളർച്ചയെത്തിയ പാമ്പിന് ഏകദേശം 4–5 അടിയോളം നീളവും ഒന്നു മുതൽ 3 കിലോ വരെ ഭാരവുമുണ്ടാകും.

കുന്നിൻ ചെരുവുകളിലും പാറക്കൂട്ടങ്ങൾക്കിടയിലും മരുഭൂമിയിലും തീരപ്രപദേശങ്ങളിലുമെല്ലാം ഇവയെ കാണാൻ സാധിക്കും. പരുന്തുകളും ചിലയിനം പക്ഷികളും കാട്ടു പട്ടികളുമൊക്കെയാണ് ഇവരുടെ ശത്രുക്കൾ.

കടിച്ചാൽ സംഭവിക്കുന്നത്

ഇവയുടെ കടിയേറ്റാൽ  ഇതു കടിച്ച സ്‌ഥലത്തും കറുപ്പു കലർന്ന നീല നിറം കാണപ്പെടും. കടിയേറ്റിടത്ത് പല്ലിന്റെ പാടുണ്ടാകും. സഹിക്കാൻ വയ്യാത്ത നെഞ്ചുവേദന അനുഭവപ്പെടും. വൻ തോതിൽ രക്‌തസ്രവം ഉണ്ടാകും. വയറിന്റെ ഭാഗത്തു നിന്നും വായിൽ നിന്നും രോമകൂപങ്ങളിൽ നിന്നും രക്‌തം വരും. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അവയിലൂടെയും മൂത്രത്തിലൂടെയും ചോര വരും. രക്‌തം കട്ടപിടിക്കില്ല. കടുത്ത നടുവേദന, ഛർദ്ദിൽ, വയറ്റിൽ വേദന, ചെവിവേദന, കണ്ണു വേദന എന്നിവയുമുണ്ടാകും. ഘ്രാണശക്‌തിയും കാഴ്‌ചശക്‌തിയും കുറയും. കഴുത്ത് ഒടിഞ്ഞതുപോലെ ശിരസ് തൂങ്ങിയിരിക്കും.

related stories