വലിച്ചെറിഞ്ഞ മദ്യക്കുപ്പികൾ തീരത്തൊരുക്കിയ വിസ്മയം

Image Credit: Facebook

റഷ്യയ്ക്കാരുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്ക. ലേലം സിനിമയിലെ വാക്കുകള്‍ കടമെടുത്താല്‍ സഖാവ് ലെനിനും ഗോര്‍ബച്ചേവും സേവിച്ചിരുന്ന വോഡ്ക. ഏതായാലും സോവിയറ്റ് ഭരണകാലത്ത് പല നിറങ്ങളിലുള്ള വോഡ്ക കുപ്പികളും ബിയര്‍ ബോട്ടിലുകളും കൂട്ടത്തോടെ ഉപേക്ഷിച്ചിരുന്നത് ഒരു സമുദ്രതീരത്തായിരുന്നു. ഉസ്സൂറി എന്ന ബീച്ചിലായിരുന്നു അത്‍.

അന്നുപേക്ഷിച്ചത് തൊട്ടാല്‍ കൈ മുറിയുന്ന മൂര്‍ച്ചയേറിയ കുപ്പികളും കുപ്പിച്ചില്ലുകളും ആയിരുന്നെങ്കില്‍ ദശാബ്ദങ്ങള്‍ കൊണ്ട് പ്രകൃതി ഇതേ കുപ്പിച്ചില്ലുകളെ മനോഹരമായ ശില്പങ്ങള്‍ക്കു തുല്യമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. ഒരിക്കല്‍ കുപ്പിച്ചില്ലുകൾ കാരണം ജനങ്ങള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഈ സ്ഥലമിപ്പോൾ ഇക്കാരണം കൊണ്ടുതന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിമാറിയിരിക്കുകയാണ്. പ്രകൃതി മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയതോടെ ഈ ബീച്ച് അപൂർവ സൗന്ദര്യമുള്ള ബീച്ചുകളിലൊന്നായി മാറി

Image Credit: Facebook

വ്ലാഡിവോസ്റ്റോക് പട്ടണത്തിനടുത്താണ് ഉസൂറി ബേ എന്ന ബീച്ച് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്കു പോലും നിര്‍ഭയമായി ചവിട്ടി നടക്കാനാവുന്ന വിധം മിനുസ്സമുള്ളതായി മാറിയിരിക്കുന്നു ഇന്ന് പഴയ കുപ്പിച്ചില്ലുകള്‍. ശക്തമായ ഒഴുക്കുള്ള നദീതിരങ്ങളില്‍ കാണുന്ന മിനുസമായ കല്ലുകള്‍ പോലെയാണ് ഇന്നിവ കാണപ്പെടുന്നത്. അതേസമയം പല വര്‍ണ്ണത്തിലായതിനാൽ ഇവയ്ക്ക് ഉരുളൻ കല്ലുകളേക്കാള്‍ സൗന്ദര്യവുമുണ്ട്.

Image Credit: Facebook

ഗ്ലാസ് ബീച്ചെന്നാണ് ഇപ്പോള്‍ ഉസൂറി ബേ അറിയപ്പെടുന്നത്. നിരവധി സന്ദര്‍ശകരാണ് മനുഷ്യനുപേക്ഷിച്ച മാലിന്യത്തെ പ്രകൃതി തന്‍റെ കരവിരുതു കൊണ്ട് അത്യാകര്‍ഷകമായ ഒന്നാക്കി മാറ്റിയ കാഴ്ച കാണാന്‍ ഉസൂറി ബേയിലേക്കെത്തുന്നത്. സമാനമായ ഗ്ലാസ്ബീച്ച് അമേരിക്കയിലെ കാലിഫോര്‍ണിയയിലുമുണ്ട്.