പാവ കളിപ്പാട്ടമല്ലാതായി മാറിയൊരു നാട്, അതാണ് ജപ്പാനിലെ നഗോരോ എന്ന താഴ്‌വര. ഇവിടെ പാവകളെന്നാൽ ഓർമകളെന്നാണ് അർഥം. മരിക്കുകയോ നാടുവിട്ടു പോവുകയോ ചെയ്ത മനുഷ്യർ ഇവിടെ പാവകളായി പുനർജനിക്കുന്നു. മറവിയിലാണ്ടു പോകേണ്ട മനുഷ്യർ വീടുകളിലും കടകളിലും തെരുവോരങ്ങളിലുമെല്ലാം ആൾപ്പൊക്കം വലുപ്പമുള്ള പാവകളായി മരണാനന്തര ജീവിതം നയിക്കുന്നു.ഏതെങ്കിലും ആഘോഷത്തിന്റെ ഭാഗമാണീ പാവകളെന്ന് ആദ്യം കാണുന്നവർ സംശയിക്കാം. പക്ഷേ, നഗോരോക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണിവ. സ്വന്തമായി വിളിപ്പേരും വ്യക്തിത്വവുമുണ്ട് ഓരോ പാവകൾക്കും. നഗോരോയിൽ ഒരു മനുഷ്യൻ ഇല്ലാതായാൽ അയാളുടെ പേരിൽ അതേ ഭാവഹാവാദികളോടെ ഒരു പാവ സൃഷ്ടിക്കപ്പെടുന്നു.
പാവകൾ പിറന്ന കഥ
ആർട്ടിസ്റ്റായ ത്‍സുകിമി അയാനോ ആണ് നഗോരോയിൽ മനുഷ്യപാവകൾ നിർമിച്ചു തുടങ്ങിയത്. ഷികോകു ദ്വീപുകളുടെ ഭാഗമായ നഗോരോയിൽ നിന്നു ചെറുപ്പത്തിൽ തന്നെ ഒസാകാ പട്ടണത്തിലേക്കു ചേക്കേറിയവരാണ് ത്‍സുകിമിയും കുടുംബവും. കുട്ടിക്കാലം ചെലവഴിച്ച താഴ്‌വരയിലേക്ക് അൻപതാം വയസിൽ ത്‍സുകിമി തിരിച്ചെത്തി. ആളും ബഹളവും സന്തോഷവുമുള്ള നാടു പ്രതീക്ഷിച്ചെത്തിയ ത‍്‍സുകുമി കണ്ടത് ആളൊഴിഞ്ഞ, ഒറ്റപ്പട്ട താഴ്‌വരയാണ്. നാട്ടിലെ മോശം സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം പലരും നാടുവിട്ടു. ഒട്ടേറെപ്പേർ മരണപ്പെട്ടു. ആകെ 35 പേർ മാത്രം ബാക്കി. ഏകാന്തതയിൽ നിന്നു രക്ഷപ്പെടാനായി ത്‍സുകിമി കണ്ടെത്തിയ വഴിയാണ് പാവ നിർമ്മാണം.
അച്ഛൻ പാവ
അച്ഛന്റെ രൂപത്തിലാണ് ആദ്യ പാവയുടെ നിർമാണം. വൈക്കോലും പഞ്ഞിയും ഉപയോഗിച്ച് അച്ഛന്റെ അതേ ഉയരത്തിലും വീതിയിലും പാവ നിർമിച്ചു. പിന്നെ മറ്റു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാവകൾ. പതിയെ പതിയെ അയൽവാസികളും നാട്ടുകാരും ത്‍സുകിമിയുമായി അടുത്തു.
പതിനഞ്ചു വർഷങ്ങൾക്ക് ശേഷം നഗോരോവിന്റെ മുക്കിലും മൂലയിലും പാവകളായി. ടെലിഫോണ്‍ ബൂത്തിന് സമീപം റിസീവർ പിടിച്ചിരിക്കുന്ന പാവ, കൃഷിയിടത്തിൽ പണിയെടുക്കുന്ന സ്ത്രീകളുടെ പാവ, ബോട്ടിൽ മീൻപിടിത്തക്കാരോടൊപ്പമുള്ള തൊപ്പിക്കാരൻ പാവ, ബസ്‍ സ്റ്റാൻഡിൽ കാത്തു നിൽക്കുന്ന യുവാവിന്റെ പാവ, സ്കൂളുകളിൽ നിരനിരയായി ഇരിക്കുന്ന കുട്ടിപ്പാവകൾ, ചായക്കടയിൽ ചാഞ്ഞിരിക്കുന്ന വൃദ്ധന്റെ പാവ ..സൂക്ഷിച്ച് നോക്കിയില്ലെങ്കിൽ ഇവ മനുഷ്യരാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും മതി
കണ്ണുതുറക്കൂ
നഗോരോവിന്റെ പാവക്കഥ കൗതുകകരമായി തോന്നുന്നുവെങ്കിലും ജപ്പാൻ നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ നേർക്കാഴ്ചയാണിവ. ജനനനിരക്കിൽ വളരെ പിന്നിലാണ് ജപ്പാനിലെ മിക്ക പ്രദേശങ്ങളും. പ്രത്യേകിച്ച് ഗ്രാമങ്ങളും താഴ്‍വരകളും. കഴിഞ്ഞ വർഷത്തെക്കാൾ 2.9 ശതമാനം കുറവാണ് ഈ വർഷം ജനനനിരക്ക്. 1974 ശേഷമുള്ള ഏറ്റവും കുറവും. ഗ്രാമങ്ങളിലെ സാമ്പത്തിക സ്ഥിതിയും വളരെ മേശമാണ്. ഇതിനൊക്കെ പുറമേ ജോലി തേടി കൂടുതൽ പേർ നഗരത്തിലേക്ക് താമസം മാറിയതും നഗോരോയെ ഒറ്റപ്പെടുത്തി. ഇന്ന് നോഗോരോ ‘കുട്ടികളില്ലാ താഴ്വരയായി മാറി.എല്ലാ സ്കൂളുകളും പൂട്ടി. ഇവിടെ ഇപ്പോഴുള്ളത് അയാനോയുടെ പാവകൾ മാത്രം .