Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു മാസം നടുക്കടലില്‍ കുടുങ്ങിയ സ്ത്രീകൾ; നേരിടേണ്ടി വന്നത് സ്രാവുകളുടെ ആക്രമണവും കൊടുങ്കാറ്റും

Boat

ഹവായിയില്‍ നിന്നു ബോട്ടില്‍ പസഫിക്കിലെ താഹിതി ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു ജന്നിഫറും താഷയും. ഒപ്പം അവരുടെ വളർത്തു നായകളായ സ്യൂസും വാലന്റൈനും മാത്രം. എന്നാല്‍ പ്രതീക്ഷിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. പ്രതികൂലമായ കാലാവസ്ഥയും കടല്‍ക്ഷോഭവും തിരിച്ചടിയായതിനൊപ്പം യാത്രയുടെ പകുതിയെത്തിയപ്പോഴേക്കും ബോട്ടും പണിമുടക്കി. ബോട്ടിന്റെ എൻ‍ജിന്‍ തകരാറിലായതോ‌െട യാത്ര പുറപ്പെട്ടവര്‍ നടുക്കടലിലായി.

മൂവായിരത്തോളം കിലോമീറ്റര്‍ ദൂരം ഒരു മാസത്തിനുള്ളില്‍ സഞ്ചരിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ യാത്ര പത്തു ദിവസം പൂര്‍ത്തിയായപ്പോഴേക്കും എല്ലാ കണക്കുകൂട്ടലുകളും തെറ്റി. പസഫിക് സമുദ്രത്തിന്റെ നടുവിൽ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഇവര്‍ ശരിക്കും വലഞ്ഞു. പുറംലോകവുമായി റേഡിയോ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ കൃത്യമായി ലഭിക്കാത്തിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ യാതൊരു മാര്‍ഗ്ഗവും തെളിഞ്ഞില്ല.

ഇങ്ങനെ നീണ്ട അഞ്ചു മാസമാണ് ഇവര്‍ പസഫിക്കിനു നടുവില്‍ കഴിച്ചുകൂട്ടിയത്. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല ഇവരുടെ അതിജീവനം. ഏറ്റവും ദുഷ്കരമാക്കിയത് ഒരു പറ്റം സ്രാവുകളായിരുന്നു. ദിവസേനയെത്തുന്ന സ്രാവുകള്‍ ബോട്ടിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ടൈഗര്‍ ഷാര്‍ക്ക് ഇനത്തില്‍ പെട്ട സ്രാവുകള്‍ കുട്ടിസ്രാവുകളെ വേട്ടായാടാന്‍ പഠിപ്പിക്കുന്നതായിരുന്നു ഇതെന്നാണ് ഇതേപറ്റി ജന്നിഫറും താഷയും പറഞ്ഞത്. ആദ്യദിവസങ്ങളില്‍ സ്രാവുകളെ കണ്ട നായകൾ കുരച്ചത് പ്രശ്നം കൂടുതൽ വഷളാക്കി. സ്രാവുകളുടെ ആക്രമണത്തില്‍ ബോട്ടിന്‍റെ നിലതെറ്റി മറിയുമെന്ന അവസ്ഥ പോലുമുണ്ടായെന്ന് ജന്നിഫര്‍ പറയുന്നു. ഇതിനിടയിൽ ഇവർക്ക് രണ്ടു കനത്ത കൊടുങ്കാറ്റിനേയും നേരിടേണ്ടി വന്നു.

ദിവസങ്ങള്‍ പിന്നിട്ടതോടെ സ്രാവുകള്‍ എത്തുമ്പോള്‍ കുരയ്ക്കാതിരിക്കാന്‍ നായ്ക്കള്‍ക്ക് ജന്നിഫറും താഷയും പരിശീലനം നല്‍കി. പിന്നീട് സ്രാവുകള്‍ എത്തുന്ന സമയമാകുമ്പോള്‍ നായ്ക്കളും ജന്നിഫറും താഷയും കമഴ്ന്നു ബോട്ടിന്റെ മുകള്‍ത്തട്ടില്‍ അനങ്ങാതെ കിടക്കാന്‍ ശീലിച്ചു. ഇതോടെ സ്രാവുകളുടെ ആക്രമണത്തില്‍ കുറവു വന്നു.

ഒന്നര മാസത്തോടെ ബോട്ടില്‍ സൂക്ഷിച്ച ശീതീകരിച്ച ഭക്ഷണം തീർന്നു. എന്നാൽ ഉണക്കി സൂക്ഷിച്ച ഭക്ഷണം ഇവർ കൂടുതൽ കരുതിയിരുന്നത് തുണയായി. ഇതോടൊപ്പം കടലില്‍ നിന്നു പിടിക്കുന്ന മത്സ്യവും ആഹാരമാക്കി. ഒടുവില്‍ അഞ്ചു മാസത്തിനു ശേഷം ഇവരുടെ റേഡിയോ സിഗ്നല്‍ അമേരിക്കന്‍ നേവിക്കു ലഭിച്ചു. ഇതോടെയാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിനു വഴി തെളിഞ്ഞത്. നേവിയുടെ ഹെലികോപ്റ്ററില്‍ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.