Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ ആനക്കൂട്ടത്തെ ഇടിച്ചു തെറിപ്പിച്ചു; ഗർഭിണിയായ ആനയുൾപ്പെടെ 5 ആനകൾക്ക് ദാരുണാന്ത്യം

Elephants

അസമിലെ ഗുവാഹട്ടിയിൽ റെയില്‍ പാളത്തിലൂടെ നടന്നു നീങ്ങിയ ആനക്കൂട്ടത്തെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗര്‍ഭിണിയായ ആനയുള്‍പ്പെടെ അഞ്ച് ആനകള്‍ ചെരിഞ്ഞു. സോണിത്പൂര്‍ ജില്ലയിലെ തേയിലത്തോട്ടത്തിലേക്ക് തീറ്റതേടി ഇറങ്ങിയ ആനകള്‍ക്കു നേരെയാണ് ട്രെയിന്‍ പാഞ്ഞു കയറിയത്. ചാരിദുവാര്‍ പൊലീസ് സ്റ്റേഷനു സമീപം ബലിപാറയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.30 നായിരുന്നു അപകടം.

ഒരു ഗര്‍ഭിണിയായ ആനയുള്‍പ്പെടെ നാലു പിടിയാനകളും ഒരു കൊമ്പനും ചേര്‍ന്ന ആനക്കൂട്ടം റെയില്‍വേ ട്രാക്ക് മറികടക്കുമ്പോള്‍ ട്രെയിൻ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗര്‍ഭിണിയായ ആനയുടെ വയറ്റിലുണ്ടായിരുന്ന പൂര്‍ണ വളര്‍ച്ചയെത്താത്ത ആനക്കുട്ടി പുറത്തുവന്നു. 

ഇവർക്കൊപ്പമുണ്ടായിരുന്ന കൊമ്പനും സംഭവസ്ഥലത്തു വച്ചുതന്നെ ചെരിഞ്ഞു. നമേരി നാഷണല്‍ പാര്‍ക്കിനു സമീപം തീറ്റതേടിയെത്തിയതായിരുന്നു ആനക്കൂട്ടം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇവിടെ 70ലധികം ആനകൾ ഈ ഭാഗത്ത് തീറ്റതേടിയിറങ്ങിയിരുന്നു. പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ആനകളുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കും.

സംഭവത്തില്‍ അസം എന്‍ജിഒ ഫോറം ആശങ്കരേഖപ്പെടു‍ത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ സമാനമായ അപകടങ്ങളിലൂടെ മാത്രം 40ലധികം ആനകളാണ് ചെരിഞ്ഞത്. വർദ്ധിച്ചു വരുന്ന വനനശീകരണവും ജനങ്ങളുടെ കടന്നുകയറ്റവും സ്വാഭാവിക ആവാസവ്യവയ്ഥയെ തകർക്കുന്നതാണ് ആനകൾ കാടിറങ്ങാൻ കാരണം. ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.