സർക്കസ് പ്രദർശനത്തിനിടയിൽ സിംഹവും കടുവയും ചേർന്ന് കുതിരയെ ആക്രമിച്ചു; ഭീകര ദൃശ്യങ്ങൾ പുറത്ത്

സർക്കസ് പ്രദർശനത്തിനിടയിൽ സിംഹവും കടുവയും ചേർന്ന് കുതിരയെ ആക്രമിക്കുന്ന ഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.സർക്കസ് റിങ്ങിൽ പ്രകടനം നടത്തുകയായിരുന്ന കുതിരയുടെ പിന്നാലെയെത്തിയ കടുവയും സിംഹവുമാണ് കുതിരയെ മൃഗീയമായി ആക്രമിച്ചത്. ചൈനയിലെ തേയാങ് സർക്കസിലാണ് ദാരുണ സംഭവങ്ങൾ അരങ്ങേറിയത്.

മൃഗങ്ങൾ തമ്മിലുള്ള സഹകരണമില്ലായ്മയാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്ന് സർക്കസ് പ്രതിനിധി വ്യക്തമാക്കി. റിങ്ങിനു ചുറ്റും ഓടിക്കൊണ്ടിരുന്ന കുതിരയുടെ പിന്നാലെയെത്തിയ സിംഹത്തെ കുതിര തൊഴിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. പകരത്തിനു പകരമായി സിംഹം ഉടൻതന്നെ കുതിരയെ ചാടിവീണു കടിച്ചു. ഇതുകണ്ടു നിന്ന കടുവയും ഓടിവന്ന് കുതിരയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. കടുവയും കൂടി കുതിരയെ ആക്രമിച്ചതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.

സർക്കസ് റിങ്ങിനു ചുറ്റും പ്രാണഭയത്തോടെ ഓടുന്ന കുതിരയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക.ജീവനക്കാർ പലതവണ വടിയുപയോഗിച്ച് അടിച്ചും ഒച്ചവച്ചും ഈ മൃഗങ്ങളെ തുരത്താൻ ശ്രമിച്ചെങ്കിലും പിടിവിടാൻ തയാറാകാതെ ഇവ കുതിരയുടെ ശരീരത്തിൽ കടിച്ചുതൂങ്ങിക്കിടക്കുകയായിരുന്നു. ഏകദേശം അഞ്ച് മിനിട്ടോളം കുതിര കടിച്ചു തൂങ്ങിക്കിടക്കുന്ന ഈ മൃഗങ്ങളേയും വലിച്ചുകൊണ്ട് റിങ്ങിലൂടെ ഓടി.ചവിട്ടിയും തൊഴിച്ചും മൃഗങ്ങളെ തുരത്താൻ കുതിര ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല.ഒ‌ടുവിൽ ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് മൃഗങ്ങളുടെ പിടിയിൽ നിന്ന് കുതിര രക്ഷപെട്ടത്.കുതിരയുടെ പരിക്കുകൾ ഗുരുതരമല്ലെന്നും കുതിര സുഖം പ്രാപിച്ചു വരുന്നതായും സർക്കസ് വൃത്തങ്ങൾ അറിയിച്ചു.