അനാഥനായ്ക്കൾക്ക് അഭയമേകി കോട്ടയം കൂട്ടായ്മ

ലോകത്ത് ഏറ്റവുമധികം ദുരിതവും പീഢനവും സഹിക്കുന്ന ജീവകളായിരിക്കും തെരുവുനായ്ക്കള്‍. ആര്‍ക്കും വേണ്ടാതെ ജനിച്ചതോ അല്ലെങ്കില്‍ ഒരു കാലത്ത് ആരുടെയോ ഓമന ആയിരുന്ന ശേഷം പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരോ ആണ് ഇവര്‍. തെരുവുനായ്ക്കള്‍ക്ക് വേണ്ടി വാദിക്കുന്നവരെ പലരും പുച്ഛിച്ച് കാണാറുണ്ട്. തെരുവുനായ്ക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ അവയെ കൊന്നൊടുക്കണമെന്ന് വാദിക്കുന്നവരുണ്ട്. അവരെല്ലാം മനസ്സിലാക്കേണ്ട കാര്യം തെരുവ് നായ്ക്കളോട് നമ്മള്‍ കാണിക്കുന്ന അക്രമങ്ങളാണ് പിന്നീട് അവയെ  അക്രമാസ്കതരാക്കുന്നത് എന്നതാണ്.

തെരുവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ധാരാളമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ കണ്ടാല്‍ കല്ലെടുത്ത് എറിയാനല്ലാതെ അവയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചൊന്നും അധികൃതര്‍ പോലും കാര്യമായി ചിന്തിക്കാറില്ല. എന്നാല്‍ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാങ്ക് എന്ന എന്‍.ജി.ഒ തെരുവു നായ്ക്കളുടെ സംരക്ഷകരാണ്. 2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്രാങ്ക് പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് ഇതുവരെ ഇരുന്നൂറോളം നായ്ക്കളെ തെരുവില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്.

കോട്ടയത്തും സമീപപ്രദേശങ്ങളിലുമുള്ള ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് നായ്ക്കള്‍ക്ക് ഒരു പുനരധിവാസ കേന്ദ്രം എന്ന നിലയിലാണ് ഫ്രാങ്ക് തുടങ്ങിയത്. ഫ്രണ്ട്സ് ഓഫ് ആനിമല്‍സ് കോട്ടയം എന്നതിന്റെ ചുരുക്കപ്പേരാണ് ഫ്രാങ്ക്. തുടക്കത്തില്‍ നായ്ക്കള്‍ മാത്രമായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് ആടും, പശുവും , കോഴിയും, പൂച്ചയുമെല്ലാം ഇവിടെയെത്തി. തെരുവിലലയുന്ന ജീവികളെ കണ്ടെത്തി അവയ്ക്ക് ആവശ്യമായ സംരക്ഷണവും ഭക്ഷണവും നല്‍കി പിന്നീട് പുതിയ സംരക്ഷകരെ കണ്ടെത്തി നല്‍കുക എന്നതാണ് ഫ്രാങ്ക് ചെയ്യുന്നത്. പുതിയ ഉടമകളെ ലഭിക്കും വരെ നായ്ക്കള്‍ക്കും മറ്റുജീവികള്‍ക്കും താമസിക്കാന്‍ ഒരു പുനരധിവാസ കേന്ദ്രവും ഫ്രാങ്കിനുണ്ട്.

കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയാഴം ഗ്രാമത്തിലാണ് ഈ പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മുപ്പത് നായ്ക്കളോളം ഈ പുനരധിവാസകേന്ദ്രത്തിലുണ്ട്. ഇവയെ ഏറ്റെടുക്കാന്‍ തയാറായ ആളുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഫ്രാങ്ക് ഇപ്പോള്‍. പരിക്കേറ്റും അംഗഭംഗം വന്നും മറ്റുമെത്തുന്ന നായ്ക്കൾക്കാവശ്യമായ ശുശ്രൂഷ നല്‍കി സുഖപ്പെടുത്തും. ഇങ്ങനെ ശാരീരികവൈകല്യങ്ങളുള്ള നായ്ക്കളെയും ഫ്രാങ്ക് പുതിയ സംരക്ഷകരെ കണ്ടെത്തി ഏല്‍പ്പിക്കാറുണ്ട്.

പൊതുജനങ്ങളില്‍ നിന്നും മൃഗസ്നേഹികളില്‍ നിന്നും മറ്റും പണം സമാഹരിച്ചാണ് എന്‍.ജി.ഒയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. കൂടാതെ  എന്‍.ജിഒയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും മാസം വലിയൊരു തുക ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നവരാണ്. പേരില്‍ കോട്ടയം ഉണ്ടെങ്കിലും പ്രവര്‍ത്തനം കേരളമാകെ വ്യാപിപ്പിക്കണം എന്നതാണ് ഫ്രാങ്കിന്റെ ആഗ്രഹം. ഇതിന്റെ ആദ്യപടിയെന്നോണം കോട്ടയത്തിന്റെ സമീപ ജില്ലകളില്‍ നിന്നും ഏതാനും ജീവികളെ ഫ്രാങ്കിന്റെ പ്രവര്‍ത്തകര്‍ രക്ഷിച്ചിരുന്നു.

മൃഗസംരക്ഷണം രംഗത്ത് കൂടുതല്‍ സജീവമാകുന്നതിനായി അവയ്ക്കുവേണ്ടിയുള്ള ആബുലന്‍സ് സൗകര്യമുള്‍പ്പടെ ഒരുക്കുക എന്നതാണ് ഫ്രാങ്കിന്റെ അടുത്ത ലക്ഷ്യമെന്ന് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ അര്‍നെലിറ്റ് ഫിലിപ്പ് പറയുന്നു. ഒപ്പം എന്‍.ജി.ഒയ്ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വോളന്റിയര്‍മാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ കൂടിയാണ് ഫ്രാങ്ക്. ഭംഗിയും വിലയും നോക്കി വിദേശ ഇനങ്ങള്‍ക്ക് പുറകേ പോകാതെ അനാഥരായ നായ്ക്കളെ സഹായിക്കാന്‍ ഇവിടെയുള്ള മൃഗസ്നേഹികള്‍ തയാറായാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണിതെന്നും ഫ്രാങ്ക്.