അവ്നിയുടെ മക്കൾ അമ്മയില്ലാതെ അതിജീവിക്കുമോ?

Representative Image

13 പേരുടെ ജീവനെടുത്ത നരഭോജിക്കടുവ എന്നാരോപിച്ചു മഹാരാഷ്ട്ര  സർക്കാർ വെടിവച്ചുകൊന്ന പെൺകടുവ ‘അവ്നി’യുടെ മക്കളെ കാട്ടിൽ കണ്ടെത്തി. കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം സർക്കാർ സ്ഥിരീകരിച്ചു. കടുവക്കുട്ടികൾ പൂർണ ആരോഗ്യമുള്ളവരാണ്. അവ്നിയെ വെടിവച്ച സംഭവം മഹാരാഷ്ട്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കണ്ടെത്തിയ ‘കടുവക്കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരാണ്. അമ്മയില്ലാതെ അതിജീവിക്കുന്നുണ്ട്.

ഈ കടുവക്കുഞ്ഞുങ്ങൾ നരഭോജികളാകാം, ആകാതിരിക്കാം. സാഹചര്യങ്ങൾക്ക് അനുസരിച്ചാണു അതെല്ലാം സംഭവിക്കുക. എന്തായാലും അവയെ പുനരധവസിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ’– വനംവകുപ്പ് ഉദ്യോഗസ്ഥൻ എ.കെ.മിശ്ര പറഞ്ഞു. പന്താർകാവ്ഡ- റാളെഗാവ്‌ വനമേഖലയിലെ പെൺകടുവയെ വനംവകുപ്പ് T1 എന്നു വിളിച്ചപ്പോൾ മൃഗസ്നേഹികളാണ് അവ്നി എന്നു പേരു നൽകിയത്.

ഒന്നര വര്‍ഷത്തിനിടെയിൽ പതിമൂന്ന് പേരെ രണ്ടര വയസ്സുകാരിയായ ഈ കടുവ കൊന്നു തിന്നുവെന്നാണ് വനം വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കടുവയെ കൊന്നതിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയര്‍ന്നത്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് കടുവയുടെ മേല്‍ മനുഷ്യരെ കൊന്ന കുറ്റം കെട്ടി വച്ചതെന്നു കുറ്റപ്പെടുത്തി ആദ്യം രംഗത്തെത്തിയത് പരിസ്ഥിതി പ്രവര്‍ത്തകരാണ്. ഒടുവില്‍ ശിവസേനയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വരെ അവ്നിയുടെ കൊലപാതകത്തിനെതിരെ രംഗത്തെത്തി.

കടുവ വേട്ടക്കാരനായ അസ്ഹര്‍ അലിയുടെ വെടിയേറ്റാണ് അവ്നി കൊല്ലപ്പെട്ടത്. കടുവയെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അക്രമാസക്തയായതോടെ അവ്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. യവത്‌മാല്‍ ജില്ലയിലെ ബൊറാതി ഫോറസ്റ്റ് ഡിവിഷനില്‍ വച്ചാണ് അവ്നി കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായിരുന്ന വേളയില്‍ മറ്റ് ഇരകളെ പിടിക്കാന്‍ കഴിയാതെ വന്നതോടെ അവ്നി നരഭോജിയായി മാറിയെന്നാണ് വനം വകുപ്പു കരുതുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പതിമൂന്ന് പേരാണ് പല ഗ്രാമങ്ങളിലായി കൊല്ലപ്പെട്ടത്. ഇവരെയെല്ലാം കൊന്നത് അവ്നിയാണെന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രദേശവാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരെയെല്ലാം കൊന്നത് അവ്നി തന്നെയാണ് എന്നതിന് ഡിഎന്എ ഉള്‍പ്പടെ ഒരു തെളിവും വനം വകുപ്പിന് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അവ്നിയുടെ കൊലപാതകം നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിലായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതേ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പെ അവ്നിയെ വെടി വച്ചു കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. കൊല്ലാനുള്ള തീരുമാനമെടുത്തതിനെതിരെ രാഷ്ട്രപതിക്കു വരെ കത്തു ചെന്നു. കടുവ അതീവ അപകടകാരിയാണെന്നായിരുന്നു സർക്കാർ വാദം

6 വയസ്സുണ്ടായിരുന്ന അവ്നി, 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. അവ്നിയെ കൊന്ന സംഭവത്തിൽ മഹാരാഷ്ട്ര വനംമന്ത്രി സുധീർ മുൻഗൻതിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു. അനിൽ അംബാനിക്കു സിമന്റ് പ്ലാന്റ് നിർമിക്കാൻ വിട്ടുകൊടുക്കുന്ന വനഭൂമിയിൽനിന്നു ‘ശല്യം’ ഒഴിവാക്കാനുള്ള നീക്കമാണെന്നും ആരോപണങ്ങളുയർന്നിരുന്നു. 

അവ്നിയും കുട്ടികളുമായിരുന്നു ബൊറാതി ഫോറസ്റ്റ് ഡിവിഷനിലുള്ള കടുവകള്‍. അവനിയെ കൊന്നതോടെ കുട്ടികളുടെ സംരക്ഷണം വനം വകുപ്പിന് ഏറ്റെടുക്കേണ്ടി വരും. ഇതോടെ പ്രദേശത്തു കടുവകളില്ലാതാകും. ഈ സാഹചര്യത്തില്‍ മേഖലയിലെ വനത്തിന്റെ ഒരു ഭാഗം സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നീക്കമെന്നാണ് ആരോപണമുയർന്നത്. അടുത്തിടെ റിലയന്‍സിന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നൂറിലേറെ ഏക്കര്‍ വനഭൂമി കടുവാസങ്കേതത്തില്‍ നിന്ന് വക മാറ്റി നല്‍കിയിരുന്നു. ഇതിനോട് ചേര്‍ത്തു വച്ചാണ് അവ്നിയുടെ കൊലപാതകവും പലരും കാണുന്നത്.