Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ദ്വീപിലെ പൂക്കൾ മാത്രം അസാധാരണമായി പൂത്തുലഞ്ഞു; ദുരൂഹതയ്ക്ക് ഒടുവിൽ ഉത്തരം

Barro Colorado island The purple blooms in the tree canopy of Barro Colorado Island. Image Credit: Marcos Guerra, Smithsonian Tropical Research Institute

എന്തുകൊണ്ടാണ് ആ കാട്ടിൽ മാത്രം ഇത്രയേറെ ‘പൂക്കാലങ്ങൾ’ ഉണ്ടാകുന്നത്? ദശാബ്ദങ്ങളായുള്ള പരിസ്ഥിതി ഗവേഷകരുടെ ചോദ്യമായിരുന്നു അത്. പനാമയിലെ ബറോ കൊളറാഡോ ദ്വീപിലെ മരങ്ങളാണ് അസാധാരണമായി കാലം തെറ്റിയും പൂത്തുലഞ്ഞിരുന്നിത്. ഉഷ്ണമേഖലാ വനപ്രദേശമാണിത്. അതിനാൽത്തന്നെ സ്ഥിരതയാർന്ന കാലാവസ്ഥയ്ക്കനുസരിച്ചാണ് മരങ്ങളുടെ ജീവിതം. പിന്നെയിതെന്തു സംഭവിച്ചതാണ് എന്നായിരുന്നു ഗവേഷകരുടെ പ്രധാന ചിന്ത. അങ്ങനെ യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആ രഹസ്യം കണ്ടെത്താൻ തന്നെ തീരുമാനിച്ചു. 

വർഷങ്ങളായി പലപ്പോഴും ആ ദ്വീപിൽ നിന്നു ശേഖരിച്ചിരുന്ന ചെടികളുടെ സാംപിളുകൾ പരിശോധിച്ചപ്പോഴാണ് പൂക്കാലത്തിന്റെ രഹസ്യം പുറത്തായത്. അതാകട്ടെ ഒട്ടും ആശ്വസിക്കാവുന്നതുമായിരുന്നില്ല. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വൻ തോതിൽ വർധിച്ചതാണ് അസാധാരണമായ പൂക്കാലത്തിലേക്ക് ഈ സസ്യജാലങ്ങളെ നയിച്ചത്. ഏതാനും ദശാബ്ദങ്ങളായി ലോകത്ത് ചൂടും അന്തരീക്ഷത്തിൽ കാർബണിന്റെ അളവും കൂടുകയാണ്. അക്കാര്യത്തിൽ തർക്കവുമില്ല. ഇതിനോട് പല സസ്യജന്തുജാലങ്ങളും പല തരത്തിലാണു പ്രതികരിക്കുന്നത്. ബറോ കൊളറാഡോ ദ്വീപിലെ സസ്യങ്ങൾപ്രതികരിച്ചതാകട്ടെ അപ്രതീക്ഷിതമായും കാലം തെറ്റിയും പൂത്തുലഞ്ഞ്! 

ചൂടുള്ള കാലാവസ്ഥയിൽ വളർന്നാണ് ഇത്തരം വനങ്ങളിലെ മരങ്ങളുടെ ശീലം. എന്നാൽ പുതിയ അന്തരീക്ഷ സാഹചര്യങ്ങളിൽ വളരെ ‘സെൻസിറ്റീവ്’ ആയി സസ്യങ്ങൾ പ്രതികരിക്കുമെന്നതിന്റെ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. അതാകട്ടെ ഗവേഷകർ ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു. 28 വർഷത്തിനിടെ ദ്വീപിൽ നിന്നു ശേഖരിച്ച സസ്യ സാംപിളുകളാണ് ഗവേഷകർ പരിശോധനയ്ക്കു വിധേയമാക്കിയത്. ചൂട്, മഴ, പ്രകാശം, കാർബൺ ഡൈ ഓക്സൈഡ് ഇവയിൽ ഏതാണ് ചെടികളുടെ പൂവിടലിനെ ഏറെ സ്വാധീനിച്ചതെന്നായിരുന്നു പരിശോധന. അങ്ങനെയാണ് വൻതോതിലുള്ള കാർബണിന്റെ സ്വാധീനം തിരിച്ചറിയുന്നതും. 

അധികമായുള്ള കാർബണിനെ ചെടികൾ ‘പഞ്ചസാര’യാക്കി മാറ്റുകയാണു പതിവ്. ഊർജത്തിന്റെ ഈ വൻ സ്രോതസ്സിനെ പ്രത്യുത്പാദനപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കാനും തുടങ്ങി. അതോടെ വൻതോതിൽ മരങ്ങൾ പൂത്തുലഞ്ഞു. ദ്വീപിലെ പല ചെടികളും പല തരത്തിലാണ് കാർബണിന്റെ ആധിക്യത്തോടു പ്രതികരിച്ചത്. എന്തുതന്നെയായാലും വരുംകാലത്ത് ആഗോളതാപനവും കാർബണിന്റെ ആധിക്യവും എപ്രകാരമാണ് പ്രകൃതിയെ തികച്ചും അപ്രതീക്ഷിതമായ രീതിയിൽ ബാധിക്കുകയെന്നതിന്റെ സൂചനയാണ് ഈ പഠനം നൽകിയിരിക്കുന്നതെന്നു ഗവേഷകർ പറയുന്നു. മുഴുവൻ പഠനം ഗ്ലോബൽ ചേഞ്ച്  ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.