ജീവനോടെ കുഴിച്ചുമൂടി ഗർഭിണി നായയെ!!!

ആരോ അറിയാതെ ചെയ്തുപോയ ഒരു തെറ്റിനുള്ള പ്രാശ്ചിത്തമായിരുന്നു അന്ന് റഷ്യയിലെ തെരുവിൽ അരങ്ങേറിയത്. ആ കരിങ്കൽ പാളികൾക്ക് മുകളിലൂടെ ചവിട്ടി നടക്കുമ്പോൾ ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അതിനുള്ളിൽ ഒരു ജീവൻ കുടുങ്ങിക്കിടപ്പുണ്ടെന്ന്.

പ്രാണനു വേണ്ടിയുള്ള ആ കുഞ്ഞുനിലവിളി കേട്ടു മനസലിഞ്ഞ ഒരു മനുഷ്യൻെറ അധ്വാനം പക്ഷെ രക്ഷിച്ചത് ഒരു ജീവനെയല്ല.ഭൂമിക്കടിയിലെ നിലവിളി തിരിച്ചറിഞ്ഞ ആ മനുഷ്യൻ രക്ഷിച്ചത് ഗർഭിണിയായ ഒരു നായയെയാണ്.അതും കുഴിച്ചു മൂടപ്പെട്ട് രണ്ടാം ദിവസം.

റഷ്യയിലെ വെറോനി എന്ന സ്ഥലത്താണ് ഹൃദയത്തെ സ്പർശിക്കുന്ന ഈ സംഭവങ്ങൾ അരങ്ങേറിയത്. സൗത്ത്‌വെസ്റ്റ് റഷ്യയിലെ നഗരവീഥിയിലെ കരിങ്കൽ തറയിളകി അവിടെയൊരു കുഴിരൂപപ്പെട്ടു. കുഴി അപകടമുണ്ടാക്കുമെന്നതിനാൽ എത്രയും വേഗം അത് അടക്കണമെന്ന് അധികാരികൾ തൊഴിലാളികൾക്ക് നിർദേശം നൽകി.

കുഴിയിൽ ഒരു നായകുടുങ്ങിയിട്ടുണ്ടെന്നറിയാതെ തൊഴിലാളികൾ കരിങ്കൽ പാകി കുഴിയടച്ചു.ഇതിനു ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇതുവഴി കടന്നുപോയ ഒരു വഴിപോക്കൻ ഭൂമിക്കടിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് അധികൃതരെ വിവരമറിയിച്ചു.

എന്നാൽ അധികൃതർ എത്താത്തതിനെത്തുടർന്ന് ആയുധങ്ങളുപയോഗിച്ച് അയാൾ കല്ലുകൾ അടർത്തി മാറ്റി. ശേഷം മണ്ണ് നീക്കിയപ്പോഴാണ് ഒരു നായയുടെ തല കണ്ടത്. ചെറിയ ദ്വാരത്തിലൂടെ അതിനെ പുറത്തേക്ക് എടുക്കാൻ പറ്റാത്തതിനെത്തുടർന്ന് കൂടുതൽ വലിയ വിടവുണ്ടാക്കി അതിനെ പുറത്തെടുത്തു. അപ്പോഴാണ് അതൊരു ഗർഭിണി നായയാണെന്ന് അവിടെ കൂടിയവർക്ക് മനസിലായത്. സ്ത്രീകളടക്കമുള്ള കാഴ്ചക്കാർ കരഞ്ഞുകൊണ്ടാണ് ഈ ദൃശ്യം പകർത്തിയത്.

Vadim Rustam എന്നയാൾ പകർത്തിയ വിഡിയോയിലൂടെയാണ് ഗർഭിണിനായയുടെ രക്ഷപെടലിൻെറ കഥ പുറത്തായത്. രണ്ട് ദിവസം വെള്ളവും ആഹാരവും ഇല്ലാതിരുന്നിട്ടും ഗർഭിണിയായ നായ രക്ഷപെട്ടത് അത്ഭുതം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.