Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ കാറുകൾ നിരോധിക്കാനൊരുങ്ങി മഡ്രിഡ്

Representative Image

പരിസ്ഥിതി മലിനീകരണം ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴഞ്ചൻ വാഹനങ്ങളെ പടിയടയ്ക്കാൻ സ്പാനിഷ് തലസ്ഥാനമായ മഡ്രിഡ് ഒരുങ്ങുന്നു. 2025 ആകുമ്പോഴേക്ക് നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്നു പഴക്കമേറിയ വാഹനങ്ങളെ വിലക്കാനാണു പദ്ധതി.

രണ്ടായിരത്തിനു മുമ്പ് റജിസ്ട്രേഷൻ നേടിയ പെട്രോൾ എൻജിനുള്ള കാറുകളും 2006നു ശേഷം റജിസ്റ്റർ ചെയ്ത ഡീസൽ എൻജിനുള്ള കാറുകളും നഗരപരിധിയിൽ പ്രവേശിക്കുന്നതു വിലക്കാനാണു നഗരത്തിന്റെ പ്രാദേശിക ഭരണകൂടം ആലോചിക്കുന്നത്. നഗരത്തിലുള്ള മൊത്തം വാഹനങ്ങളുടെ 20 ശതമാനത്തോളം ഇതിലേറെ പഴക്കമുള്ളളയാണെന്നാണു കണക്കുകൾ. പഴഞ്ചൻ വാഹനങ്ങൾ വിലക്കുന്നതോടെ നൈട്രജൻ ഡയോക്സൈഡ് മലിനീകരണം 15 ശതമാനത്തോളം കുറയ്ക്കാനാവുമെന്നു മഡ്രിഡ് ഭരണാധികാരികൾ കരുതുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ സൃഷിക്കുന്നത് അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡ് സാന്നിധ്യമാണ്. 

അന്തരീക്ഷ വായുവിന് യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിരിക്കുന്ന നിലവാരം കൈവരിക്കുന്നതിൽ കഴിഞ്ഞ എട്ടു വർഷവും മഡ്രിഡ് പരാജയപ്പെട്ടിരുന്നു. സമാന പ്രതിസന്ധി നേരിടുന്നതിനാൽ യൂറോപ്യൻ നഗരങ്ങളായ പാരിസും ബെർലിനുമൊക്കെ പഴഞ്ചൻ വാഹനങ്ങളുടെ കാര്യത്തിൽ കടുത്ത നടപടികൾ ആലോചിക്കുന്നുണ്ട്. മഡ്രിഡിലെ വായുവിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ഏക മാർഗമാണിതെന്നു മേയർ മാനുവേല കാർമെൻ വ്യക്തമാക്കിയിട്ടുണ്ട്. പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കുകയെന്ന കടുത്ത നടപടിയല്ലാതെ ഈ പ്രശ്നത്തിൽ മറ്റു പോംവഴിയില്ലെന്നും കാർമെൻ സൂചിപ്പിക്കുന്നു. 

അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 54.4 കോടി യൂറോ( 3829.44 കോടിയോളം രൂപ) ആണു മഡ്രിഡിലെ പ്രാദേശിക ഭരണകൂടം നീക്കിവച്ചിരിക്കുന്നത്. പുനരുപയോഗ സാധ്യതയുള്ള ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾക്കാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്.