ഇന്ത്യയുടെ ഡീസൽ ഉപയോഗം കുതിച്ചുയരുന്നു

petrol-diesel-pumb
SHARE

ഇന്ത്യയുടെ ഡീസൽ ഉപയോഗം അടുത്ത 12 വർഷത്തിനകം ഇരട്ടിയായി ഉയരുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. സമ്പദ്വ്യവസ്ഥ അതിവേഗ വളർച്ച കൈവരിച്ചു മുന്നേറുന്ന സാഹചര്യത്തിൽ ഡീസലിന്റെ ഉപയോഗം 2029 — 30 ആകുന്നതോടെ പ്രതിവർഷം 16.30 കോടി ടണ്ണായി ഉയരുമെന്നാണു മന്ത്രിയുടെ വിലയിരുത്തൽ. രാജ്യത്തിന്റെ പെട്രോളിയം ഉപയോഗത്തിൽ 2030 ആകുമ്പോഴേക്ക് 61% വർധനയാണ് രാജ്യാന്തര എനർജി ഏജൻസിയുടെ വേൾഡ് എനർജി ഔട്ട്ലുക്ക് 2018 പ്രവചിക്കുന്നത്; 2016ൽ മൊത്തം 21.70 കോടി ടൺ ഇന്ധനം ഉപയോഗിച്ചത് 2030ൽ 35 കോടി ടണ്ണാവുമെന്നാണു പ്രതീക്ഷ. പെട്രോളിയം ഉൽപന്ന ഉപയോഗത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം രൂപീകരിച്ച പ്രവർത്തക സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരം 2029 — 30 ആകുമ്പോഴേക്ക് പെട്രോളിന്റെ വാർഷിക ഉപയോഗം 4.90 കോടി ടണ്ണായി ഉയരും. 2017 — 18ൽ 2.62 കോടി ടൺ പെട്രോൾ ഉപയോഗിച്ച സ്ഥാനത്താണിത്. അതേസമയം ഡീസൽ ഉപയോഗം 2017 — 18ലെ 8.11 കോടി ടണ്ണിൽ നിന്നാണ് 2029 — 30ൽ 16.30 കോടി ടണ്ണായി കുതിച്ചുയരുക. 

കഴിഞ്ഞ വർഷങ്ങൾക്കിടെ ഇന്ത്യയിലെ പെട്രോളിയം ഉപയോഗത്തിൽ ശരാശരി ആറു ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. 2015ൽ 19.78 കോടി ടണ്ണായിരുന്നു ഇന്ത്യയുടെ പെട്രോളിയം ഉപയോഗം; അടുത്ത വർഷം ഉപയോഗം 21.71 കോടി ടണ്ണായി. 2017ലാവട്ടെ പെട്രോളിയം ഉപയോഗം 22.21 കോടി ടണ്ണായി ഉയർന്നു.  ഇന്ധന ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പര്യവേഷണവും ഉൽപ്പാദനവും ഉയർത്താൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാൻ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA