വൈദ്യുത വാഹന ഉൽപ്പാദനം കുത്തനെ ഉയർത്താൻ മഹീന്ദ്ര

പൊതുഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങളുടെ വിഹിതം ഉയരുന്നതു വഴിയുള്ള അനുകൂല സാഹചര്യം മുതലെടുക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. ഷെയേഡ് മൊബിലിറ്റി മേഖലയിൽ നാഗ്പൂരിൽ ആരംഭിച്ച പരീക്ഷണത്തിന്റെ പിൻബലത്തിലാണ് 2019 ആകുമ്പോഴേക്ക് വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ ഉൽപ്പാദനം 5,000 യൂണിറ്റായി ഉയർത്താൻ മഹീന്ദ്ര തയാറെടുക്കുന്നത്.

നാഗ്പൂരിലെ പൊതുഗതാഗത മേഖലയിൽ കഴിഞ്ഞ 26നാണ്  ടാക്സികളും ബസ്സുകളും ഇ റിക്ഷകളും ഓട്ടോറിക്ഷകളുമൊക്കെയായി 200 വൈദ്യുത വാഹനങ്ങൾ സർവീസിനെത്തിയത്. ഇതുവരെ വ്യക്തിഗത ഉപയോഗത്തിനുള്ള വിഭാഗത്തെയാണു മഹീന്ദ്ര ലക്ഷ്യമിട്ടിരുന്നത്; എന്നാൽ പുതിയസാഹചര്യത്തിൽ ഷെയേഡ് മൊബിലിറ്റി മേഖലയിലും വിപുല സാധ്യതയാണ് ഉദിച്ചുയരുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു.

നിലവിൽ പ്രതിമാസം 400 വൈദ്യുത വാഹനങ്ങളാണു കമ്പനിയുടെ ഉൽപ്പാദനശേഷി. രണ്ടു മൂന്നു മാസത്തിനകം ഉൽപ്പാദന ശേഷി ഇരട്ടിയാക്കും. തുടർന്ന് ഓരോ രണ്ടു — മൂന്നു മാസം കൂടുമ്പോഴും വൈദ്യുത വാഹന ഉൽപ്പാദന ഇരട്ടിയായി ഉയർത്താനാണു പദ്ധതി. ക്രമേണ രണ്ടു വർഷത്തിനകം ഉൽപ്പാദനശേഷി 5,000 യൂണിറ്റിലെത്തിക്കാനാണു പദ്ധതിയെന്നു ഗോയങ്ക വെളിപ്പെടുത്തി. നാഗ്പൂരിലെ പോലെ പൊതുഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങൾ കൈവരിക്കുന്ന സ്വീകാര്യതയാണ് ഉൽപ്പാദനശേഷി ഉയർത്താൻ ആത്മവിശ്വാസം നൽകുന്നതെന്നും ഗോയങ്ക വ്യക്തമാക്കി. 

വൈദ്യുത വാഹന നിർമാണ രംഗത്ത് ഇതുവരെ 600 കോടി രൂപയാണു മഹീന്ദ്ര നിക്ഷേപിച്ചത്. കാര്യമായ കോലാഹലങ്ങളില്ലാതെയാണു കമ്പനിയുടെ ഈ മേഖലയിലെ പ്രവർത്തനം. വൈകാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേരുമെന്നതിനാൽ ഭാവി നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തലിനില്ലെന്നും ഗോയങ്ക അറിയിച്ചു.