വിമാന വേഗത്തിൽ ഹൈപ്പർലൂപ്, ന്യൂയോർക്ക് – വാഷിങ്ടൺ യാത്രയ്ക്ക് 29 മിനിറ്റ്

Hyperloop

യു എസിലെ ന്യൂയോർക്കിനെയും വാഷിങ്ടണെയും ബന്ധിപ്പിക്കുന്ന ‘ഹൈപ്പർലൂപ്’ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാരിന്റെ താൽക്കാലിക അനുമതി ലഭിച്ചതായി ടെസ്ല സ്ഥാപകൻ എലോൺ മസ്ക്. യാത്രക്കാരെ വഹിക്കുന്ന അറ(പോഡ്)കളെ വായു കടക്കാത്ത കുഴലുകളിലൂടെ ശബ്ദാതിവേഗത്തിൽ കടത്തിവിടുന്ന  ‘ഹൈപ്പൽലൂപ്’ സംവിധാനമാണ് യു എസിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ സർവീസിനായി മസ്കിന്റെ മനസ്സിലുള്ളത്.

ഭൂമിക്കടിയിലൂടെ ന്യൂയോർക്ക് — ഫിലദൽഫിയ — ബാൾട്ടിമോർ — വാഷിങ്ടൺ ഡി സി ഹൈപ്പൽലൂപ്പിനുള്ള അനുമതി ദ് ബോറിങ് കമ്പനിക്കു വാക്കാൽ ലഭിച്ച വിവരം ട്വിറ്ററിലൂടെയാണു ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ മസ്ക് ലോകത്തെ അറിയിച്ചത്. സ്വപ്നം സഫലമായാൽ വെറും 29 മിനിറ്റിൽ ന്യൂയോർക്ക് — വാഷിങ്ടൺ യാത്ര സാധ്യമാവുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ജനവാസമേറിയ നഗരമായ ന്യൂയോർക്കിൽ നിന്നു രാജ്യതലസ്ഥാനമായ വാഷിങ്ടണിലേക്ക് 200 മൈൽ(330 കിലോമീറ്റർ) ആണു ദൂരം. നിലവിൽ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രയ്ക്കു ട്രെയിനിലെങ്കിൽ മൂന്നു മണിക്കൂറും വിമാനത്തിലായാൽ ഒരു മണിക്കൂർ 15 മിനിറ്റുമാണ് വേണ്ടിവരുന്നത്.

അതേസമയം, ‘ഹൈപ്പർലൂപ്’ പദ്ധതി സംബന്ധിച്ച  മസ്കിന്റെ പ്രഖ്യാപനത്തെ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വൈറ്റ് ഹൗസ് തയാറായിട്ടില്ല. എങ്കിലും വാഷിങ്ടണെയും ന്യൂയോർക്കിനെയും ബന്ധിപ്പിക്കുന്ന ‘ഹൈപ്പർലൂപ്’ യാഥാർഥ്യമാവാൻ ഒട്ടേറെ വകുപ്പുകളുടെയും പ്രാദേശിക, സംസ്ഥാന അധികൃതരുടെയും അനുമതി വേണ്ടിവരുമെന്നാണു വിദഗ്ധരുടെ പക്ഷം. ഇവയെല്ലാം ലഭിച്ച ശേഷം മാത്രമാവും മസ്കിന്റെ സ്വപ്ന പദ്ധതി നിർമാണഘട്ടത്തോടടുക്കുക. അതിനിടെ, ‘ഹൈപ്പർലൂപ്’ പദ്ധതി യാഥാർഥ്യമാവാൻ ഔപചാരിക അനുമതികൾ പലതും ലഭിക്കേണ്ടതുണ്ടെന്നു മസ്കും വിശദീകരിച്ചിട്ടുണ്ട്. എങ്കിലും ഇവയൊക്കെ അതിവേഗം ലഭ്യമാവുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 

നിലവിൽ ‘ഹൈപ്പർലൂപ്പി’നുള്ള തുരങ്കങ്ങൾ നിർമിക്കുന്നതിൽ ഒതുങ്ങുകയാണു മസ്കിന്റെ പങ്കാളിത്തം. യാത്രക്കാർക്കുള്ള പോഡുകൾക്കും മറ്റും ആരെയാവും മസ്ക് ആശ്രയിക്കുകയെന്നും വ്യക്തമല്ല. അതേസമയം, നോർത്ത് ഈസ്റ്റ് മാഗ്ലെവ്, ഹൈപ്പർലൂപ് വൺ, ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസ് തുടങ്ങി വിവിധ കമ്പനികൾ ഈ പദ്ധതിയിൽ തൽപരരായി രംഗത്തുണ്ട്.  ഹൈപ്പൽലൂപ്പിനു പുറമെ 2020 ആകുമ്പോഴേക്ക് രണ്ട് പേരെ ചന്ദ്രനിലേക്ക് അയയ്ക്കാനും ചൊവ്വയിൽ ആളില്ലാ വാഹനം ഇറക്കാനും മസ്ക് ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ഓസ്ട്രേലിയയിൽ ലോകത്തിലെ തന്നെ എറ്റവും വലിയ ബാറ്ററി നിർമിക്കുമെന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്; 100 മെഗാവാട്ട് അവർ ശേഷിയുള്ള ബാറ്ററിക്ക് 30,000 വീടുകളിൽ ഊർജം എത്തിക്കാനാവുമെന്നാണു പ്രതീക്ഷ.