മണിക്കൂറിൽ 1,220 കീമി വേഗം, ഭാവിയുടെ യാത്രാമാർഗമാവാൻ ഹൈപ്പർലൂപ്

Hyperloop

വേഗം, വിശ്വാസ്യത, വഴക്കം. .... ഭാവിയിലെ ഗതാഗത മേഖലയെ നിർണയിക്കുമെന്നു കരുതപ്പെടുന്ന ഹൈപ്പർലൂപ് സാങ്കേതികവിദ്യയ്ക്ക് സവിശേഷതകൾ ഏറെയാണ്. ഊർജ ഉപയോഗത്തിലെ കാര്യക്ഷമതയും വേഗവും സുരക്ഷിതത്വവുമൊക്കെയാണ് ഹൈപ്പർലൂപ്പിലെ നിലവിലുള്ള ഗതാഗത സംവിധാനങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതെന്നും യു എസിലെ കോർണെൽ സർവകലാശാലയിലെ കോർണെൽ പ്രോഗ്രാം ഇൻ ഇൻഫ്രാസ്ട്രക്ചർ പോളിസി സ്ഥാപക ഡയറക്ടർ റിക് ഗെഡിസ് വിശദീകരിക്കുന്നു. കോൺവെൽ സെന്റർ ഫോർ ട്രാൻസ്പോർട്ടേഷൻ, എൻവിറോൺമെന്റ് ആൻഡ് കമ്യൂണിറ്റി ഹെൽത്തു(സി ടെക്)മായി ബന്ധപ്പെട്ട ഹൈപ്പർലൂപ് അഡ്വാൻസ്ഡ് റിസർച് പാർട്ണർഷിപ്(എച്ച് എ ആർ പി) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമാണ് അദ്ദേഹം.

Hyperloop

നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിൽ സ്ഥാപിച്ച വായുവിമുക്തമായ കുഴലുകളിലൂടെ യാത്രക്കാരുടെയും സാധനസാമഗ്രികളുടെയുമൊക്കെ യാത്ര സാധ്യമാക്കുന്ന ഗതാഗത സംവിധാനമാണു ഹൈപ്പർലൂപ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഫിലദൽഫിയയിലും ബാൾട്ടിമോറിലും സ്റ്റോപ്പുകളോടെ ന്യൂയോർക്ക് — വാഷിങ്ടൺ ഡി സി നഗരങ്ങളെ ബന്ധിപ്പിച്ചു ഭൂർഗർഭ ഹൈപ്പർലൂപ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി ലഭിച്ചെന്ന ടെസ്ല സ്ഥാപകൻ എലോൺ മസ്കിന്റെ ട്വീറ്റ് ആണ് ഈ സാങ്കേതികവിദ്യയ്ക്ക് ഇപ്പോൾ വ്യാപക പ്രചാരം നേടിക്കൊടുത്തത്.

Hyperloop

മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യ പിൻബലമാക്കിയാണ് അകം ശൂന്യമായ കുഴലുകളിലൂടെ യാത്രക്കാരെ വഹിക്കുന്ന വാഹനങ്ങൾ(അഥവാ ‘പോഡ്’) കുതിച്ചുപായുക. ചരക്കുനീക്കത്തിനും ഇത്തരം ‘പോഡ്’ ഉപയോഗിക്കാമെന്നതാണു ഹൈപ്പർലൂപ്പിന്റെ മറ്റൊരു നേട്ടം. വൈദ്യുതിയാണു ‘പോഡു’കൾക്കു കരുത്തേകുക; വായുവിന്റെ സാന്നിധ്യം പൂർണമായും ഒഴിവാക്കിയിരിക്കുന്നതിനാൽ കുറഞ്ഞ തോതിൽ ഊർജം ഉപയോഗിച്ചു ‘പോഡു’കൾക്കു കുഴലിലൂടെ അതിവേഗം കുതിച്ചുപായാനാവും. പോരെങ്കിൽ ഈ യാത്ര തികച്ചും സുരക്ഷിതമാണെന്നും ഗെഡിസ് വിശദീകരിക്കുന്നു. 

Hyperloop

കുഴലുകൾക്ക് ഇഷ്ടമുള്ള വ്യാസം ക്രമീകരിക്കാമെന്നതാണ് ഹൈപ്പർലൂപ്പിന്റെ മറ്റൊരു സവിശേഷത; ചെറിയ കാർ മുതൽ കപ്പലിൽ കയറ്റുന്ന കണ്ടെയ്നർ വരെ കൊണ്ടുപോകാൻ കഴിവുള്ള കുഴലുകൾ തിരഞ്ഞെടുക്കാം. ഭൗമോപരിതലത്തിലോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ പോലും സ്ഥാപിക്കാമെന്നതിനാൽ ഹൈപ്പർലൂപ് വ്യത്യസ്തതയിലും മുന്നിൽതന്നെ.