മാരുതി ബ്രെസയേയും ടാറ്റ നെക്സോണിനേയും തറപറ്റിക്കാൻ പുതിയ ഇകോ സ്പോർട്

Ford Ecosport

ഇന്ത്യൻ കോംപാക്ട് എസ് യു വി വിപണിയിലെ തുടക്കക്കാരനായ ‘ഫോഡ് ഇകോ സ്പോർട്ടി’ന്റെ പുത്തൻ പതിപ്പ് അരങ്ങേറ്റത്തിനൊരുങ്ങി.  നവംബർ ഒൻപതിന് ‘2018 ഇകോ സ്പോർട്’ അവതരിപ്പിക്കുമെന്നാണു യു എസ് നിർമാതാക്കളായ ഫോഡിന്റെ പ്രഖ്യാപനം. അകത്തും പുറത്തും സമഗ്ര പരിഷ്കാരങ്ങളോടെയാവും ‘2018 ഇകോ സ്പോർട്ടി’ന്റെ വരവ്. പുത്തൻ ഹെഡ്ലാംപിനൊപ്പം ഡേടൈം റണ്ണിങ് ലാംപ് കൂടി സംയോജിപ്പിച്ച പുതുമയാർന്ന ട്രപ്പീസോയ്ഡൽ ഗ്രിൽ സഹിതം പൊളിച്ചെഴുതിയ മുൻഭാഗവും പുത്തൻ പിൻ ബംപറും സ്പെയർ വീലിനു പുത്തൻ കവറുമൊക്കെ ‘2018 ഇകോ സ്പോർട്ടി’ൽ പ്രതീക്ഷിക്കാം. 

Ford Ecosport

പുതിയ കാലത്തോടു നീതി പുലർത്തുംവിധമാണ് ‘ഇകോ സ്പോർട്ടി’ന്റെ അകത്തളത്തിൽ ഫോഡ് വരുത്തിയ പരിഷ്കാരങ്ങൾ. സ്റ്റീയറിങ് വീലിനു പുറമെ ഇൻസ്ട്രമെന്റ് പാനലിലും ഡാഷ്ബോഡ് ലേ ഔട്ടിലുമൊക്കെ മാറ്റമുണ്ട്. ഫോഡിന്റെ സിങ്ക് ത്രീ സോഫ്റ്റ്വെയർ സഹിതം ആപ്പ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന എട്ട് ഇഞ്ച് ടച് സ്ക്രീനും ഈ ‘ഇകോ സ്പോർട്ടി’ലുണ്ട്.

പെട്രോൾ, ഡീസർ എൻജിൻ സാധ്യതകളോടെയാണ് ‘2018 ഇകോ സ്പോർട്’ എത്തുക. ഗുജറാത്തിലെ സാനന്ദ് ശാലയിൽ ഫോഡ് അനാവരണം ചെയ്ത 1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ഡ്രാഗൺ എൻജിനാവും ഇനി ‘ഇകോ സ്പോർട്ടി’നു കരുത്തേകുക; 123 പി എസ് വരെ കരുത്തും 150 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. മുൻഗാമിയെ അപേക്ഷിച്ച് കരുത്തിൽ 10 ശതമാനവും ടോർക്കിൽ ഏഴു ശതമാനവും വർധനയാണു ഫോഡിന്റെ വാഗ്ദാനം. ഈ ‘ടി ഐ — വി സി ടി’ എൻജിന് ഏഴു ശതമാനം അധിക ഇന്ധനക്ഷമതയും ഫോഡ് അവകാശപ്പെടുന്നുണ്ട്.

അതേസമയം ഡീസൽ വിഭാഗത്തിൽ മികവു തെളിയിച്ച 1.5 ലീറ്റർ ടി ഡി സി ഐ എൻജിൻ തന്നെയാവും പുതിയ ‘ഇകോ സ്പോർട്ടി’ലും ഇടംപിടിക്കുക; 99 പി എസ് വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക.