‘ജെൻ സി’ ശ്രേണി ഇന്ത്യയിലെത്തിക്കാൻ മഹീന്ദ്ര

വിദേശ വിപണികളിൽ വിൽപ്പനയ്ക്കുള്ള വൈദ്യുത ഇരുചക്രവാഹനമായ ‘ജെൻ സി’ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള സാധ്യത തേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). നിലവിൽ യു എസിൽ ലഭിക്കുന്ന ‘ജെൻ സി’ ശ്രേണിയിലെ വൈദ്യുത സ്കൂട്ടറുകളും ഇ ബൈക്കുകളും വൈകാതെ ഇന്ത്യയിലും ലഭ്യമാവുമെന്നാണു മഹീന്ദ്ര നൽകുന്ന സൂചന.

ഇന്ത്യയിൽ പ്രതിവർഷം 38,000 — 40,000 വൈദ്യുത ഇരുചക്രവാഹനങ്ങളാണു വിറ്റഴിയുന്നത്. എന്നാൽ വർഷം തോറും ഇത്തരം വാഹനങ്ങളുടെ വിൽപ്പന 100% വളർച്ച നേടുന്നു എന്നതാണു മഹീന്ദ്രയെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. വരുന്ന അഞ്ചു വർഷത്തിനകം വൈദ്യുത ഇരുചക്രവാഹന വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റിലെത്തുമെന്ന പ്രതീക്ഷയും സജീവമാണ്.  അതേസമയം ‘ജെൻ സി’യുടെ ഇന്ത്യൻ അവതരണത്തെപ്പറ്റി സ്ഥിരീകരണമൊന്നും നൽകാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സന്നദ്ധമായില്ല. സിലിക്കൻ വാലി ലക്ഷ്യമിട്ടാണ് ‘ജെൻ സി’ വികസിപ്പിച്ചതെന്നും ഈ ശ്രേണിയിലെ ഇ ബൈക്കുകളും വൈദ്യുത സ്കൂട്ടറുകളും യു എസിൽ മികച്ച സ്വീകാര്യത നേടിയെന്നും കമ്പനി അവകാശപ്പെട്ടു. 

പ്രാദേശിക നിർമാതാക്കളുടെ പ്രകടന മികവിലാണ് ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണി മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്നത്. ചില ദക്ഷിണേന്ത്യൻ വിപണികളിൽ ഇതിനോടകം തന്നെ മികച്ച സ്വീകാര്യത നേടാനും ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾക്കു സാധിച്ചിട്ടുണ്ട്.

അടുത്ത അഞ്ചു വർഷത്തിനിടെ വിൽപ്പനയിൽ 100% വളർച്ച നിലനിർത്താനും 2022 — 23 ആകുമ്പോഴേക്ക് 2.20 ലക്ഷം യൂണിറ്റ് വിൽപ്പന നേടാനുമാണു പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പദ്ധതി. ലുധിയാനയിലെ ശാലയിൽ പ്രതിദിനം 220 വൈദ്യുത ഇരുചക്രവാഹനങ്ങളാണു ഹീറോ ഇലക്ട്രിക് നിർമിക്കുന്നത്; ശാല രണ്ടു ഷിഫ്റ്റ് പ്രവർത്തിച്ചാൽ വാർഷിക ഉൽപ്പാദനം 50,000 — 60,000 യൂണിറ്റാവുമെന്നു കമ്പനി മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജാൾ അറിയിച്ചു. ഇപ്പോഴത്തെ നില തുടർന്നാൽ 2019 ആകുമ്പോഴേക്ക് ശാലയുടെ ശേഷി പൂർണമായും വിനിയോഗിച്ചു തീരുമാമെന്നും പുതിയ ശാല ആവശ്യമായി വരുമെന്നും അദ്ദേഹം വിശദീകരിച്ചു. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട് അപ്പായ ആതർ എനർജി, കോയമ്പത്തൂരിലെ ആംപിയർ ഇലക്ട്രിക്കൽ വെഹിക്കിൾസ് തുടങ്ങിയവരും ഈ മേഖലയിൽ സജീവസാന്നിധ്യമാണ്.