Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

750 അല്ല പുതിയ ബുള്ളറ്റിന്റെ എൻജിൻ 650 സിസി

Royal Enfield 650 Royal Enfield 650

റോയൽ എൻഫീൽഡിന്റെ ആരാധകർ ഏറെ ആവേശത്തോടെയാണ് പുതിയ ബൈക്കിനായി കാത്തിരിക്കുന്നത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവും വലിയ എൻജിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. 750 സിസിയായിരിക്കും പുതിയ എൻജിൻ എന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും 650 സിസി പാരലൽ ട്വിൻ എൻജിനാണ് പുതിയ ബൈക്കിനു കരുത്തു പകരുക എന്നാണു റോയൽ എൻഫീൽഡ് അറിയിച്ചിരിക്കുന്നത്. കൂടാതെ മിലാനിൽ നടക്കുന്ന ഇരുചക്ര വാഹനഷോയിൽ പുതിയ രണ്ടു ബൈക്കുകളും കമ്പനി പ്രദർശിപ്പിച്ചേക്കും.

648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ.  ചരിത്രത്തിലാദ്യമായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ട്വിൻ സിലിണ്ടർ എൻജിനാണിത്. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററും ചെന്നൈയിലെ ടെക്നിക്കൽ സെന്ററും സംയുക്തമായാണു പുതിയ എൻജിൻ വികസിപ്പിച്ചത്.

പുതിയ ബൈക്കുമായെത്തുന്നത് 800 സിസി ബൈക്കുകളുമായി മത്സരിക്കാനല്ലെന്നും പുതിയൊരു സെഗ്‌മെന്റ് നിർമിക്കാനാണ് ശ്രമിക്കുന്നതെന്നും റോയൽഎൻഫീൽഡ് സിഇഒ സിദ്ധാർഥ ലാൽ പറയുന്നു. കൂടാതെ 130–140 കിലോമീറ്റർ വേഗതയിൽ ക്രൂസ് ചെയ്യാൻ ബൈക്കിനു സാധിക്കുമെന്നും സിദ്ധാർഥ പറയുന്നു.

650 സിസി എൻജിൻ ഘടിപ്പിച്ച ആദ്യ ബൈക്ക് 2018 ഏപ്രിൽ മുതൽ വിപണിയിൽ ലഭ്യമാകും. റോയൽ എൻഫീൽഡിന്റെ ഗ്ലോബൽ ബൈക്കായിരിക്കും ഇത്. ഇന്ത്യ, യുഎസ്എ, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്കു പുറമെ യൂറോപ്പിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തുമെന്നും കമ്പനി വെളിപ്പെടുത്തി.