സ്വയം ഓടുന്ന ബാറ്ററി ബസ്സുകളുമായി ചൈന

പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുകയും നിയന്ത്രിക്കാൻ ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടുകയും ചെയ്യുന്ന ബസ്സുകളുമായി ചൈന. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ഓടാനുള്ള കഴിവും ഈ മലിനീകരണ വിമുക്തമായ ബസ്സുകൾക്കു സ്വന്തമാണ്.

മധ്യ ചൈനയിലെ ഹൂബെ പ്രവിശ്യയിലെ നിർമാണശാലയിൽ നടന്ന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ബസ്സുകൾ ഇനി രാജ്യത്തെ പൊതു നിരത്തുകളിൽ സർവീസിനിനെത്തും. ഗ്വാങ്ഡൊങ് പ്രവിശ്യയിലെ ഷെൻസെന്നിൽ ഇത്തരത്തിലുള്ള രണ്ടു ബസ്സുകൾ വൈകാതെ ഓട്ടം തുടങ്ങുമെന്നാണു സൂചന. മിക്കവാറും ഈ മാസം അവസാനത്തോടെ തന്നെ ബസ്സുകൾ സാധാരണ നിരത്തിൽ ഓട്ടം തുടങ്ങുമെന്നാണു പ്രതീക്ഷ. 

ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ ഹുബെ ആസ്ഥാനമായ ഡോങ്ഫെങ് സിയാങ്യാങ് ടൂറിങ് കാർ കമ്പനി ലിമിറ്റഡ് ആണ് ഈ വൈദ്യുത ബസ്സുകൾ നിർമിച്ചിരിക്കുന്നത്. പുത്തൻ ബസ്സുകൾക്ക് 6.7 മീറ്ററാണു നീളം; 25 പേർക്കാണു യാത്രാസൗകര്യം. പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 40 കിലോമീറ്ററും. സ്വയം ഓടുന്നതിനു പുറമെ ഡ്രൈവറുടെ നിയന്ത്രണത്തിൽ മാനുവൽ രീതിലും ഓടിക്കാമെന്നതും പുതിയ ബസ്സുകളുടെ സവിശേഷതയായി നിർമാതാക്കൾ അവതരിപ്പിക്കുന്നു. വൈദ്യുത മോട്ടോർ പോലുള്ള സുപ്രധാന യന്ത്രഘടകങ്ങൾക്ക് ദീർഘായുസ്സും വാഗ്ദാനമുണ്ട്; 12 ലക്ഷം കിലോമീറ്ററോളം പ്രശ്നങ്ങളൊന്നുമില്ലാതെ ഇവ പ്രവർത്തിക്കുമത്രെ.