Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവർരഹിത ബസ് ലണ്ടനിൽ

driverless-bus-london

ഡ്രൈവർ ആവശ്യമില്ലാത്ത ഷട്ട്ൽ ബസ്സിന്റെ പരീക്ഷണ ഓട്ടത്തിനായി ലണ്ടൻ ഒരുങ്ങുന്നു. ഗ്രീൻവിച്ചിലെ റൂട്ടിൽ മൂന്നാഴ്ചയോളം നീളുന്ന പരീക്ഷണ സർവീസിനിടെ നൂറോളം പേർ ഈ ഡ്രൈവർരഹിത ബസ്സിൽ യാത്ര ചെയ്യുമെന്നാണു പ്രതീക്ഷ. പൂർണമായും കംപ്യൂട്ടർ നിയന്ത്രണത്തിൽ ഓടുന്ന ബസ്സിന്റെ പരമാവധി വേഗം മണിക്കൂറിൽ 16 കിലോമീറ്ററാണ്. നാലു സീറ്റുള്ള ബസ്സിൽ സ്റ്റീയറിങ് വീലോ ബ്രേക്ക്  പെഡലോ ലഭ്യമല്ല. പരീക്ഷണ ഓട്ടത്തിനിടെ അടിയന്തര സാഹചര്യം നേരിട്ടാൽ ബസ് നിർത്താനായി പ്രത്യേക പരിശീലനം ലഭിച്ച ആളും യാത്രക്കാർക്കൊപ്പമുണ്ടാവും. 

രണ്ടു വർഷത്തിനകം ഡ്രൈവർ ആവശ്യമില്ലാത്ത ബസ് ഗ്രീൻവിച്ചിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുമെന്നാണു പ്രതീക്ഷ. ഈ മേഖലയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ഡ്രൈവർരഹിത ഷട്ട്ൽ ബസ്സുകൾ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.  ക്രമേണ ഇത്തരം ബസ്സുകൾ നഗരത്തിന്റെ മറ്റു മേഖലകളിലും സർവീസിന് എത്തുമെന്നാണു സൂചന. ഇത്തരം വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു ഡ്രൈവർരഹിത ഷട്ട്ലിന്റെ പരീക്ഷണ ഓട്ടം സംഘടിപ്പിക്കുന്നതെന്ന് ബസ്സിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ച ഒക്സ്ബോട്ടിക്ക ചീഫ് എക്സിക്യൂട്ടീവ് ഗ്രെയിം സ്മിത്ത് വിശദീകരിച്ചു. ലണ്ടനിലെ ഒടു അരീനയ്ക്കു സമീപത്തെ രണ്ടു മൈൽ(ഏകദേശം 3.6 കിലോമീറ്റർ) നീളമുള്ള യാത്രാപഥത്തിൽ അഞ്ചു കാമറകളുടെയും മൂന്നു ലേസർ ബീമുകളുടെയും മാർഗനിർദേശത്തിലാവും ഷട്ട്ലിന്റെ പരീക്ഷണഓട്ടം. 

ഏകദേശം 328 അടി(100 മീറ്റർ) ദൂരക്കാഴ്ചയാണു ഷട്ട്ലിനുള്ളത്; ഈ പരിധിക്കുള്ളിൽ പ്രതിബന്ധങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാഹനം ഓട്ടം നിർത്തും. കൂടാതെ അടിയന്തര ഘട്ടങ്ങൾക്കായി എമർജൻസി ബ്രേക്ക് സംവിധാനവും വാഹനത്തിലുണ്ട്. കാൽനടക്കാർ ധാരാളമുള്ള സാഹചര്യത്തിൽ പോലും സുരക്ഷിതമായി ഓടാൻ കഴിയുംവിധമാണു വാഹനത്തിന്റെ രൂപകൽപ്പനയെന്നു സ്മിത്ത് വിശദീകരിക്കുന്നു. 

Your Rating: