എണ്ണ വിപണിക്കും ഭീഷണിയാവാൻ ഒറ്റ ചാർജിൽ 800 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് ട്രക്ക്

Tesla Semi Truck

ഭാവിയെക്കുറിച്ചു സൂചന നൽകി സമൂഹത്തെ ഞെട്ടിക്കുന്നതിൽ ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിനൊപ്പമെന്നു തെളിയിച്ചാണ് എലോൺ മസ്ക് കഴിഞ്ഞ ദിവസം ടെസ്‌ലയുടെ വൈദ്യുത ട്രക്ക് അനാവരണം ചെയ്തത്. നിർമാണ മികവിൽ ആപ്പിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടിം കുക്കിനൊപ്പമെത്താൻ കൂടി മസ്കിനു സാധിച്ചാൽ ആഗോള എണ്ണ വിപണിക്കും ടെസ്‌ലയുടെ സെമി ട്രക്ക് വെല്ലുവിളി സൃഷിക്കും. പക്ഷേ വ്യാപക ലക്ഷ്യമിട്ടു പുറത്തിറക്കിയ വൈദ്യുത കാറായ ‘മോഡൽ ത്രീ’യുടെ  ഉൽപ്പാദനത്തിൽ കമ്പനി നേരിടുന്ന പ്രതിസന്ധി പരിഗണിക്കുമ്പോൾ ഈ മികവു കൈവരിക്കുക ടെസ്‌ലയ്ക്ക് എളുപ്പമാവില്ലെന്നതാണു യാഥാർഥ്യം. 

ബാറ്ററിയിൽ ഓടുന്ന ട്രക്കിന് 40 ടൺ ഭാരവാഹക ശേഷിയും ഒറ്റത്തവണ ചാർജ് ചെയ്താൽ 500 മൈൽ(ഏകദേശം 804.67 കിലോമീറ്റർ) ഓടാനുള്ള പ്രാപ്തിയുമാണ് ടെസ്ലയുടെ വാഗ്ദാനം. ഡീസൽ വാഹനങ്ങളെ അപേക്ഷിച്ചു കുറഞ്ഞ പരിപാലന ചെലവു കൂടിയാവുന്നതോടെ ഭാവിയിൽ എണ്ണ വ്യാപാരത്തിനു തന്നെ കനത്ത വെല്ലുവിളി സൃഷ്ടിക്കാൻ ടെസ്‌ലയുടെ ട്രക്കിന് സാധിക്കുമെന്നാണു വിലയിരുത്തൽ.

രാജ്യാന്തര എനർജി ഏജൻസി(ഐ ഇ എ) പ്രസിദ്ധീകരിച്ച വാർഷിക വേൾഡ് എനർജി ഔട്ട്ലുക്ക് പ്രകാരം ആഗോള എണ്ണ(പ്രധാനമായും ഡീസൽ) ഉപയോഗത്തിൽ 20 ശതമാനത്തോളം റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിനുവേണ്ടിയാണ്. 2000 മുതലുള്ള കണക്കെടുത്താൽ ആഗോളതലത്തിൽ ഡീസലിനുള്ള ആവശ്യം ഉയരുന്നതിൽ 60 ശതമാനത്തോളം ട്രക്കുകളുടെ സംഭാവനയുമാണ്. മാത്രമല്ല, ഭാവിയിൽ ചരക്കു നീക്കം എണ്ണ വിപണിക്കു കൂടുതൽ നിർണായകവുമായി മാറുമെന്നാണു പ്രതീക്ഷ. 

അതേസമയം 2040 ആകുമ്പോഴേക്ക് ഗ്യാസൊലി(പെട്രോൾ)നുള്ള ആവശ്യം ഗണ്യമായി ഇടിയുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ; വൈദ്യുത കാറുകൾക്ക് പ്രചാരമേറുന്നതാണു പെട്രോളിനുള്ള ആവശ്യം കുറയാൻ വഴി തെളിക്കുക. അതേസമയം, റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിലും വ്യോമഗതാഗത മേഖലയിലും ഇന്ധന ഉപയോഗത്തിൽ മാറ്റമുണ്ടാവില്ലെന്നും ഏജൻസി കരുതുന്നു.  ബസ്സുകളും ട്രക്കുകളും ചേർന്ന് 2040 വരെയുള്ള കാലത്തിനിടെ പ്രതിദിന ഡീസൽ ഉപയോഗത്തിൽ 20 ലക്ഷം ബാരലിന്റെ വർധന രേഖപ്പെടുത്തുമെന്നും ഏജൻസി വിലയിരുത്തുന്നു. 

ഇതിനിടയിലാണ് ബാറ്ററിയിൽ ഓടുന്ന ട്രക്കുമായി മസ്ക് രംഗത്തെത്തിയിരിക്കുന്നത്; യന്ത്രമനുഷ്യനായി മാറാനും അന്യഗൃഹജീവികളെ നേരിടാനുമൊക്കെ പ്രാപ്തിയുള്ള ട്രക്കാണു താൻ പുറത്തിറക്കുന്നതെന്നാണു മസ്കിന്റെ പക്ഷം. കെട്ടുകാഴ്ചകൾക്കപ്പുറം മസ്കിന്റെ ട്രക്ക് നിരത്തിൽ വിജയം കൊയ്താൽ ഇന്ധന ഉപഭോഗം സംബന്ധിച്ച ഐ ഇ എയുടെ പ്രവചനങ്ങൾ തന്നെയാവും ആദ്യം അർഥരഹിതമാവുക.