സ്വിഫ്റ്റിനെ നേരിടാൻ എത്തുമോ അംബാസഡര്‍

Representative Image

കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി വിലസിയ 'അംബാസിഡർ‍' എന്ന ബ്രാന്‍ഡ് നാമം ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷൊയ്ക്കു സ്വന്തമാക്കിയത് അടുത്തിടെയാണ്. എൺപത് കോടി രൂപയ്ക്കാണു പി എസ് എ ഗ്രൂപ് 'അംബാസിഡര്‍' ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി കെ ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സി(എച്ച് എം)ല്‍ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയിലെ ജനപ്രിയ കാറിന്റെ പേരുപയോഗിച്ച് ഒരു രണ്ടാം എൻട്രിക്കായിരിക്കും കമ്പനി ശ്രമിക്കുക എന്നാണ് സൂചന. റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് 'അംബാസിഡറി'നെ വീണ്ടും വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള സാധ്യതകളാണു പറഞ്ഞു കേള്‍ക്കുന്നത്.

ഫ്രഞ്ച് വാഹന നിർമാതാക്കളായ പി എസ് എ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ മോഡൽ 2020ൽ വിൽപ്പനയ്ക്കെത്തിയേക്കും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ മോഡലായ ‘സ്വിഫ്റ്റി’നോട് ഏറ്റുമുട്ടാൻ‘എസ് സി 21’ എന്ന കോഡ്നാമത്തിൽ പി എസ് എ ഗ്രൂപ് കാർ വികസിപ്പിക്കുന്നത്. പ്യൂഷെ ബ്രാൻഡിൽ ഇന്ത്യയിലെത്തുന്ന കാറിന്റെ പേര് അംബാസഡര്‍ എന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. മത്സരം ‘സ്വിഫ്റ്റ്’ കാറിനോടാവുമെങ്കിലും വിപണിയിൽ ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, മാരുതി സുസുക്കി ‘ബലേനൊ’ എന്നിവയ്ക്കു മധ്യത്തിലാവും പി എസ് എയുടെ ആദ്യ മോഡലിന്റെ സ്ഥാനം.

ചെന്നൈയിൽ ‘എസ് സി 21’ നിർമാക്കാൻ ആവശ്യമായ യന്ത്രഘടകങ്ങൾ ലഭ്യമാക്കാൻ മോതേഴ്സൻ സുമി, ഉനൊ മിൻഡ, സ്പാർക് മിൻഡ, റാണെ ഗ്രൂപ് തുടങ്ങിയ സപ്ലയർമാരുമായി പി എസ് എ ഗ്രൂപ് ചർച്ചയ്ക്കും തയാറെടുക്കുന്നുണ്ട്. നാലു ലക്ഷത്തോളം കാറുകളുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ ലഭ്യമാക്കാനുള്ള വില ക്വോട്ട് ചെയ്യാനാണത്രെ പി എസ് എ ഗ്രൂപ്പിന്റെ നിർദേശം. ഇതിൽ ഒരു ലക്ഷത്തോളം കാറുകൾ മുമ്പ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലായിരുന്ന ശാലയിൽ നിർമിക്കാനാണു പി എസ് എ ഗ്രൂപ്പിന്റെ പദ്ധതി. അവശേഷിക്കുന്ന യന്ത്രഘടകങ്ങൾ ബ്രസീലിലും ദക്ഷിണ ആഫ്രിക്കയിലുമൊക്കെയുള്ള ശാലകളിലേക്കു കയറ്റി അയയ്ക്കാനാണ്.

ഇന്ത്യയിലെ കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിലാവും ‘എസ് സി 21’ ഇടംപിടിക്കുക; കോംപാക്ട് എസ് യു വി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന വളർച്ച നേടുന്നത് ഈ വിഭാഗമാണ്. കഴിഞ്ഞ ഏപ്രിൽ — ഒക്ടോബർ കാലത്തെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 11% വിൽപ്പന വളർച്ചയാണ് കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗം രേഖപ്പെടുത്തിയത്. മിക്ക നിർമാതാക്കൾക്കും ഈ വിഭാഗത്തിൽ സാന്നിധ്യം ഉണ്ടെങ്കിലും വിജയം എല്ലാവരെയും അനുഗ്രഹിച്ചിട്ടില്ലെന്നതാണു യാഥാർഥ്യം. നിരത്തിലെത്തുമ്പോൾ ‘സ്വിഫ്റ്റി’നു പുറമെ ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, മഹീന്ദ്ര ‘കെ യു വി 100’, ഫിയറ്റ് ‘പുന്തൊ’ തുടങ്ങിയവരോടാവും ‘എസ് സി 21’ മത്സരിക്കുക.