100 ‘സെമി’ ട്രക്ക് സ്വന്തമാക്കാൻ പെപ്സികോ

Tesla Semi Truck

ബാറ്ററിയിൽ ഓടുന്ന ട്രക്കുകൾ സ്വന്തമാക്കാൻ പെപ്സികോയും രംഗത്ത്. യു എസ് നിർമാതാക്കളായ ടെസ്ലയിൽ നിന്ന് 100 ‘സെമി’ ട്രക്കുകളാണു ‘മൗണ്ടൻഡ്യൂ’ സോഡയുടെയും  ‘ഡൊരിറ്റോസ്’ ചിപ്സിന്റെയുമൊക്കെ നിർമാതാക്കളായ പെപ്സികോ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ധന ചെലവ് കുറയ്ക്കാനും പരിസര മലിനീകരണം ഒഴിവാക്കാനുമൊക്കെ ലക്ഷ്യമിട്ടാണു പെപ്സികോയുടെ ഈ നടപടി. ടെസ്ലയുടെ ‘സെമി’ ട്രക്കിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ ഓർഡറാണു പെപ്സികോയുടേത്. 

ഡീസലിൽ ഓടുന്ന ട്രക്കുകളോടു കിട പിടിക്കുന്ന വാഹനം യാഥാർഥ്യമാക്കാൻ കമ്പനിക്കു കഴിയുമെന്നു ട്രക്കിങ് വ്യവസായത്തെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണു ടെസ്ല. ഭാരവാഹക ശേഷിയിലും യാത്രാപരിധിയിലുമൊക്കെ പരമ്പരാഗത ട്രക്കുകളോടു കിട പിടിക്കാൻ ‘സെമി’ക്കു സാധിക്കുമെന്നും ടെസ്ല അവകാശപ്പെടുന്നുണ്ട്. 

എങ്കിലും വൈദ്യുത വാണിജ്യ വാഹനങ്ങളുടെ വിപണിയുടെ വികാസം സംബന്ധിച്ച വ്യക്തമായ സൂചനകളൊന്നും ‘സെമി’യോടുള്ള ആദ്യ പ്രതികരണങ്ങളിൽ നിന്നു ലഭ്യമായിട്ടില്ല. ഗവേഷണ സ്ഥാപനമായ എഫ് ടി ആറിന്റെ കണക്കനുസരിച്ച് വടക്കേ അമേരിക്കയിൽ 2.60 ലക്ഷത്തോളം ഹെവി ഡ്യൂട്ടി ക്ലാസ് എട്ട് ട്രക്കുകളാണു വർഷം തോറും നിർമിക്കുന്നത്.  

പെപ്സികോയടക്കം ഒരു ഡസനോളം കമ്പനികളാണ് ടെസ്ലയുടെ ‘സെമി’ സ്വന്തമാക്കാൻ രംഗത്തുള്ളത്; വാൾമാർട്ട് സ്റ്റോഴ്സ്, ഫ്ളീറ്റ് ഓപ്പറേറ്റർ ജെ ബി ഹണ്ട് ട്രാൻസ്പോർട് സർവീസസ്, ഭക്ഷ്യസേവന വിതരണ കമ്പനിയായ സിസ്കോ കോർപറേഷൻ തുടങ്ങിയവരൊക്കെ ‘സെമി’ ബുക്ക് ചെയ്തിട്ടുണ്ട്. മൊത്തം 267 ട്രക്കുകൾക്കുള്ള ബുക്കിങ്ങാണ് ഇതുവരെ ടെസ്ലയെക്കു ലഭിച്ചതെന്നാണു സൂചന.

ലഘുഭക്ഷണങ്ങളുടെയും ശീതള പാനീയങ്ങളുടെയും വിതരണത്തിനായി നിർമാണ — വിതരണ കേന്ദ്രങ്ങൾക്കിടയിൽ സർവീസ് നടത്താനാവും പെപ്സികോ ‘സെമി’ ട്രക്കുകൾ വിന്യസിക്കുക. ‘സെമി’ക്ക് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് വാഗ്ദാനം ചെയ്യുന്ന 500 മൈൽ(800 കിലോമീറ്റർ) പരിധിക്കുള്ളിലാവും പെപ്സികോയുടെ സർവീസുകൾ.

പെപ്സികോയ്ക്ക് യു എസിൽ പതിനായിരത്തോളം വമ്പൻ ട്രക്കുകളാണുള്ളത്; ഇവയ്ക്കു പൂരകമായി സർവീസ് നടത്താനാണു കമ്പനി ‘സെമി’ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം അനാവരണം ചെയ്ത ‘സെമി’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം 2019ൽ ആരംഭിക്കാനാണു ടെസ്ല ലക്ഷ്യമിട്ടിരിക്കുന്നത്.