ഇ വി നിർമാണം: 900 കോടി രൂപ മുടക്കാൻ മഹീന്ദ്ര

നയം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും വൈദ്യുത വാഹന(ഇ വി) നിർമാണ മേഖലയിൽ 900 കോടി രൂപ കൂടി നിക്ഷേപിക്കാൻ മഹീന്ദ്ര ഗ്രൂപ് തയാറെടുക്കുന്നു. അടുത്ത നാലു വർഷത്തിനിടെ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തി പ്രതിമാസ ഉൽപ്പാദനശേഷി 5,000 യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. കഴിഞ്ഞ അഞ്ച് ആറു വർഷത്തിനിടെ ഇ വി വിഭാഗത്തിൽ 600 കോടി രൂപയാണു കമ്പനി നിക്ഷേപിച്ചതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക വെളിപ്പെടുത്തി. അടുത്ത അഞ്ചു വർഷത്തിനകം കർണാടകത്തിൽ 400 കോടി രൂപയും മഹാരാഷ്ട്രയിൽ 500 കോടി രൂപയും കൂടി നിക്ഷേപിക്കാനാണു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

ഈ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കാൻ നയ തീരുമാനങ്ങൾക്കായി കാത്തിരിക്കാൻ കമ്പനിക്കു പദ്ധതിയില്ല. ഈ രംഗത്തെ മുൻനിരക്കാരെന്ന നിലയിൽ പുതിയ വീഥികൾ കണ്ടെത്തി മുന്നേറാനാണു കമ്പനിയുടെ തീരുമാനമെന്നും ഗോയങ്ക വിശദീകരിച്ചു.അതേസമയം വ്യവസായത്തിന്റെ വളർച്ചയ്ക്ക് വൈദ്യുത വാഹനങ്ങൾക്കു നിലവിൽ ലഭിക്കുന്ന സബ്സിഡികൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 ആകുമ്പോഴേക്ക് ഇ വി വിൽപ്പന പ്രതിമാസം രണ്ടു ലക്ഷം യൂണിറ്റിലെത്തുമെന്നാണു പ്രതീക്ഷ; ഇതോടെ പരമ്പരാഗത വാഹനങ്ങൾക്ക് ഒപ്പമെത്താൻ ഈ മേഖലയ്ക്കു സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

നിലവിൽ പ്രതിമാസം 400 ഇ വികളാണ് മഹീന്ദ്രയുടെ ഉൽപ്പാദനശേഷി; സെപ്റ്റംബറോടെ ത്രിചക്രവാഹനങ്ങളടക്കം പ്രതിമാസ ഉൽപ്പാദനശേഷി 1,500 യൂണിറ്റിലെത്തുമെന്നാണു പ്രതീക്ഷ. ഡിസംബറോടെ ഉൽപ്പാദനശേഷി 4,000 യൂണിറ്റിലെത്തുമെന്നും ഗോയങ്ക വെളിപ്പെടുത്തി. സബ്സിഡികൾ തുടരുമെന്നതു പോലുള്ള അനുമാനങ്ങളുടെ പിൻബലത്തിലാണു പ്രതിമാസ ഉൽപ്പാദനശേഷി 5,000 യൂണിറ്റിലെത്തിക്കാൻ മഹീന്ദ്ര ഗണ്യമായ നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വൈദ്യുത വാഹന നിർമാണത്തിന് ബാറ്ററി ഒഴികെയുള്ള ഘടകങ്ങളെല്ലാം മഹീന്ദ്ര സ്വയം നിർമിക്കുകയാണ്. വിൽപ്പന ഗണ്യമായി ഉയരാതെ ബാറ്ററി നിർമാണം ആദായകരമാവില്ലെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. അതു വരെ ബാറ്ററി ഇറക്കുമതി തുടരുമെന്നും ഗോയങ്ക അറിയിച്ചു. 

നിലവിൽ വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന മുന്നൂറോളം യൂണിറ്റ് മാത്രമാണ്; എന്നാൽ ഈ രംഗത്തുള്ള വിശ്വാസം വ്യക്തമാക്കാനാണു കമ്പനി കോടികൾ നിക്ഷേപിക്കുന്നതെന്നും ക്രമേണ ഇ വി വിൽപ്പന ഉയരുമെന്നും ഗോയങ്ക വിശദീകരിച്ചു.