സണ്‍റൂഫോടു കൂടിയ പുതിയ ക്രേറ്റ ഉടൻ

New Creta In Brazil

ഹ്യുണ്ടേയ് യുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ക്രേറ്റ. കുറഞ്ഞ കാലം കൊണ്ടു തന്നെ ഏറ്റവും അധികം വില്‍പ്പനയുള്ള ചെറു എസ് യു വിയായി മാറി ഈ വാഹനം. പുറത്തിറങ്ങി മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്ന ക്രേറ്റയുടെ പുതിയ പതിപ്പ് എത്തുന്നു. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ക്രേറ്റയുടെ പുതിയ രൂപത്തിന്റെ പുറത്തിറക്കല്‍ തീയതിയെപ്പറ്റി കമ്പനി ഔദ്യോഗിക പ്രതീകരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ പുതിയ ക്രേറ്റ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.  

പരിഷ്‌കരിച്ചെത്തുന്ന ക്രേറ്റയില്‍ സണ്‍റുഫും ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പരീക്ഷണയോട്ടം നടത്തുന്ന ക്രേറ്റയുടെ ചിത്രങ്ങള്‍ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2016 ല്‍ നടന്ന സാവോപോളോ ഓട്ടോഷോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച ക്രേറ്റയായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവില്‍ ബ്രസീല്‍ വിപണിയിലുള്ള വാഹനത്തെ കുറച്ചു മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക.

ക്രോം ഫിനിഷോടു കൂടിയ ഗ്രില്‍, നവീകരിച്ച ബമ്പര്‍, സ്റ്റൈലിഷ് എല്‍ഇഡി ഫോഗ് ലാംപുകള്‍, പിന്നിലെ ബമ്പറിലെ ചെറിയ മാറ്റങ്ങള്‍, ടെയില്‍ലാമ്പിലെ മാറ്റങ്ങള്‍ എന്നിവയാണ് പുതിയ ക്രേറ്റയില്‍ പ്രതീക്ഷിക്കുന്നത്. ഡ്യൂവല്‍ ടോണ്‍ ഫിനിഷില്‍ ഒരുക്കിയിരിക്കുന്ന അകത്തളത്തിലും പുതുമകളുണ്ടാകുമെന്നു കമ്പനി സൂചന നല്‍കിയിട്ടുണ്ട്. കോര്‍ണറിങ് ലൈറ്റുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ക്ലൈം അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം എന്നിവയും പുതിയ ക്രേറ്റയില്‍ പ്രതീക്ഷിക്കാം. 

എന്നാല്‍ മുഖം മിനുക്കലിലെക്കാള്‍ ഉപരിയായി എന്‍ജിനില്‍ മാറ്റങ്ങളുണ്ടായേക്കും. നിലവിലെ 1.6 ലീറ്റര്‍ പെട്രോള്‍, 1.4 ലീറ്റര്‍, 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാകും ഉപയോഗിക്കുക എങ്കിലും മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എന്‍ജിനുകളില്‍ കൊണ്ടു വന്നേക്കാം. കൂടാതെ ഹൈബ്രിഡ് ആകുന്ന ക്രേറ്റയുടെ വില കേന്ദ്ര സര്‍ക്കാരിന്റെ എഫ്ഇഎംഇ പദ്ധതി പ്രകാരം കുറഞ്ഞേക്കും. റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ മോഡലുകളുമായി മല്‍സരിക്കാനെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണു ലഭിച്ചത്. പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഹ്യൂണ്ടേയ് ഏകദേശം ഒരുലക്ഷത്തിലധികം ക്രേറ്റ നിരത്തിലെത്തിച്ചിരുന്നു.