Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ തുടക്കമിട്ടു പുത്തൻ ക്രേറ്റ

creta

പുതിയ ‘ക്രേറ്റ’യ്ക്ക് വിപണിയിൽ ഉജ്വല വരവേൽപ് ലഭിച്ചെന്നു ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). ‘2018 ക്രേറ്റ’ തേടി എഴുപതിനായിരത്തിലേറെ അന്വേഷണങ്ങളാണത്രെ ഡീലർഷിപ്പുകളിൽ ലഭിച്ചത്; ഇതിൽ 14,366 എണ്ണം ബുക്കിങ്ങായും മാറി. മൂന്നു വർഷം മുമ്പ് 2015ലായിരുന്നു ഹ്യുണ്ടേയ് കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യെ പടയ്ക്കിറക്കിയത്; തുടർന്ന് നാലു ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയും ‘ക്രേറ്റ’ നേടി. അതിനു പിന്നാലെയാണു പരിഷ്കാരങ്ങളും പുതുമകളുമായി ഹ്യുണ്ടേയ് ‘2018 ക്രേറ്റ’ അവതരിപ്പിച്ചത്. 

പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ക്രേറ്റ’ വിപണിയിലുണ്ട്. കാറിലെ 1.6 ലീറ്റർ പെട്രോൾ എൻജിന് 123 പി എസ് വരെ കരുത്തും 1.6 ലീറ്റർ സി ആർ ഡി ഐ ഡീസൽ എൻജിന് 128 പി എസ് കരുത്തും സൃഷ്ടിക്കാനാവും. ഇതിനു പുറമെ 90 പി എസ് കരുത്തു സൃഷ്ടിക്കുന്ന 1.4 ലീറ്റർ ഡീസൽ എൻജിനോടെയും ‘ക്രേറ്റ’ ലഭ്യമാണ്. 9.43 ലക്ഷം രൂപ മുതലാണു ‘2018 ക്രേറ്റ’യുടെ അടിസ്ഥാന വകഭേദത്തിനു വില. റെനോ ‘ഡസ്റ്റർ’, ടാറ്റ മോട്ടോഴ്സ് ‘ഹെക്സ’, ജീപ് ‘കോംപസ്’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’ തുടങ്ങിയവയോടാണ് ഇന്ത്യയിൽ ‘ക്രേറ്റ’യുടെ മത്സരം. 

കിടയറ്റ സുരക്ഷയും പുതുമകളിലെയും പരിഷ്കാരങ്ങളിലെയും ധാരാളിത്തവുമൊക്കെയായാണ് ‘2018 ക്രേറ്റ’ അവതരിപ്പിച്ചതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അവകാശപ്പെടുന്നു. ആധുനിക പ്രീമിയം ബ്രാൻഡെന്ന നിലയിൽ ‘2018 ക്രേറ്റ’യിലൂടെ മികച്ച ഉടമസ്ഥാവകാശ അനുഭവം സൃഷ്ടിക്കാനും ഹ്യുണ്ടേയിക്കു സാധിച്ചെന്ന് അദ്ദേഹം കരുതുന്നു. എസ് യു വി വിഭാഗത്തിൽ പുതിയ നിലവാരം സൃഷ്ടിക്കാൻ ‘2018 ക്രേറ്റ’യ്ക്കു സാധിച്ചെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഹ്യുണ്ടേയ് മേട്ടോർ ഇന്ത്യ ശ്രേണിയിൽ തന്നെ ഏറ്റവുധികം വിൽപ്പന നേടി മുന്നേറുന്ന മോഡലാണ് ‘ക്രേറ്റ’. പ്രതിമാസം 8,000 — 10,000 യൂണിറ്റാണു ‘ക്രേറ്റ’ കൈവരിക്കുന്ന ശരാശരി വിൽപ്പന; അതുകൊണ്ടുതന്നെ രാജ്യത്തെ പ്രതിമാസ വാഹന വിൽപ്പന കണക്കെടുപ്പിൽ ആദ്യ പത്തിലും ‘ക്രേറ്റ’ ഇടംപിടിക്കാറുണ്ട്.