Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിൽ മനം മയങ്ങി വില്യം രാജകുമാരൻ

BRITAIN-COMMONWEALTH-SUMMIT Siddharth Lal, the head honcho of Royal Enfield explaining about the Interceptor 650 to Prince William, Photo: AFP

ബ്രിട്ടീഷ് രാജകുടുംബത്തിലെ ബൈക്ക് പ്രേമിയാണ് വില്യം രാജകുമാരൻ. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടേയും മൂത്ത പുത്രൻ വില്യമിന്റെ ഗ്യാരേജിൽ സൂപ്പർബൈക്കുകളുടെ നീണ്ട നിര തന്നെയുണ്ട്. ഡ്യുക്കാറ്റി 1198 എസ്, ഡ്യുക്കാറ്റി 1.98 ആർ, ഹോണ്ട ബ്ലാക്ക്ബേർഡ്, ട്രയംഫ് ഡയറ്റോണ തുടങ്ങിയ ബൈക്കുകൾ സ്വന്തമായുള്ള വില്യമിന്റെ കണ്ണ് ഇത്തവണ ഉടക്കിയത് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650യിൽ.

കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ സംഗമത്തിന്റെ ആദ്യ ദിവസം സംഘടിപ്പിച്ച് വെൽക്കം ടു ദ യുകെ റിസപ്ഷനിലാണ് വില്യം രാജകുമാരന്റെ കണ്ണ് ഇന്റർസെപ്റ്ററിൽ ഉടക്കിയത്. ചടങ്ങിൽ സന്നിഹിതനായിരുന്ന റോയൽ എൻഫീൽഡ് സിഇഒ സിദ്ധാർഥ ലാലിനോട് ഇന്റർസെപ്റ്ററിനെ പറ്റി കൂടുതൽ ചോദിച്ച് മനസിലാക്കുകയും ചെയ്തു എന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിൽ പുറത്തിറക്കുന്നതിന്റെ മുന്നോടിയായിട്ടാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ പ്രദർശിപ്പിച്ചത്.

ഇറ്റലിയിലെ മിലാനിൽ നടന്ന ടൂവീലർ മോട്ടോർ ഷോയിലാണ് റോയൽ എൻഫീൽ‍ഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ ആദ്യമായി പ്രദർശിപ്പിച്ചത്. ചരിത്രത്തിലാദ്യമായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായി എത്തുന്ന ബൈക്കുകളാണ് രണ്ടും. റോയൽ എൻഫീൽഡിന്റെ തന്നെ ഇന്റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്റൽ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററും ചെന്നൈയിലെ ടെക്നിക്കൽ സെന്ററും സംയുക്തമായാണു പുതിയ എൻജിൻ വികസിപ്പിച്ചത്.