Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേഡ് പാർട്ടി ഇൻഷുറൻസ് പോളിസി കാലാവധി നീട്ടുന്നു

car-insurance

തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പോളിസികളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് രാജ്യത്തെ ഇൻഷുറൻസ് മേഖലയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഇൻഷുറൻസ് റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ(ഐ ആർ ഡി എ). കൂടുതൽ പേർ ഇത്തരം പോളിസികൾ വാങ്ങുന്നെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഐ ആർ ഡി എയുടെ പുതിയ നീക്കം. ഇരുചക്രവാഹനങ്ങൾക്കുള്ള തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പോളിസികളുടെ കുറഞ്ഞ കാലാവധി അഞ്ചു വർഷമായും  നാലു ചക്രവാഹനങ്ങൾക്കുള്ളത് നാലു വർഷമായും വർധിപ്പിക്കാനാണ് ഐ ആർ ഡി എയുടെ വിജ്ഞാപനം. നിലവിൽ ഓരോ വർഷ കാലാവധിയോടെയാണ് തേഡ് പാർട്ടി പരിരക്ഷയുള്ള മോട്ടോർ ഇൻഷുറൻസ് പോളിസികൾ ലഭിക്കുന്നത്. 

ഇന്ത്യയിലെ പൊതുഗതാഗത, സ്വകാര്യ വാണിജ്യ വാഹനങ്ങൾക്കെല്ലാം തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് നിർബന്ധമാണ്. അപകടഘട്ടത്തിൽ തേഡ് പാർട്ടിക്കു നഷ്ടപരിഹാരം നൽകേണ്ടി വരുന്നതു മൂലമുള്ള ബാധ്യത നേരിടുകയാണ് ഇത്തരം പോളിസികളുടെ ലക്ഷ്യം. അതേസമയം, നിയമപ്രകാരം നിർബന്ധമാണെങ്കിലും നിരത്തിലുള്ള വാഹനങ്ങളിൽ പകുതിയെണ്ണത്തിനും തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയില്ലെന്നാണ് ഐ ആർ ഡി എയുടെ കണക്ക്. 

വർഷാവർഷം പോളിസി പുതുക്കണമെന്ന വ്യവസ്ഥ ഒഴിവാകുന്നതോടെ ഈ സ്ഥിതിക്കു മാറ്റം വരുമെന്നാണ് ഐ ആർ ഡി എ കരുതുന്നത്. ഇൻഷുറൻസ് ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം ഉയരുന്നതോടെ പ്രീമിയം വരുമാനം വർധിക്കുമെന്നതിനാൽ നിരക്കിൽ ഇളവുണ്ടാവുകുമെന്നും അതോറിട്ടി കണക്കുകൂട്ടുന്നു. പോരെങ്കിൽ ദീർഘകാലത്തേക്ക് പ്രീമിയം നിരക്ക് മാറ്റമില്ലാതെ തുടരുമെന്നത് പോളിസി ഉടമകൾക്കും ഗുണകരമാവുമെന്നാണ് ഐ ആർ ഡി എയുടെ പ്രതീക്ഷ.

തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസിന്റെ വ്യാപനം വർധിപ്പിക്കാൻ ശരിയായ ദിശയിലുള്ള തീരുമാനമാണ് ഐ ആർ ഡി എ സ്വീകരിച്ചിരിക്കുന്നതെന്ന് സ്വകാര്യ മേഖലയിലെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തപൻ സിംഘെൽ അഭിപ്രായപ്പെട്ടു. എന്നാൽ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ ദീർഘകാലയളവിനിടെ നിയമങ്ങളിൽ മാറ്റം വരാനുള്ള സാധ്യത നഷ്ടപരിഹാര ബാധ്യത ഉയരാൻ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പ്രീമിയം നിരക്ക് സംബന്ധിച്ച് ഐ ആർ ഡി എയിൽ നിന്ന് വ്യക്തമായ മാനദണ്ഡങ്ങൾക്കായി കാത്തിരിക്കുകയാണു കമ്പനികൾ. ഒപ്പം ഇപ്പോൾ വാർഷിക പോളിസി അനുവദിക്കുന്ന പ്രീമിയം നിരക്കിൽ ദീർഘകാല പോളിസികൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ഇന്ത്യയിൽ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം നിരക്ക് റഗുലേറ്റർമാരാണു നിർണയിക്കുന്നത്. ഒരു ലീറ്ററിൽ താഴെ എൻജിൻ ശേഷിയുള്ള കാറുകളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്ക് കഴിഞ്ഞ ഏപ്രിലിൽ 2,055 രൂപയിൽ നിന്ന് 1,850 രൂപയായി ഐ ആർ ഡി എ കുറച്ചിരുന്നു.