എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്?

auto-insurance
SHARE

നാളെ മുതൽ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവർ 'തേ‍ർഡ് പാർട്ടി' ഇൻഷുറൻസ് ഇനത്തിൽ കൂടുതൽ തുക ചെലവിടണം. കാറുകൾക്കു മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും പ്രീമിയം ഒന്നിച്ചടയ്ക്കണമെന്ന സുപ്രീം കോടതി നിർദേശം നാളെ മുതൽ നടപ്പാകുന്നതിനാലാണിത്. വർഷംതോറും ഇതു പുതുക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീർഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന്, മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി.

വാഹനം വാങ്ങുമ്പോൾ എടുക്കുന്ന കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. സ്വന്തം വാഹനത്തിന്റെ കേടുപാടിനോ നഷ്ടത്തിനോ ധനസഹായ പരിരക്ഷയേകുന്ന ഓൺ ഡാമേജ് (own damage) ഘടകം, ഈ വാഹനം മൂലം മറ്റു വ്യക്തികൾക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാർട്ടി ഇൻഷുറൻസ് (third party insurance).

വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം

തേർഡ് പാർട്ടി ഇൻഷുറൻസ്

വാഹനാപകടം മൂലം പൊതുജനങ്ങൾക്കോ അവരുടെ മുതലിനോ വസ്തുവകകൾക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് ഈ പോളിസിയിലൂടെ കവർ ചെയ്യുന്നത്. പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം. എന്നാൽ വസ്തുവകകൾക്കു നാശം സംഭവിച്ചാൽ നൽകാവുന്ന പരമാവധി സംഖ്യ 7.5 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.

പാക്കേജ് പോളിസി

തേർഡ് പാർട്ടിയോടൊപ്പം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു കൂടി പരിരക്ഷ നൽകുന്നതാണ് പാക്കേജ് പോളിസി. ബംപർ ടു ബംപർ, ഫുൾകവർ, നിൽ ഡിപ്രിസിയേഷൻ പോളിസി എന്നും ഇതിനെ പറയുന്നു. പാക്കേജ് പോളിസിയാണെങ്കിൽ വാഹനത്തിന്റെ എല്ലാം ഘടകങ്ങൾക്കും (ഫൈബർ, റബർ, പ്ലാസ്റ്റിക്, ഗ്ലാസ് അടക്കം) തേയ്മാനം കണക്കാക്കാതെ ഇൻഷുറൻസ് ലഭിക്കും. പാക്കേജ് പോളിസിയിൽ ക്ലെയിം ഉണ്ടായാൽ ഒരു നിശ്ചിത തുക വരെ ക്ലെയിം ചെയ്യാൻ പാടില്ല എന്ന നിബന്ധനയുണ്ട്. ഇതിനെ കംപൽസറി എക്സസ് എന്നാണു പറയുക. ഉദാ: സ്വകാര്യ കാറുകൾക്ക് 1000-1500 രൂപവരെ ക്ലെയിം നൽകാറില്ല.

തീപിടിത്തം, സ്ഫോടനം, സ്വയം തീപിടിക്കൽ, ഇടിമിന്നൽ, കളവ്, ജനക്ഷോഭം, പണിമുടക്ക്, ആകസ്മികമായ ബാഹ്യകാരണങ്ങൾ, ദ്രോഹപരമായ പ്രവൃത്തികൾ പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, ഭൂമികുലുക്കം, മലയിടിച്ചിൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി മുതലായവ മൂലം വാഹനത്തിനു നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA