ഇരട്ട വർണ പകിട്ടോടെ മോജൊ എക്്സ ടി

മഹീന്ദ്ര ടു വീലേഴ്സ് ശ്രേണിയിലെ ഏക ബൈക്കായ ‘മോജൊ’ പുതിയ ഇരട്ട വർണ സങ്കലനത്തിൽ വിൽപ്പനയ്ക്കെത്തി. വില കുറഞ്ഞ വകഭേദമായ ‘മോജൊ യു ടി’യിലെ നീല, വെള്ളി നിറങ്ങളുടെ സംഗമത്തോടെയാണ് ഇപ്പോൾ ‘മോജോ’യും  ലഭ്യമാവുന്നത്. മറ്റു മാറ്റങ്ങളൊന്നുമില്ലാത്ത ‘മോജൊ’യ്ക്ക് 1.79 ലക്ഷം രൂപയാണു ഷോറൂം വില. ഇക്കൊല്ലം ആദ്യം താരതമ്യേന വില കുറഞ്ഞ പതിപ്പായ ‘മോജൊ യു ടി ’എത്തിയതോടെയാണു മഹീന്ദ്ര ‘മോജൊ’യുടെ പേര് ‘മോജൊ എക്സ് ടി 300’ എന്നു മാറ്റിയത്. മഹീന്ദ്രയുടെ ‘എക്സ്ട്രീം ടൂററി’നു കരുത്തേകുന്നത് 295 സി സി, ഓയിൽ കൂൾഡ് എൻജിനാണ്. പരമാവധി 26.8 ബി എച്ച് പി വരെ കരുത്തും 30 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനുള്ള ‘എക്സ് ടി 300’ മത്സരിക്കുന്നത് ബജാജ് ‘ഡൊമിനർ 400’ പോലുള്ള മോഡലുകളോടാണ്. അതേസമയം വില കുറവുള്ള ‘യു ടി 300’ ബൈക്കിൽ കാർബുറേറ്റഡ് എൻജിനാണു മഹീന്ദ്ര ഘടിപ്പിച്ചിരിക്കുന്നത്. ആറു സ്പീഡ് ട്രാൻസ്മിഷനും 21 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്കുമായാണു ‘മോജൊ’യുടെ വരവ്.  ആദ്യമായി അനാവരണം ചെയ്ത് ആറു വർഷം പിന്നിടുമ്പോഴായിരുന്നു മഹീന്ദ്ര ‘മോജൊ’ വിൽപ്പനയ്ക്കെത്തിച്ചത്. സുഗമമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സിംഗിൾ സിലിണ്ടർ എൻജിനും ഫാക്ടറിയിൽ ഘടിപ്പിച്ച പിരെലി ഡയബ്ലോ റോസൊ ടു ടയറുകളുമായിരുന്നു ഈ ടൂറിങ് ബൈക്കിലെ പ്രധാന ആകർഷണങ്ങൾ. വിൽപ്പന വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു മഹീന്ദ്ര ബൈക്കിന്റെ വില കുറഞ്ഞ പതിപ്പ് പിന്നീട് വിപണിയിലിറക്കിയത്. 

ഇരട്ട എക്സോസ്റ്റ്, ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം, പിരേലി ടയർ തുടങ്ങിയവയൊക്കെ ഒഴിവാക്കിയാണു മഹീന്ദ്ര ‘മോജൊ യു ടി 300’ സാക്ഷാത്കരിച്ചത്.  നിലവിൽ ‘മോജൊ’യിലൊതുങ്ങുന്ന മോഡൽ ശ്രേണി ‘ജാവ’യിൽ നിന്നുള്ള പുത്തൻ ബൈക്കുകൾ കൂടി ഉൾപ്പെടുത്തി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണു മഹീന്ദ്ര ടു വീലേഴ്സ്.ഇക്കൊല്ലം അവസാനത്തോടെ ‘ജാവ’ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതിഹാസ മാനങ്ങളുള്ള പേരിനോടു നീതിപുലർത്താൻ പഴമയുടെ സ്പർശമുള്ള രൂപകൽപ്പനയാവും ‘ജാവ’ ബൈക്കുകൾ പിന്തുടരുകയെന്നാണു സൂചന. ബൈക്കുകൾക്കു കരുത്തേകുക ‘മോജൊ’യിലൂടെ മികവു തെളിയിച്ച 295 സി സി എൻജിൻ തന്നെയാവും.