28 മാസം, 3 ലക്ഷം യൂണിറ്റുകൾ, റെക്കോർഡ് തകർത്ത് മാരുതി ബ്രെസ

കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ‌ റെക്കോർഡ് തിളക്കവുമായി മുന്നേറുകയാണ് മാരുതി വിറ്റാര ബ്രെസ. പുറത്തിറങ്ങി 28 മാസം കൊണ്ട് 3 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തി ഫാസ്റ്റസ്റ്റ് സെല്ലിങ് എസ്‌യുവി എന്ന പേര് സ്വന്തമാക്കിയിരിക്കുന്നു ബ്രെസ. ഡീസൽ എൻജിൻ മാത്രമായി വിപണിയിലെത്തിയ ബ്രെസയുടെ ഓട്ടമാറ്റിക്ക് വകഭേദം പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ്.

2016 മാർച്ചിൽ പുറത്തിറങ്ങിയ ബ്രെസ തുടക്കം തന്നെ ടോപ് ടെൻവാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. അരങ്ങേറ്റം കുറിച്ച് മൂന്നു മാസത്തിനുള്ളിലാണ് ഈ നേട്ടം. ലോകപ്രശസ്ത സുസുക്കി എസ് യു വിയായ വിറ്റാരയുടെ പേരിൽ മാരുതി ഇറക്കിയ വാഹനം. ഇതുവരെ ഇറങ്ങിയിട്ടുള്ള ആഗോള വിറ്റാരകളെയെല്ലാം വിൽപ്പന കണക്കുകളിൽ കടത്തിവെട്ടി.

എസ് യു വിയുടെ രൂപവും മികച്ച സൗകര്യങ്ങളിലും സംവിധാനങ്ങളും മാരുതിയുടെ വിശ്വാസ്യതയുമാണ് വിറ്റാര ബ്രെസയെ ഇന്ത്യയിലെ ജനപ്രിയ കോംപാക്റ്റ് എസ് യു വിയാക്കി മാറ്റിയത്. നിലവിൽ 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രെസ’ വിൽപ്പനയ്ക്കുള്ളത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഗീയർബോക്സുകളാണ് ട്രാൻസ്മിഷൻ. പെട്രോൾ എൻജിനുള്ള വിറ്റാര ഉടൻ വിപണിയിലെത്തും.