Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് എക്സ്ട്രീം 200 ആർ; ബംഗാളിൽ വില 88,000 രൂപ

hero-xtreme-200r Hero Xtreme 200 R

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ‘എക്സ്ട്രീം 200 ആർ’ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. തുടക്കമെന്ന നിലയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാളിലെയും ‘ഹീറോ എക്സ്ട്രീം 200 ആർ’ വില കമ്പനി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അസം, അരുണാചൽ പ്രദേശ്, മേഘാലയ, മണിപൂർ, മിസോറം, നാഗാലൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ബംഗാളിലും 88,000 രൂപയാവും ‘എക്സ്ട്രീം 200 ആറി’ന്റെ ഷോറൂം വില. 

ഇതോടെ തികച്ചും മത്സരക്ഷമമായ വിലയ്ക്കാവും ഹീറോ ‘എക്സ്ട്രീം 200 ആറി’നെ വിൽപ്പനയ്ക്കെത്തിക്കുകയെന്നു വ്യക്തമായി. ഈ വിലനിലവാരത്തിൽ 200 സി സി എൻജിനുള്ള ബൈക്കുകളോടു മാത്രമല്ല 160 — 180 സി സി വിഭാഗത്തോടും ഫലപ്രദമായി പോരാടാൻ ഹീറോയ്ക്കാവുമെന്നാണു വിലയിരുത്തൽ.

ടി വി എസ് ‘അപാച്ചെ ആർ ടി ആർ 200 ഫോർ വി’, ബജാജ് പൾസർ ‘എൻ എസ് 200’ എന്നിവയാണ് ‘എക്സ്ട്രീം 200 ആറി’ന്റെ പ്രധാന എതിരാളികൾ. അസമിൽ ടി വി എസ് ‘അപാച്ചെ ആർ ടി ആർ 200 ഫോർ വി’യുടെ വില 1.03 ലക്ഷം രൂപ മുതലാണ്; 200 സി സി ‘പൾസറി’ന് 1.01 ലക്ഷം രൂപയും. 160 സി സി എൻജിനുള്ള സുസുക്കി ‘ജിക്സറി’ന്റെ ഗുവാഹത്തിയിലെ ഷോറൂം വിലയാവട്ടെ 82,400 രൂപയാണ്. ‘അപാച്ചെ 160 ഫോർ വി’യുടെ വിലയാവട്ടെ 84,500 രൂപയും. അതുകൊണ്ടുതന്നെ ഈ വില നിലവാരത്തിലെത്തുന്ന ‘എക്സ്ട്രീം 200 ആർ’ ടി വി എസിന്റെയും ബജാജിന്റെയും 200 സി സി ബൈക്കുകൾക്കു മാത്രമല്ല, 160 — 180 സി സി എൻജിനുള്ള മോഡലുകൾക്കും കനത്ത വെല്ലുവിളി സൃഷ്ടിച്ചേക്കും. 

ഹീറോ ‘എക്സ്ട്രീം 200 ആറി’നു കരുത്തേകുക 200 സിസി, സിംഗിൾ സിലിണ്ടർ, കാർബുറേറ്റഡ് എയർ കൂൾഡ്, ഇരട്ട വാൽവ് എൻജിനാണ്. 8,000 ആർ പി എമ്മിൽ 18.1 ബി എച്ച് പി വരെ കരുത്തും 6,500 ആർ പി എമ്മിൽ 17.1 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനത്തോടെ എത്തുന്ന ബൈക്ക് അഞ്ചു നിറങ്ങളിലാണു വിൽപ്പനയ്ക്കുണ്ടാവുക: ഹെവി ഗ്രേ വിത്ത് ഓറഞ്ച്, ബ്ലാക്ക് വിത്ത് സ്പോർട്സ് റെഡ്, സ്പോർട്സ് റെഡ്, പാന്തർ ബ്ലാക്ക് വിത്ത് ഫോഴ്സ് സിൽവർ, ടെക്നോ ബ്ലൂ.