എത്തുന്നു ഫെയിം ഇന്ത്യ 2, പരിഗണിക്കുന്നത് 9,381 കോടി രൂപയുടെ ധനസഹായം

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നടപ്പാക്കുക ലഭ്യത മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ. വൈദ്യുത വാഹന വിഭാഗത്തിൽ പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണവും വികസനവുമടക്കമുള്ള പദ്ധതികൾക്കാവും ‘ഫെയിം ഇന്ത്യ 2’ മുൻഗണന നൽകുക. 

ലിതിയം അയോൺ ബാറ്ററി, വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള വൈദ്യുത മോട്ടോർ, ബാറ്ററി മാനേജ്മെന്റ് സംവിധാനം തുടങ്ങിയ മേഖലകളിലെ ഗവേഷണ, വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ മന്ത്രി ബാബുൽ സുപ്രിയോ ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ വെളിപ്പെടുത്തി. പരമ്പരാഗത ആന്തരിക ജ്വലന എൻജിനുകളിൽ നിന്ന് വൈദ്യുത, സങ്കര ഇന്ധന, ഇന്ധന സെൽ സാങ്കേതികവിദ്യകളിലേക്ക് മാറേണ്ടത് ഇന്ത്യൻ വാഹന വ്യവസായത്തിന് അനിവാര്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ചു വർഷത്തിനിടെ ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 9,381 കോടി രൂപയുടെ ധനസഹായമാണു കേന്ദ്ര മന്ത്രിസഭ പരിഗണിക്കുന്നത്. ഈ വിഷയത്തിലെ അന്തിമ തീരുമാനം വരുംമാസങ്ങളിലുണ്ടാവുമെന്നാണു പ്രതീക്ഷ.

അതിനിടെ ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ആദ്യഘട്ടം ഇക്കൊല്ലം സെപ്റ്റംബർ അവസാനം വരെ ദീർഘിപ്പിച്ചിട്ടുണ്ട്. തുടർന്നാവും പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുക. ആദ്യഘട്ടത്തിൽ വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ വാങ്ങുന്നവർക്കാണു സർക്കാർ സഹായധനം അനുവദിച്ചിരുന്നത്; ഇരുചക്രവാഹനങ്ങൾക്ക് 29,000 രൂപയും കാറുകൾക്ക് 1.38 ലക്ഷം രൂപയുമായിരുന്നു സഹായം.