ഫെയിം ഇന്ത്യ: രണ്ടാം ഘട്ടത്തിന് 4,000 കോടി

Fame India

വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര ധനമന്ത്രാലയം 4,000 കോടി രൂപ അനുവദിച്ചേക്കും. അടുത്ത അഞ്ചു വർഷക്കാലം വൈദ്യുത, സങ്കര ഇന്ധന വാഹന വിഭാഗത്തിനു സബ്സിഡി നൽകാൻ 12,200 കോടി രൂപയാണു കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.

രണ്ടാം ഘട്ടത്തിൽ വൈദ്യുത ബസ്സുകൾക്കു മാത്രമാവും ‘ഫെയിം ഇന്ത്യ’ പദ്ധതി വഴി സഹായധനം ലഭിക്കുകയെന്നാണു സൂചന. ഒപ്പം എല്ലാത്തരം വാഹനങ്ങളുടെയും ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും സഹായം അനുവദിക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വ്യാപനത്തിനായി 2015ലാണ് കേന്ദ്ര സർക്കാർ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇന്ത്യ ഇന്ത്യ(ഫെയിം ഇന്ത്യ) പദ്ധതി നടപ്പാക്കിയത്. നിലവിൽ പ്രതിമാസ അടിസ്ഥാനത്തിലാണു വാഹന നിർമാതാക്കൾക്കു സർക്കാർ ‘ഫെയിം ഇന്ത്യ’ പദ്ധതി വഴിയുള്ള സബ്സിഡി അനുവദിക്കുന്നത്. 

‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ഒന്നാം ഘട്ട പ്രകാരം സങ്കര ഇന്ധന, വൈദ്യുത കാറുകളും ഇരുചക്ര — ത്രിചക്രവാഹനങ്ങളും വാങ്ങുന്നവർക്ക് സബ്സിഡി അനുവദിക്കുന്നുണ്ട്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ബാറ്ററിയിൽ ഓടുന്ന സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 1,800 മുതൽ 29,000 രൂപ വരെയുള്ള സഹായധനമാണു ലഭിക്കുക. ത്രിചക്രവാഹനങ്ങൾക്ക് അനുവദിക്കുന്ന സഹായധനമാവട്ടെ 3,300 രൂപ മുതൽ 61,000 രൂപ വരെയാണ്. 

‘ഫെയിം ഇന്ത്യ’യുടെ രണ്ടാം ഘട്ടം സംബന്ധിച്ച വിശദ പദ്ധതി രണ്ടാഴ്ചയ്ക്കകം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നാണു പ്രതീക്ഷ. പദ്ധതിക്ക് അനുവദിക്കേണ്ട വിഹിതം സംബന്ധിച്ച് കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറിയും ഘന വ്യവസായ സെക്രട്ടറിയുമായി നടന്ന കൂടിക്കാഴ്ചയിൽ ധാരണയായെന്നാണു സൂചന.  ‘ഫെയിം ഇന്ത്യ’യുടെ ആദ്യഘട്ടത്തിന്റെ കാലാവധി സെപ്റ്റംബർ വരെയോ രണ്ടാം ഘട്ടത്തിന് അംഗീകാരം ലഭിക്കുംവരെയോ ആയി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരുന്നു.