വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് തുക കുത്തനെ കൂട്ടി

കൊച്ചി∙ തേഡ് പാർട്ടി ഇൻഷുറൻസ് തുക കുത്തനെ കൂട്ടിയതിനെ തുടർന്ന് ജനറൽ ഇൻഷുറൻസ് കമ്പനികളിൽ വാഹന ഉടമകളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം.

കഴിഞ്ഞ തിങ്കൾ മുതലാണ് പുതിയ നിരക്കുകൾ നടപ്പിലായത്. മിക്ക വാഹനങ്ങൾക്കും തേഡ് പാർട്ടി ഇൻഷുറൻസ് പുതുക്കാൻ ചെല്ലുമ്പോൾ തുക ഇരട്ടിയിലേറെ എന്ന അനുഭവമാണ്. വാഹനത്തിന്റെ ഉടമ അപകടത്തിൽ മരിച്ചാൽ ടു വീലർ ഉടമയുടെ നോമിനിക്ക് മുമ്പ് നഷ്ടപരിഹാരമായി ഒരു ലക്ഷവും ത്രീവീലർ അല്ലെങ്കിൽ ഫോർവീലർ ഉടമയുടെ നോമിനിക്ക് രണ്ടു ലക്ഷവും ലഭിച്ചിരുന്നത് ചെന്നൈ ഹോക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 15 ലക്ഷമായി ഉയർത്തിയിരുന്നു. അതോടെ ഈ വിഭാഗത്തിലുള്ള പ്രീമിയം മുമ്പ് 50 രൂപ മാത്രമായിരുന്നത് 750 രൂപയായി ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി വർധിപ്പിച്ചു. അതോടൊപ്പം 18% ജിഎസ്ടിയും ചേരുമ്പോഴുള്ള തുകയാണ് ഇപ്പോൾ അടയ്ക്കേണ്ടത്.

ഉദാഹരണത്തിന് 75 സിസി മുതൽ 150 സിസി വരെയുള്ള ടു വീലറുകൾക്ക് മുമ്പ് 908 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അടയ്ക്കേണ്ടത് 1735 രൂപ. 75 സിസിയിൽ താഴെയുള്ള ചെറിയ ടുവീലറുകൾക്ക് മുമ്പ് 563 രൂപ മാത്രം തേഡ് പാർട്ടി ഇൻഷുറൻസ് നൽകേണ്ടിയിരുന്നത് ഇപ്പോൾ 1389 രൂപയായി. ഇരട്ടിയിലേറെ.

ടുവീലർ 150 സിസിക്കു മുകളിലുള്ളതിന് മുമ്പ് 1221 രൂപ.നിലവിൽ 2047 രൂപ. 350സിസിക്ക് മുകളിലുള്ള ടുവീലറിന് മുമ്പ് 2800 രൂപ ഇപ്പോൾ 3625 രൂപ.

കാറുകൾ– ബ്രായ്ക്കറ്റിൽ പഴയ നിരക്ക്– 1000സിസിയിൽ താഴെ 3127 രൂപ. (2360), 1000 സിസി മുതൽ 1500 സിസി വരെ–4322 (3555), 1500 സിസിക്ക് മുകളിൽ 10254.(9488) ഓട്ടോ റിക്‌ഷ–8400 രൂപ. (7632)